അലസമായി ഓടി റണ്ണൗട്ടായി; മത്സര ശേഷം ശശാങ്കിന് കണക്കിന് കൊടുത്ത് ശ്രേയസ് അയ്യര്‍ | Video

അഹമ്മദ്ബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഫൈനലില്‍ കടന്നതിനു പിന്നാലെ സഹതാരം ശശാങ്ക് സിങ്ങിനെ ശാസിച്ച് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടന്നിരുന്നു. 41 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് പഞ്ചാബിന് ജയമൊരുക്കിയത്.
വിജയത്തിനു ശേഷം സഹതാരങ്ങള്‍ക്ക് കൈകൊടുക്കുന്നതിനിടെയാണ് ശ്രേയസ്, ശശാങ്ക് സിങ്ങിനോട് പരസ്യമായി ചൂടായത്. കൈകൊടുക്കുന്നതിനിടെ തന്റെ അടുത്തേക്ക് വന്ന ശശാങ്കിനോട് ദേഷ്യപ്പെട്ട് എന്തോ പറയുന്ന ശ്രേയസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താരത്തിന് കൈ കൊടുക്കാനും ശ്രേയസ് തയ്യാറാകാത്തതായി കാണാം.
മത്സരം ജയിച്ചിട്ടും ശ്രേയസിന്റെ ഈ പെരുമാറ്റം ആരാധകരെ അമ്പരപ്പിച്ചു. മത്സരത്തിനിടെ ശശാങ്ക് സിങ് റണ്ണൗട്ടായിരുന്നു. വിക്കറ്റിനു പിന്നിലെ അലസമായ ഓട്ടമാണ് താരത്തിന്റെ വിക്കറ്റ് നഷ്ടമാക്കിയത്. പഞ്ചാബ് ചേസിനിടെ 17-ാം ഓവറിലായിരുന്നു ഇത്. പഞ്ചാബിന് ജയിക്കാന്‍ 20 പന്തില്‍ 35 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തിലാണ് അശ്രദ്ധമായി ഓടി ശശാങ്ക് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ച് സിംഗിള്‍ പൂര്‍ത്തിയാക്കാന്‍ ശശാങ്ക് ശശാങ്ക് അലസമായി ഓടുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ പന്ത് എടുക്കുന്നത് കണ്ടാണ് പിന്നീട് ശശാങ്ക് ഓട്ടം വേഗത്തിലാക്കിയതെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഹാര്‍ദിക്കിന്റെ ത്രോ വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ ശശാങ്ക് ക്രീസിന് പുറത്തായിരുന്നു. താരത്തിന്റെ ഈ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് ശ്രേയസിനെ ദേഷ്യം പിടിപ്പിച്ചതെന്നാണ് ആരാധകപക്ഷം.