'യാഥാർഥ്യം അംഗീകരിക്കണം, കളി കഴിഞ്ഞ് കമന്ററി ബോക്സിലേക്ക് വരൂ'; ധോനിക്കെതിരേ ഹെയ്ഡൻ

മഹേന്ദ്ര സിങ് ധോനി | PTI
മഹേന്ദ്ര സിങ് ധോനി | PTI

ചെന്നൈ: മഹേന്ദ്ര സിങ് ധോനി കളി മതിയാക്കാനുള്ള സമയമായെന്ന് മുൻ ചെന്നൈ താരവും ഓസ്ട്രേലിയൻ ബാറ്ററുമായ മാത്യു ഹെയ്ഡൻ. ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നും ആ യാഥാർഥ്യം അം​ഗീകരിക്കണമെന്നും ഹെയ്ഡൻ പറഞ്ഞു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്- ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെയാണ് കമന്ററി ബോക്സിൽ നിന്ന് ഹെയ്ഡൻ ഇത്തരത്തിൽ പ്രതികരിച്ചത്.  

'ഈ മത്സരത്തിന് ശേഷം ധോനി ഞങ്ങളുടെ കൂടെ കമന്ററി ബോക്‌സിനൊപ്പം ചേരണം. ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു. ഒരുപാട് വൈകുന്നതിന് മുമ്പ് ആ യാഥാര്‍ഥ്യം അദ്ദേഹം അംഗീകരിക്കണം.'- ഡൽഹിക്കെതിരായ മത്സരത്തിനിടെ മാത്യു ഹെയ്ഡന്‍ പറഞ്ഞു. ഡൽഹിക്കെതിരേ ധോനിയുടെ മെല്ലെപ്പോക്ക് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഡല്‍ഹിക്കെതിരേ 26 പന്തില്‍ നിന്ന് 30 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായത്. 25 റണ്‍സിന് ടീം തോറ്റതിന് പിന്നാലെ മുന്‍ നായകനെതിരേ ആരാധകരടക്കം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. 

അടുത്തിടെ മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ധോനി 2023 ല്‍ തന്നെ വിരമിക്കേണ്ടതായിരുന്നുവെന്നും വര്‍ഷങ്ങളായി അദ്ദേഹം ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ബഹുമാനവുമെല്ലാം നഷ്ടപ്പെടുത്തുകയാണെന്നും മനോജ് തിവാരി ക്രിക്ക്ബസ്സിനോട് പറഞ്ഞു. 

ധോനി 2023 ഐപിഎല്ലിന് ശേഷം വിരമിക്കേണ്ടതായിരുന്നു. ആ വര്‍ഷം ഐപിഎല്‍ കിരീടം നേടി. അദ്ദേഹത്തെ സംബന്ധിച്ച് മികച്ച സമയമായിരുന്നു അത്. എന്നാല്‍ വര്‍ഷങ്ങളായി അദ്ദേഹം ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ബഹുമാനമെല്ലാം മോശം കളി കാരണം നഷ്ടപ്പെടുത്തുകയാണ്. ആരാധകര്‍ അദ്ദേഹത്തെ ഇങ്ങനെ കാണാന്‍ ഇഷ്ടപ്പെടുന്നില്ല. വര്‍ഷങ്ങളായി ആരാധകര്‍ക്കിടയില്‍ അദ്ദേഹം ഒരു വിശ്വാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പ്രത്യേകിച്ച് ചെന്നൈ ആരാധകര്‍ക്കിടയില്‍. എന്നാല്‍ മത്സരത്തിന് ശേഷം ആരാധകര്‍ തെരുവുകളില്‍ നിന്ന് അദ്ദേഹത്തിനെതിരേ സംസാരിക്കുകയാണ്. - മനോജ് തിവാരി പറഞ്ഞു. 

Content Highlights: mathew hayden against ms dhoni ipl 2025