മുഷീര്‍ ഖാനെ 'വാട്ടര്‍ ബോയ്' എന്ന് വിളിച്ച് കോലിയുടെ പരിഹാസം; ഇങ്ങനെ പെരുമാറാമോ എന്ന് ആരാധകര്‍

മുല്ലന്‍പുര്‍: പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള ഐപിഎല്‍ ഒന്നാം ക്വാളിഫയറിനിടെ ആര്‍സിബി താരം വിരാട് കോലി പഞ്ചാബിന്റെ യുവതാരം മുഷീര്‍ ഖാനെ പരിഹസിച്ചതായി ആരോപണം. കോലിയുടെ പെരുമാറ്റത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബാറ്റിങ്ങിനിറങ്ങിയ മുഷീറിനെ കോലി 'വാട്ടര്‍ ബോയ്' എന്ന് വിളിച്ചെന്നാണ് പഞ്ചാബ് ആരാധകര്‍ ആരോപിക്കുന്നത്.
ആര്‍സിബിക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഒരു ഘട്ടത്തില്‍ ടീം ആറിന് 60 റണ്‍സെന്ന നിലയില്‍ പതറി. ഈ സമയത്താണ് പഞ്ചാബ് ഇംപാക്റ്റ് സബ്ബായി മുഷീര്‍ ഖാനെ കളത്തിലിറക്കുന്നത്. ആര്‍സിബിയുടെ ബൗളിങ് പ്രകടനത്തില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച കോലി മൈതാനത്ത് വലിയ ആവേശത്തിലായിരുന്നു. വിക്കറ്റുകള്‍ തന്റെ തനത് ആക്രമണോത്സുകതയോടെയാണ് താരം ആഘോഷിച്ചത്.
ഇതിനിടെയാണ് മുഷീര്‍ ക്രീസിലേക്ക് എത്തുന്നത്. 20-കാരന്‍ മുഷീറിന്റെ ഐപിഎല്‍ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. ആദ്യ പന്ത് നേരിടാന്‍ മുഷീര്‍ തയ്യാറെടുക്കുന്നതിനിടെയാണ് കോലി താരത്തെ വാട്ടര്‍ ബോയ് എന്ന് വിളിച്ചതെന്നാണ് ആരോപണം. 'ഇയാള്‍ വെള്ളം കൊണ്ടുവരുന്ന ആളാണ്' എന്ന് കോലി പറയുന്ന വീഡിയോ പഞ്ചാബ് ആരാധകര്‍ പങ്കുവെച്ചിട്ടുമുണ്ട്. മത്സരത്തില്‍ പക്ഷേ മൂന്ന് പന്തുകള്‍ മാത്രം നേരിട്ട മുഷീര്‍ പൂജ്യം റൺസോടെ പുറത്താകുകയായിരുന്നു. ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ സഹോദരന്‍ കൂടിയാണ് മുഷീര്‍. മത്സരത്തില്‍ പഞ്ചാബിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ആര്‍സിബി ഫൈനലില്‍ കടന്നിരുന്നു.
Content Highlights: Virat Kohli`s alleged taunt of Musheer Khan as `water boy` during IPL match