ഒപ്പന മത്സരത്തിനിടെ കുഴഞ്ഞ് വീണ് വിദ്യാര്‍ത്ഥിനി, മത്സരം മുഴുമിപ്പിക്കാനാവാതെ വേദിവിട്ട് സംഘം

ഒപ്പന മത്സരത്തിനിടെ കുഴഞ്ഞ വീണ വിദ്യാര്‍ത്ഥിനി
ഒപ്പന മത്സരത്തിനിടെ കുഴഞ്ഞ വീണ വിദ്യാര്‍ത്ഥിനി

കൊല്ലം: ഒപ്പന മത്സരത്തിനിടെ വിദ്യാർഥിനി വേദിയിൽ തളർന്നുവീണു. ഇതിനെ തുടർന്ന് മത്സരം മുഴുമിപ്പിക്കാനാവാതെ സംഘത്തിന് വേദിവിടേണ്ടി വന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസ്‌.എസിലെ വിദ്യാർഥിനികൾ മത്സരിക്കുന്നതിനിടെയാണ് ടീമംഗം അൻസിയ കുഴഞ്ഞുവീണത്. കളിക്കിടെയുണ്ടായ അപ്രതീക്ഷിത വീഴ്ചയിൽ സഹമത്സരാർഥികളും പരിഭ്രാന്തരായി ഒപ്പന നിലച്ചു. കർട്ടൻ താഴ്ത്തി കുട്ടിയെ ഉടനെ തന്നെ വേദിയോട് ചേർന്ന മെഡിക്കൽ വിഭാഗത്തിലേക്ക് മാറ്റി പ്രാഥമിക ചികിത്സ ലഭ്യമാക്കി.

പിന്നാലെ ഇതേ ടീമിലെ മറ്റൊരു മത്സരാർത്ഥി ആസിയയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. മെഡിക്കൽ സംഘം ഇവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി. വെള്ളിയാഴ്ച പുലർച്ചെ തീവണ്ടി മാർഗ്ഗമാണ് കുട്ടികൾ മത്സരിക്കാനെത്തിയത്. ശാരീരിക ക്ഷീണം കാരണമുണ്ടായ തളർച്ചയാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മെഡിക്കൽ സംഘം അറിയിച്ചു. അൽപ്പനേരത്തെ വിശ്രമത്തിനും നിരീക്ഷണത്തിനും ശേഷമാണ് കുട്ടികളെ വിട്ടയച്ചത്.

Content Highlights: oppana contestant faint at school kalolsavam