'ഇവിടെ ഒരു ഒന്നാം നമ്പറുകാരനെ ഉള്ളൂ'; പന്ത് ഡക്കായി മടങ്ങിയ ഇടത്ത് രാഹുലിന്റെ പ്രതികാരമിങ്ങനെ

കെ.എല്‍. രാഹുല്‍, സഞ്ജീവ് ഗോയങ്ക | X.com/@academy_dinda
കെ.എല്‍. രാഹുല്‍, സഞ്ജീവ് ഗോയങ്ക | X.com/@academy_dinda

ലഖ്‌നൗ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ടു വിക്കറ്റിനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരാജയപ്പെടുത്തിയത്. ഡല്‍ഹിയുടെ ഈ വിജയത്തിനു പിന്നാലെ കെ.എല്‍ രാഹുലും അദ്ദേഹത്തിന്റെ മുന്‍ ടീം ഉടമയായ സഞ്ജീവ് ഗോയങ്കയും തമ്മിലുള്ള കണ്ടുമുട്ടലാണ് ആരാധകർക്കിടയിൽ ചർച്ചയായത്. മാത്രമല്ല അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ രാഹുല്‍ നടത്തിയ സെലിബ്രേഷനും സാമൂഹികമാധ്യമങ്ങളിൽ വൈറലായി. മത്സരത്തില്‍ 42 പന്തില്‍ നിന്ന് 57 റണ്‍സുമായി ഡല്‍ഹിയെ വിജയത്തിലെത്തിച്ചത് രാഹുലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ഈ വിജയം ഒരു മധുര പ്രതികാരം കൂടിയായിരുന്നു.

മത്സരത്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ രാഹുല്‍ നടത്തിയ സെലിബ്രേഷന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. പിറകിലുള്ള തന്റെ ജേഴ്‌സി നമ്പറിലേക്ക് ബാറ്റ് ചൂണ്ടിയാണ് രാഹുല്‍ ആഘോഷപ്രകടനം നടത്തിയത്. ലഖ്‌നൗ ഉടമയായ സഞ്ജീവ് ഗോയങ്കയും ഒന്നാം നമ്പര്‍ ജേഴ്‌സിയാണ് ധരിച്ചിരുന്നത്. ഇത് ഗോയങ്കയ്‌ക്കെതിരേയുള്ള രാഹുലിന്റെ സെലിബ്രേഷനായി ആരാധകര്‍ വിലയിരുത്തുന്നുണ്ട്. 

അതേസമയം മത്സരം ശേഷം തന്നെ അഭിനന്ദിക്കാനെത്തിയ സഞ്ജീവ് ഗോയങ്കയെ പൂര്‍ണമായും അവഗണിക്കുന്ന രാഹുലിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തനിക്ക് നേരേ ഹസ്തദാനത്തിന് കൈ നീട്ടിയ സഞ്ജീവ് ഗോയങ്കയ്ക്ക് കൈ കൊടുത്തെന്നു വരുത്തി രാഹുല്‍ നടന്നകലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹസ്തദാനത്തിനു ശേഷം സഞ്ജീവ് എന്തോ പറയാന്‍ ശ്രമിക്കുമ്പോള്‍ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് രാഹുല്‍ നടന്നകന്നത്. ലഖ്നൗ നായകൻ ഋഷഭ് പന്ത് ഡക്കായി മടങ്ങിയ മത്സരത്തിലാണ് രാഹുൽ ഡൽഹി ടീമിന്റെ വിജയശിൽപ്പിയാകുന്നത്. 

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ തോല്‍വിക്കു ശേഷം രാഹുലിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സഞ്ജീവ് ഗോയങ്കയുടെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഹൈദരാബാദുമായുള്ള മത്സര ശേഷം ലഖ്‌നൗ ഡഗ്ഔട്ടിനടുത്തുവെച്ച് രാഹുലിനോട് ദേഷ്യപ്പെടുന്ന സഞ്ജീവിന്റെ ദൃശ്യങ്ങളാണ് അന്ന് പ്രചരിച്ചത്. അതൃപ്തനായി തുടര്‍ച്ചയായി തന്നോട് സംസാരിക്കുന്ന സഞ്ജീവിനു മുന്നില്‍ രാഹുല്‍ മറുപടിയില്ലാതെ നിസ്സഹായനായി നില്‍ക്കുന്നതും കാണാം. ഇതിനു പിന്നാലെ സഞ്ജീവിനെതിരേ വലിയ തോതില്‍ ആരാധക രോഷമുണ്ടായിരുന്നു.

2022 മുതല്‍ 2024 വരെ, സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു രാഹുല്‍. 2024 സീസണിനു പിന്നാലെ രാഹുല്‍ ടീം വിട്ടിരുന്നു. ടീം ഉടമയായ ഗോയങ്കയുമായി അത്ര നല്ല ബന്ധമായിരുന്നില്ല രാഹുലിന് ഉണ്ടായിരുന്നത്. 2024-ല്‍ ലഖ്‌നൗ വിട്ടതിനു പിന്നാലെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനും വിശ്രമകരമായ ഒരു ഡ്രസ്സിങ് റൂമിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം ഔദ്യോഗികമായി നല്‍കിയ വിശദീകരണം. എന്നാല്‍ രാഹുല്‍ മോശം പ്രകടനം നടത്തുന്ന താരമാണെന്നും വ്യക്തിഗത നേട്ടം നോക്കുന്ന ആളാണെന്നുമായിരുന്നു സഞ്ജീവ് ഗോയങ്കയുടെ പ്രതികരണം. ഇത്തവണ തന്റെ മുന്‍ ടീമിനെതിരേ തന്നെ മത്സരം ജയിപ്പിച്ച ഇന്നിങ്‌സോടെ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് രാഹുല്‍.

അടുത്തിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേയുള്ള ആഘോഷപ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയറണ്‍ നേടിയ ശേഷം നെഞ്ചില്‍ ഇടിച്ചാണ് രാഹുല്‍ ആഘോഷിച്ചത്. അതിന് ശേഷം ബാറ്റുകൊണ്ട് ഒരു കളം വരച്ച് ബാറ്റ് ആ കളത്തില്‍ കുത്തി ആഹ്ളാദപ്രകടനം നടത്തി. കന്നട ചിത്രം കാന്താരയാണ് ആ ആഘോഷപ്രകടനത്തിന് പിന്നിലെന്ന് കെ.എൽ. രാഹുൽ പിന്നീട് വ്യക്തമാക്കിയിരുന്നു. 

'എന്നെ സംബന്ധിച്ച് ഇത് ഏറെ പ്രത്യേകതയുള്ള സ്ഥലമാണ്. ആ സെലിബ്രേഷന്‍ എന്റെ ഇഷ്ട സിനിമകളിലൊന്നായ കാന്താരയില്‍ നിന്നുള്ളതാണ്. ഞാന്‍ വളര്‍ന്നുവന്ന ഈ മൈതാനവും സ്ഥലവും എന്റേതാണെന്നുള്ള ചെറിയ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.' - കെ.എല്‍. രാഹുല്‍ പറഞ്ഞു. 

Content Highlights: KL Rahul points to his jersey celebration same number as Sanjiv Goenka