'വൈഭവ് ആദ്യപന്തിൽ തന്നെ ഔട്ടായിരുന്നെങ്കിലോ? പാകിസ്താനിലാണെങ്കിൽ അവനെ പുറത്താക്കാൻ പറയും'

നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തികടത്തിയായിരുന്നു വൈഭവ് സൂര്യവംശി എന്ന 14-കാരന്റെ ഐപിഎൽ അരങ്ങേറ്റം. ലഖ്നൗ ബൗളർമാരെ തകർത്തടിച്ച് തുടങ്ങിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. 20 പന്തിൽ നിന്ന് 34 റൺസെടുത്ത് മടങ്ങുമ്പോൾ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തംപേരിലാക്കി. ഒട്ടേറെപേരാണ് വൈഭവിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയത്. വൈഭവ് ആദ്യപന്ത് തന്നെ സിക്സറടിച്ചത് വലിയ കാര്യമാണെന്ന് മുൻ ക്രിക്കറ്റ് താരം ബാസിത്ത് അലി പറഞ്ഞു. നേരത്തേ ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ അടക്കം വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
'14-കാരൻ വൈഭവ് സൂര്യവംശി. ആദ്യ പന്ത് തന്നെ സിക്സറടിച്ചത് വലിയ കാര്യമാണ്. ആദ്യ പന്ത് സിക്സറടിക്കാനുള്ള ശ്രമത്തിൽ ഔട്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്ന് ചിന്തിച്ചുനോക്കൂ? എന്തായിരിക്കും ആളുകൾ പറയുക? പാകിസ്താനിലാണെങ്കിൽ അവനെ പുറത്താക്കൂവെന്ന് ആളുകൾ പറയും. '- ബാസിത്ത് യൂട്യൂബ് ചാനലിൽ പറഞ്ഞു.
അഭിഷേക് ശർമയെയും തിലക് വർമയെയും ഗില്ലിനെയും ജയ്സ്വാളിനെയും നോക്കൂ. ആ ആത്മവിശ്വാസം നൽകിയതിന് പിന്നാലെയാണ് അവർ വലിയ താരങ്ങളായത്. വിരാട് കോലി, രോഹിത് ശർമ തുടങ്ങിയവർക്കെതിരേ കളിക്കുമ്പോൾ അവർ മികച്ചവരാകുന്നുവെന്നും ബാസിത്ത് കൂട്ടിച്ചേർത്തു.
അതേസമയം പാകിസ്താൻ സൂപ്പർ ലീഗിനെക്കാൾ മികച്ചതാണ് ഐപിഎല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഐപിഎല്ലിനെ ഒന്നാമതെന്ന് വിളിക്കുമ്പോൾ പാകിസ്താൻ സഹോദരങ്ങൾക്ക് വിഷമം തോന്നാം. ഐപിഎല്ലിൽ ഈ സീസണിൽ മാത്രമുള്ള കഴിവുറ്റ താരങ്ങളെ നോക്കൂ. നേഹൽ വധേര, പ്രിയാൻഷ് ആര്യ, അബ്ദുൾ സമദ്, അശ്വനി കുമാർ. എന്നാൽ എനിക്ക് മായങ്ക് യാദവിനെയാണ് കാണേണ്ടത്. മാച്ച് ഫിറ്റാകാൻ കാത്തിരിക്കുകയാണ്. അവന്റെ ബൗളിങ് കാണണം.' - ബാസിത്ത് പറഞ്ഞു.
എന്തൊരു അരങ്ങേറ്റമാണിതെന്നാണ് ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ എക്സിൽ കുറിച്ചത്. ഒരു എട്ടാം ക്ലാസുകാരൻ ഐപിഎല്ലിൽ കളിക്കുന്നത് കാണാൻ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദർ പിച്ചൈ കുറിച്ചു. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ വീഡിയോയും അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്. വൈഭവിന്റെ പ്രായം വിഷയമല്ലെന്നും സമ്മർദത്തിനടിപ്പെടാതെയാണ് ഇത്രയും വലിയ വേദിയിൽ വൈഭവ് കളിച്ചതെന്ന് കമന്റേറ്റർ ഹർഷ ഭോഗ്ളെ കുറിച്ചു. ക്രിക്കറ്റ് ലോകത്തിലെ അടുത്ത താരോദയമാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഒട്ടേറെ ക്രിക്കറ്റ് താരങ്ങൾ വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
2011-ൽ ജനിച്ച വൈഭവ്, 2008-ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. 2019-ൽ 16 വർഷവും 157 ദിവസവും പ്രായമുള്ളപ്പോൾ ആർസിബിക്കായി അരങ്ങേറ്റം കുറിച്ച പ്രയാസ് റായ് ബർമന്റെ പേരിലായിരുന്നു ഇതിനു മുമ്പ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്റെ റെക്കോഡ്.
കഴിഞ്ഞ വർഷം നടന്ന ഐപിഎൽ മെഗാ ലേലത്തിൽ, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ കരാർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു. 12 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച വൈഭവ്, രഞ്ജി ട്രോഫിയിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.
Content Highlights: vaibhav suryavanshi performance ipl debut basit ali response