അമ്പമ്പോ..... അരയിലുണ്ട് അഞ്ച് ഡബിൾ മുണ്ട്....

മിഴാവിൻ്റെ താളം മുറുകി. ഇടയ്ക്കയും കുഴി താളവും പെരുക്കം തീർത്തു. വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടം നിറഞ്ഞാടുകയാണ്. വേദിക്ക് പുറത്തെ തെങ്ങിൽ 'മാറ്റ്' കെട്ടിയൊതുക്കിയെടുക്കുകയാണ്, മിഴാവ് വാദകർ. കൂടിയാട്ടക്കാർ അരയിൽ കെട്ടുന്ന മാറ്റ് നിസ്സാരക്കാരനല്ല. നാലും അഞ്ചും ഡബിൾ മുണ്ടാണ് കഞ്ഞി മുക്കി നീളത്തിൽ കീറി ഒതുക്കി കെട്ടിയെടുക്കുന്നത്. തെങ്ങിൽ ചുറ്റി പരുവപ്പെടുത്തിയെടുക്കുന്ന മാറ്റ് അഴിച്ച് അരയിൽ കൊണ്ടുക്കെട്ടിയാൽ മതി.

എടപ്പാൾ മോഡേൺ എച്ച്.എസ് എസ്. ടീമിന് വേണ്ടി മാറ്റ് ഞൊറിഞ്ഞ് കെട്ടിയത് മിഴാവ് വാദകൻ അഭിമന്യുവാണ്. കലാമണ്ഡലത്തിൽ മിഴാവ് പി.ജി.വിദ്യാർഥിയാണ് അഭിമന്യു. 'ശ്രീരാമവേഷത്തിന് നാല് മുണ്ട് മതിയാകും. രാവണൻ, ബാലി തുടങ്ങി രൗദ്രഭാവമായാൽ ചുവപ്പ് പട്ടും ചേർത്ത് അഞ്ച് മുണ്ട് വേണം.' - അഭിമന്യു പറഞ്ഞു.

Content Highlights: Preparation of `Matt` for Koodiyattam performers at state school kalolsavam