ഷെയിന്‍വോണിന്റെ ആ റെക്കോഡ് ഇനി പഴങ്കഥ; IPL-ല്‍ രാജസ്ഥാനൊപ്പം പുതിയചരിത്രം തുന്നിച്ചേര്‍ത്ത് സഞ്ജു

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന് രാജകീയമായ ജയം സമ്മാനിച്ചുകൊണ്ടാണ് സഞ്ജു സാംസണ്‍ തന്റെ ക്യാപ്റ്റനായുള്ള തിരിച്ചുവരവ് ആഘോഷിച്ചത്. സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന യശസ്വി ജയ്‌സ്വാളും (67) ജോഫ്ര ആര്‍ച്ചറും 3/25 ചേര്‍ന്നാണ് രാജസ്ഥാന് വിലപ്പെട്ട രണ്ട് പോയിന്റുകൾ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് ഒന്‍പത് വിക്കറ്റിന് 155 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ജയത്തോടെ രാജസ്ഥാന്‍ പട്ടികയില്‍ ഏഴാമതെത്തി.
മത്സരത്തിലൂടെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മറ്റൊരു ചരിത്രംകൂടി തുന്നിച്ചേര്‍ത്തിരിക്കുകയാണ് സഞ്ജു. ഫ്രാഞ്ചൈസിക്കുവേണ്ടി ഏറ്റവുംകൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന ഖ്യാതി സഞ്ജുവിന്റെ പേരിലായി. പ്രഥമ ഐപിഎലില്‍ രാജസ്ഥാന് കിരീടം നേടിക്കൊടുത്ത, അന്തരിച്ച ഷെയിന്‍ വോണിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്.
രാജസ്ഥാനെ 62 മത്സരങ്ങളില്‍ നയിച്ച സഞ്ജു, 32 എണ്ണത്തില്‍ ജയിച്ചു. ഇതോടെ 56 മത്സരങ്ങളില്‍ ടീമിനെ നയിച്ച് 31 വിജയങ്ങള്‍ നേടിയ വോണിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് പഴങ്കഥയായി. രാജസ്ഥാന്റെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡാണ് പട്ടികയില്‍ മൂന്നാമത്. ക്യാപ്റ്റനായിരിക്കേ, 23 വിജയങ്ങളാണ് ദ്രാവിഡ് നേടിയിരുന്നത്. സ്റ്റീവ് സ്മിത്ത് 15 മത്സരങ്ങളിലും അജിങ്ക്യ രഹാനെ ഒന്‍പത് മത്സരങ്ങളിലും രാജസ്ഥാനെ വിജയകരമായി നയിച്ചു.
ടീമിന്റെ മുഴുവൻസമയ ക്യാപ്റ്റനായുള്ള സഞ്ജുവിന്റെ നാലാം ഐപിഎല്‍ സീസണാണിത്. 2021-ലാണ് സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുന്നത്. പരിക്കുകാരണം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ക്യാപ്റ്റനായിരുന്നില്ല. റിയാന്‍ പരാഗായിരുന്നു പകരം ക്യാപ്റ്റന്‍.
Content Highlights: sanju samson became most successful captain of rajasthan royals