രഞ്ജിയിലെ കേരളത്തിന്റെ 'രക്ഷകനെ' ട്രയല്‍സിന് വിളിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

കേരള ക്രിക്കറ്റ് താരം സല്‍മാന്‍ നിസാര്‍ | Photo: KCA
കേരള ക്രിക്കറ്റ് താരം സല്‍മാന്‍ നിസാര്‍ | Photo: KCA

കോഴിക്കോട്: ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്രയല്‍സില്‍ പങ്കെടുത്ത് കേരള ക്രിക്കറ്റ് താരം സല്‍മാന്‍ നിസാര്‍. ഏപ്രില്‍ 27, 28 തീയതികളില്‍ ചെന്നൈയില്‍ വെച്ചായിരുന്നു ട്രയല്‍സെന്ന് സല്‍മാന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

''കേരള ടീമിന്റെ ഒമാന്‍ പര്യടനവുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു. മൂന്ന് മത്സരങ്ങളിലേ അവിടെ കളിച്ചുള്ളൂ. ആ സമയത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍നിന്ന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ വിളി വരുന്നത്. ഒമാനില്‍നിന്ന് നേരേ ചെന്നൈക്കാണ് പോയത്. ട്രയല്‍സില്‍ നന്നായി ചെയ്യാന്‍ പറ്റിയെന്നാണ് വിശ്വാസം. ബാക്കിയൊക്കെ അവരുടെ കൈയിലാണ്. ട്രയല്‍സില്‍ ചെന്നൈയുടെ പരിശീലകസംഘം മുഴുവനും ഉണ്ടായിരുന്നു. താരങ്ങളെയൊക്കെ കാണാനും സാധിച്ചു'', സല്‍മാന്‍ പറഞ്ഞു.

ഐപിഎല്‍ 18-ാം സീസണില്‍നിന്ന് പുറത്തായിക്കഴിഞ്ഞ ചെന്നൈ, പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ട്രയല്‍സ് നടത്തിയത്. സല്‍മാനൊപ്പം ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലും മുംബൈ ഓള്‍റൗണ്ടര്‍ അമന്‍ ഖാനും ട്രയല്‍സില്‍ പങ്കെടുത്തു. 

കഴിഞ്ഞ രഞ്ജി സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് സല്‍മാന്‍ നിസാറിനെ ശ്രദ്ധേയനാക്കിയത്. കേരളം ഫൈനല്‍ കളിച്ച സീസണില്‍ സെമിയിലടക്കം പ്രധാന മത്സരങ്ങളില്‍ കേരളത്തിന്റെ രക്ഷകനായത് സല്‍മാനായിരുന്നു. 

ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് ഉര്‍വിന്റെ പേരിലാണ്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരേ 28 പന്തില്‍ നിന്നായിരുന്നു ഉര്‍വിന്റെ സെഞ്ചുറി നേട്ടം.

Content Highlights: Kerala cricketer Salman Nizar attends Chennai Super Kings trials after impressive Ranji Trophy perfo