ഒരോവറിലെ 36 കണ്ട് കൂടെക്കൂട്ടിയ 'മുതൽ', 3.8 കോടി വസൂലായ പ്രകടനം; പ്രിയാംശിനെ PBKS ചുമ്മാ കൂട്ടിയതല്ല

ന്യൂഡൽഹി: ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ 30 ലക്ഷം അടിസ്ഥാന വിലയുള്ള ഒരു പയ്യനെ പഞ്ചാബ് കിങ്‌സ് 3.8 കോടി കൊടുത്ത് സ്വന്തമാക്കുന്നു. പലരും അതുകണ്ട് അന്തംവിട്ട് നില്‍ക്കുമ്പോഴാണ് അവന്‍ 30 കോടിയുടെ പ്രകടനം പഞ്ചാബിന് തിരിച്ചുനല്‍കുമെന്ന് കോച്ച് സഞ്ജയ് ഭരദ്വാജ് ഉറപ്പിച്ചുപറഞ്ഞത്. ഗൗതം ഗംഭീര്‍, അമിത് മിശ്ര, നിതീഷ് റാണ ഉള്‍പ്പെടെയുള്ള താരങ്ങളെ വാര്‍ത്തെടുത്ത സഞ്ജയ് ഭരദ്വാജ് അങ്ങനെ പറഞ്ഞെങ്കില്‍ അത് വെറുതെയാവാന്‍ തരമില്ലല്ലോ... പ്രിയാംശിനെ പൊന്നുംവിലകൊടുത്ത് സ്വന്തമാക്കുന്നതില്‍ പഞ്ചാബ് കോച്ച് റിക്കി പോണ്ടിങ്ങിനും ഒട്ടും വൈഷമ്യമുണ്ടായില്ല.
മൂന്നുകോടിക്കിറക്കിയ മുതലിനെ പഞ്ചാബ് സീസണിലെ ആദ്യമത്സരത്തില്‍ത്തന്നെയിറക്കി ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. ഗുജറാത്ത് ബൗളര്‍മാരോട് ഒട്ടും മാര്‍ദവമില്ലാതെ പെരുമാറിയ പ്രിയാംശ്, 23 പന്തില്‍ 47 റണ്‍സെടുത്ത് പോണ്ടിങ്ങിന്റെയും പഞ്ചാബിന്റെയാകെത്തന്നെയും പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്നു. കഴിഞ്ഞദിവസം ചെന്നൈക്കെതിരേ അതിവേഗ സെഞ്ചുറികൂടി നേടിയതോടെ പ്രിയാംശ് പഞ്ചാബിന്റെ വലിയ ഭാവി വാഗ്ദാനമായി. കേവലം 39 പന്തില്‍നിന്നാണ് ഈ 24-കാരന്‍റെ സെഞ്ചുറി.
മനോഹരമായിരുന്നു ആ ഇന്നിങ്‌സ്. നിറയെ പ്രതീക്ഷകളുമായി ഖലീല്‍ അഹമ്മദ് ചെന്നൈ ബൗളിങ് ഓപ്പണ്‍ ചെയ്യാനെത്തിയെങ്കിലും ആദ്യപന്തുതന്നെ പ്രിയാംശ് സിക്‌സടിച്ചു. വീണ്ടും സിക്‌സ്. ഓവറിലാകെ നേടിയത് 17 റണ്‍സ്. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ 19 പന്തുകള്‍ നേരിട്ട് പ്രിയാംശ് അര്‍ധസെഞ്ചുറി കുറിച്ചു. സിക്‌സടിച്ച് സ്റ്റൈലിഷായിത്തന്നെ കന്നി ഐപിഎല്‍ ഫിഫ്റ്റി കുറിച്ചു. 13-ാം ഓവറില്‍, 39 പന്തില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഐപിഎലിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ സെഞ്ചുറി. ഒരു അണ്‍ക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും വേഗമേറിയ ഐപിഎല്‍ സെഞ്ചുറി... നേട്ടങ്ങള്‍ അങ്ങനെ പലതു നേടിയ പ്രിയാംശ് നൂര്‍ അഹമ്മദിന്റെ പന്തില്‍ പുറത്തായി. ഒന്‍പത് സിക്‌സുകളും ഏഴ് ബൗണ്ടറികളും നിറഞ്ഞതായിരുന്നു ഇന്നിങ്‌സ്.
ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിന്റെ ഭാഗമായിരുന്ന പ്രിയാംശ്, അന്ന് ആയുഷ് ബധോനിക്കൊപ്പം ചേര്‍ന്ന് നിരവധി റെക്കോഡുകള്‍ സ്ഥാപിച്ചിരുന്നു. അതുകണ്ടാണ് പഞ്ചാബ് വലിയ തുകയ്ക്ക് വിളിച്ചെടുത്തത്. അന്ന് നോര്‍ത്ത് ഡല്‍ഹി സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് 286 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തു. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് കൂട്ടുകെട്ടാണിത്. മത്സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് അടിച്ചെടുത്തത് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ്. ടി20-യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2023 ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 314 റണ്‍സാണ് ഒന്നാമത്.
50 പന്തുകള്‍ നേരിട്ട പ്രിയാംശ് അന്ന് 10 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ നേടിയത് 120 റണ്‍സാണ്. മത്സരത്തില്‍ ഒരോവറിലെ ആറുപന്തില്‍ ആറുസിക്‌സ് നേടുകകൂടി ചെയ്തതോടെ പ്രിയാംശ് ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നു. നോര്‍ത്ത് ഡല്‍ഹി സ്‌ട്രൈക്കേഴ്‌സിനെതിരെയായിരുന്നു സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍ഴ്‌സിനുവേണ്ടി കളിച്ച താരത്തിന്റെ മിന്നുംപ്രകടനം.
Content Highlights: priyansh arya ipl maiden century