ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്ത് വരുണ്‍; തൃശൂരിന്റെ വിജയം അനായാസമാക്കിയ ബാറ്റിങ് വെടിക്കെട്ട്

മഴ പല തവണ തടസ്സപ്പെടുത്തിയ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത് ക്യാപ്റ്റന്‍റെ ബാറ്റിങ് മികവ്. പുറത്താകാതെ 64 റൺസാണ് ടീം ക്യാപ്റ്റൻ കൂടിയായ വരുൺ നായനാർ അടിച്ചെടുത്തത്. ലീഗിൽ വരുണിന്‍റെ ആദ്യ അർധ സെഞ്ചുറി കൂടിയായിരുന്നു ഞായറാഴ്ചത്തേത്ത്. വരുൺ തന്നെയാണ് മാൻ ഓഫ് ദി മാച്ചും
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ടൈറ്റൻസ് കരുത്തരായ കൊച്ചിയെ 16 ഓവറിൽ 130 റൺസിന് ഒതുക്കി. മറുപടി ബാറ്റിങ്ങിൽ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ വരുണിൻ്റെ ഇന്നിങ്സാണ് തൃശൂരിന്‍റെ വിജയം അനായാസമാക്കിയത്. തുടക്കത്തിൽ തന്നെ ആനന്ദ് സാഗറിന്‍റെയും അഭിഷേക് പ്രതാപിന്‍റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും പകരമെത്തിയ വിഷ്ണു വിനോദ് വരുണിന് മികച്ച പിന്തുണയായി. 33 പന്തിൽ 46 റൺസാണ് വിഷ്ണു എടുത്തത്.
കഴിഞ്ഞ മത്സരങ്ങളിൽ മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ പോയ വരുൺ പക്ഷേ കൊച്ചിക്കെതിരെ മികച്ച ഫോമിലായിരുന്നു. ആദ്യ ഓവറിൽ തന്നെ ബേസിൽ തമ്പിയെ ബൗണ്ടറി കടത്തിയാണ് വരുൺ തുടങ്ങിയത്. മൈതാനത്തിന്‍റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച വരുൺ പേസ് - സ്പിൻ വ്യത്യാസമില്ലാതെ ബൗളർമാരെ അനായാസം നേരിട്ടു.
അജയ്ഘോഷ് എറിഞ്ഞ 12-ാം ഓവറിൽ രണ്ട് സിക്സ് നേടിയ വരുൺ തൊട്ടടുത്ത ഓവറിൽ ബേസിൽ തമ്പിയെയും സിക്സർ പറത്തി അർധസെഞ്ച്വറിയും പൂർത്തിയാക്കി. വിജയത്തിനരികെ വിഷ്ണു വിനോദ് പുറത്തായെങ്കിലും അക്ഷയ് മനോഹറിനൊപ്പം ചേർന്ന് വരുൺ തൃശൂരിനെ വിജയത്തിലെത്തിച്ചു. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു വരുണിന്‍റെ ഇന്നിങ്സ്.
സാക്ഷാൽ ഇ.കെ. നായനാരുടെ കുടുംബത്തിലാണ് വരുണിന്‍റെ ജനനം. ദുബായിൽ കളിച്ചുവളർന്ന വരുണിന്‍റെ കരിയറിൽ നിർണ്ണായകമായത് കേരളത്തിന്‍റെ രഞ്ജി ക്യാപ്റ്റൻ കൂടിയായിരുന്ന സോണി ചെറുവത്തൂരിന്‍റെ ശ്രദ്ധയിൽപ്പെട്ടതാണ്. ജൂനിയർ ക്രിക്കറ്റിൽ വിസ്മയതാരമായിട്ടായിരുന്നു ഏതാനും വർഷം മുൻപ് വരുൺ വരവറിയിച്ചത്. 16-ാം വയസിൽ കേരള അണ്ടർ 19 ടീമിനു വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഡബിൾ സെഞ്ചുറി നേടിയ താരം. 370 പന്തിൽ 25 ബൗണ്ടറികളുമായി 209 റൺസായിരുന്നു അന്ന് വരുൺ നേടിയത്.
കേരളത്തിന് വേണ്ടി ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമായിരുന്നു അന്ന് വരുൺ സ്വന്തമാക്കിയത്. ആ മികവ് വരുണിന് ഇന്ത്യൻ അണ്ടർ -19 ടീമിലേക്കും വഴി തുറന്നു. താമസിയാതെ കേരള രഞ്ജി ടീമിലേക്കും. 7.2 ലക്ഷം രൂപയ്ക്കാണ് തൃശൂര്‍ ടൈറ്റന്‍സ് വരുണ്‍ നായനാരെ സ്വന്തമാക്കിയത്.
Content Highlights: Captain Varun Nayanar's batting made victory of Thrissur Titans easier in Kerala Cricket League