സഞ്ജയ് രാജിന് ഫിഫ്റ്റി; ആലപ്പി റിപ്പിള്‍സിനെ 6 വിക്കറ്റിന് തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ ആറു വിക്കറ്റിന് തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. ആദ്യം ബാറ്റ് ചെയ്ത് ആലപ്പി ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി കാലിക്കറ്റ് മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ സഞ്ജയ് രാജിന്റെ പ്രകടനമാണ് കാലിക്കറ്റിന്റെ ജയം എളുപ്പമാക്കിയത്. 48 പന്തുകള്‍ നേരിട്ട സഞ്ജയ് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 75 റണ്‍സോടെ പുറത്താകാതെ നിന്നു. സഞ്ജയാണ് കളിയിലെ താരവും.
21 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ലിസ്റ്റന്‍ അഗസ്റ്റിന്‍, സഞ്ജയ്ക്ക് ഉറച്ച പിന്തുണ നല്‍കി. രണ്ട് സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു ലിസ്റ്റന്റെ ഇന്നിങ്‌സ്. എം. അജിനാസ് (2), ഒമര്‍ അബൂബക്കര്‍ (0), രഹന്‍ സായ് (14) എന്നിവരുടെ വിക്കറ്റുകളാണ് കാലിക്കറ്റിന് നഷ്ടമായത്.
വൈശാഖ് ചന്ദ്രനെറിഞ്ഞ 16-ാം ഓവറിലെ അവസാന പന്ത് സിക്സ് പായിച്ച് സല്‍മാന്‍ നിസാറാണ് കാലിക്കറ്റിനു വേണ്ടി വിജയ റണ്‍ നേടിയത്. സല്‍മാന്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തേ അക്ഷയ് ടി.കെയുടെ ഇന്നിങ്‌സ് മികവിലാണ് ആലപ്പി 20 ഓവറില്‍ എട്ടിന് 144 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 45 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് (15) തിളങ്ങാന്‍ സാധിക്കാതിരുന്നതോടെ ആലപ്പി പതറി. ഓപ്പണര്‍ കൃഷ്ണപ്രസാദ് (1), വിനൂപ് മനോഹരന്‍ (6) എന്നിവര്‍ നിരാശപ്പെടുത്തി. 27 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ആസിഫ് അലി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കാലിക്കറ്റിനു വേണ്ടി ക്യാപ്റ്റന്‍ അഖില്‍ സ്‌കറിയ നാലു ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, ഫിനെസ് തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി.
Content Highlights: Calicut Globestars secured a convincing 6-wicket victory against Alleppey Ripples in the kcl