'ചാഹലിനെയും ബസ് ഡ്രൈവറെയും ഒരുപോലെ കരുതുന്ന സമീപനം'; പോണ്ടിങ്ങിനെയും അയ്യരേയും പ്രശംസിച്ച് താരം

ന്യൂഡല്‍ഹി: പരിശീലകന്‍ റിക്കി പോണ്ടിങ്ങും നായകന്‍ ശ്രേയസ്സ് അയ്യരും ടീമില്‍ കൊണ്ടുവന്ന മാറ്റങ്ങളെ പ്രശംസിച്ച് പഞ്ചാബ് ബാറ്റര്‍ ശശാങ്ക് സിങ്. ടീമിലെ താരങ്ങളെയും മറ്റു സ്റ്റാഫുകളെയും ഒരുപോലെ ബഹുമാനിക്കുന്ന സമീപനമാണ് ഇരുവരും കൊണ്ടുവന്നതെന്ന് ശശാങ്ക് പറഞ്ഞു. ഐപിഎല്ലില്‍ പഞ്ചാബ് പ്ലേ ഓഫിലെത്തിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. പഞ്ചാബ് പ്ലേ ഓഫിലെത്തിയതോടെ ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേ ഓഫിലെത്തിച്ച നായകനെന്ന ചരിത്രനേട്ടം ശ്രേയസ്സ് അയ്യര്‍ സ്വന്തമാക്കിയിരുന്നു.
'ആദ്യദിനം തന്നെ റിക്കി പോണ്ടിങ്ങും ശ്രേയസ്സ് അയ്യരും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ടീമിലെ ഏറ്റവും മുതിര്‍ന്ന താരമായ യുസ്വേന്ദ്ര ചാഹലിനെയും ബസ് ഡ്രൈവറെയും ഒരുപോലെയായിരിക്കും പരിഗണിക്കുകയെന്ന്. അത് അവര്‍ തുടരുന്നു. ചാഹലിനും ഞങ്ങളുടെ ബസ് ഡ്രൈവര്‍ക്കും അവര്‍ ഒരേ ബഹുമാനം നല്‍കുന്നു.'- ശശാങ്ക് സിങ് പറഞ്ഞു.
'പരിശീലകനായ റിക്കി പോണ്ടിങ് ടീമിന്റെ ശൈലി തന്നെ മാറ്റിമറിച്ചെന്നും ശശാങ്ക് പറഞ്ഞു. ഞങ്ങളുടെ മാനസികാവസ്ഥയും കാഴ്ചപ്പാടുകളും മാറ്റി. എല്ലാത്തിനും അദ്ദേഹത്തിനാണ് ക്രെഡിറ്റ്. കളിയോടുള്ള ഞങ്ങളുടെ സമീപനം തന്നെ മാറ്റിയത് അദ്ദേഹമാണ്. എല്ലാവരെയും കരുതലോടെയും ബഹുമാനത്തോടെയുമാണ് സമീപിച്ചത്.'- ശശാങ്ക് പറഞ്ഞു.
'ശ്രേയസ്സ് അയ്യര്‍ പ്രിയപ്പെട്ട സുഹൃത്താണ്. കഴിഞ്ഞ 10-15 വര്‍ഷമായി അദ്ദേഹത്തെ അറിയാം. എന്നാല്‍ ശ്രേയസ്സിന്റെ കീഴില്‍ കളിക്കുകയെന്നതായിരുന്നു ഏറ്റവും മികച്ച അനുഭവം. എനിക്ക് മാത്രമല്ല ടീമിലെ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നുവെന്നും' ശശാങ്ക് വ്യക്തമാക്കി.
ഈ സീസണില്‍ മികച്ച പ്രകടനമായിരുന്നു ശശാങ്കിന്റെത്. പഞ്ചാബിനായി 284 റണ്‍സാണ് താരം അടിച്ചെടുത്തത്. പഞ്ചാബ് ക്വാളിഫയര്‍ 1 ലേക്ക് മുന്നേറുകയും ചെയ്തു. 14 മത്സരങ്ങളില്‍ 19 പോയന്റാണ് ടീമിനുള്ളത്. ഒമ്പത് ജയവും നാലു തോല്‍വിയുമുണ്ട്.
Content Highlights: Ricky Ponting Shreyas Iyer treat Chahal and the bus driver the same way Shashank Singh