വിഘ്നേഷ്, വിപ്രജ്, ഇന്ന് പ്രിയാംശ്... തുടരെത്തുടരേ പ്രതിഭകള്‍, മൂവരും അരങ്ങേറ്റക്കാര്‍

മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്നേഷ് പുത്തൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുപി സ്വദേശി വിപ്രജ് നിഗം, ഇന്നിപ്പോള്‍ പഞ്ചാബ് കിങ്സിന്റെ പ്രിയാംശ് ആര്യയും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രതിഭകള്‍ തുടരെത്തുടരേ പിറവി കൊള്ളുകയാണ്. മൂന്നുപേര്‍ക്കും ഐപിഎല്‍ അരങ്ങേറ്റമായിരുന്നു ഇത്തവണ. വിപ്രജിന് വെറും ഇരുപത് വയസ്സേ ഉള്ളുവെങ്കില്‍, വിഘ്നേഷിനും പ്രിയാംശിനും ഇരുപത്തിനാലാണ് പ്രായം. ശോഭനമായ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയില്‍ ഈ ത്രയത്തെ ക്രീസില്‍ ഒരുമിച്ച് കണ്ടാലും അദ്ഭുതപ്പെടാനില്ല.
മൂവരും അതത് സംസ്ഥാനങ്ങളില്‍ നടന്ന പ്രീമിയര്‍ ലീഗിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയവരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ ഭാഗമായിരുന്നപ്പോഴാണ് വിഘ്നേഷ് മുംബൈ ഇന്ത്യന്‍സ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മുംബൈക്കായി ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിഘ്നേഷ് നാലോവറിൽ മൂന്നു വിക്കറ്റുകൾ നേടി. യുപിടി20 ലീഗിലെയും രഞ്ജി ട്രോഫിയിലെയും ശ്രദ്ധേയ പ്രകടനം വിപ്രജ് നിഗത്തെ ഡല്‍ഹിയിലെത്തിച്ചു. ഓള്‍റൗണ്ടറായ താരം ഡല്‍ഹിക്കായി കഴിഞ്ഞദിവസം ഒരു വിക്കറ്റും 15 പന്തില്‍ 39 റണ്‍സും നേടി. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരോവറില്‍ ആറ് സിക്സടക്കം നേടി നിരവധി റെക്കോഡുകള്‍ സ്ഥാപിച്ചതാണ് പ്രിയാംശിനെ പഞ്ചാബിന് പ്രിയപ്പെട്ടവനാക്കിയത്.
ചൊവ്വാഴ്ച, ഐപിഎലിലെ അഞ്ചാം മത്സരത്തില്‍ ഈ ഓള്‍റൗണ്ടറെ പഞ്ചാബിന്റെ ഓപ്പണറായി ഇറക്കാന്‍ റിക്കി പോണ്ടിങ് ധൈര്യം കാണിച്ചു.പഞ്ചാബിന് അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. ഗുജറാത്തിന്റെ അര്‍ഷദ് ഖാനെറിഞ്ഞ അഞ്ചാം ഓവറില്‍ നേടിയ 20 റണ്‍സടക്കം 23 പന്തില്‍ 47 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്സും ഏഴ് ഫോറും സഹിതമുള്ളതാണ് ഇന്നിങ്സ്. ഏഴാം ഓവറില്‍ റാഷിദ് ഖാന്റെ പന്തില്‍ സായ് സുദര്‍ശന്റെ കൈകളിലേക്ക് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു. മുഹമ്മദ് സിറാജ്, കഗിസോ റബാദ ഉള്‍പ്പെടെയുള്ളവരോടും മാര്‍ദവമില്ലാതെ പെരുമാറി.
ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയായിരുന്നു പ്രിയാംശിന്റെ അടിസ്ഥാന വില. എന്നാല്‍ പഞ്ചാബ് സ്വന്തമാക്കിയത് 3.8 കോടി രൂപയ്ക്ക്. ഗൗതം ഗംഭീര്‍, അമിത് മിശ്ര, നിതീഷ് റാണ, ഉന്മുക്ത് ചന്ദ് അടക്കമുള്ള പ്രതിഭകളെ വാര്‍ത്തെടുത്ത കോച്ച് സഞ്ജയ് ഭരദ്വാജിന്റെ ശിഷ്യനാണ് പ്രിയാംശ്. താരത്തിന് ലേലത്തില്‍ ലഭിച്ച തുക ഒട്ടും ആശ്ചര്യപ്പെടുത്തുന്നതല്ലെന്ന് കോച്ച് അന്നേ പറഞ്ഞിരുന്നു. കുറഞ്ഞത് മൂന്നു കോടിയെങ്കിലും പ്രിയാംശിന് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായും 30 കോടിയുടെ പ്രകടനം പഞ്ചാബിന് തിരിച്ചുനല്‍കുമെന്നും കോച്ച് സഞ്ജയ് ഭരദ്വാജ് പറഞ്ഞു.
ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിന്റെ ഭാഗമായ പ്രിയാംശ്, അന്ന് ആയുഷ് ബധോനിക്കൊപ്പം ചേര്‍ന്ന് നിരവധി റെക്കോഡുകള്‍ സ്ഥാപിച്ചിരുന്നു. നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് 286 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തു. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് കൂട്ടുകെട്ടാണിത്. മത്സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് അടിച്ചെടുത്തത് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ്. ടി20-യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 2023 ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 314 റണ്‍സാണ് ഒന്നാമത്.
50 പന്തുകള്‍ നേരിട്ട പ്രിയാന്‍ഷ് അന്ന് 10 വീതം സിക്സും ഫോറും ഉള്‍പ്പെടെ നേടിയത് 120 റണ്‍സാണ്. മത്സരത്തില്‍ ഒരോവറിലെ ആറുപന്തില്‍ ആറുസിക്സ് നേടുകകൂടി ചെയ്തതോടെ പ്രിയാംശ് ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നു. നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്സിനെതിരെയായിരുന്നു സൗത്ത് ഡല്‍ഹി സൂപ്പര്സ്റ്റാര്ഴ്സിനുവേണ്ടി കളിച്ച താരത്തിന്റെ മിന്നുംപ്രകടനം.
Content Highlights: priyansh arya vignesh puthur vipraj nigam ipl 2025 star