ദിഗ്വേഷിന്റെ മങ്കാദിങ്; പന്ത് അപ്പീല്‍ പിന്‍വലിച്ചില്ലെങ്കിലും ജിതേഷ് പുറത്താവില്ല, കാരണമിതാണ്

ലഖ്‌നൗ: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള ഐപിഎല്‍ മത്സരം അത്യന്തം ആവേശകരമായിരുന്നു. ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറിലാണ് ആര്‍സിബി മറികടക്കുന്നത്. ജിതേഷ് ശര്‍മയുടെ വെടിക്കെട്ടിന്റെ ബലത്തില്‍ ലഖ്‌നൗവിനെ ആറുവിക്കറ്റിന് കീഴടക്കിയ ബെംഗളൂരു ക്വാളിഫയര്‍ ഒന്നില്‍ ഇടംപിടിച്ചു. അതേസമയം നാടകീയമായ സംഭവങ്ങള്‍ക്കും മത്സരം സാക്ഷ്യം വഹിച്ചു.
കളി കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ലഖ്‌നൗ ബൗളര്‍ ദിഗ്വേഷ് റാത്തി മങ്കാദിങ്ങിന് മുതിര്‍ന്നതാണ് സംഭവങ്ങളുടെ തുടക്കം. ആര്‍സിബിയുടെ ചേസിങ്ങിനിടെ 17-ാം ഓവറിലാണ് സംഭവം. മായങ്ക് അഗര്‍വാളാണ് ബാറ്റുചെയ്യുന്നുണ്ടായിരുന്നത്. പന്തെറിയാനെത്തിയ ദിഗ്വേഷ് പെട്ടെന്ന് ബെയില്‍സ് തെറിപ്പിച്ചു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ജിതേഷ് ശര്‍മ ക്രീസ് വിട്ടുനില്‍ക്കുകയായിരുന്നു അപ്പോള്‍. താരം മങ്കാദിങ് നടത്തിയതിന് പിന്നാലെ അപ്പീലുമായി മുന്നോട്ടുപോയി. എന്നാല്‍ അപ്പീലുമായി മുന്നോട്ടുപോകാന്‍ ലഖ്‌നൗ നായകന്‍ തയ്യാറായിരുന്നില്ല. പന്ത് അപ്പീല്‍ പിന്‍വലിച്ചതോടെ ജിതേഷ് ശര്‍മ ക്രീസില്‍ തുടര്‍ന്നു.
അതേസമയം പന്ത് അപ്പീല്‍ പിന്‍വലിച്ചില്ലായിരുന്നുവെങ്കിലും ജിതേഷ് പുറത്താവുമായിരുന്നില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ക്രിക്കറ്റ് നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ഈ വാദമുയര്‍ത്തുന്നത്. നിയമപ്രകാരം ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമോ പന്തെറിയാനെത്തിയ ബൗളര്‍ ക്രീസ് കടന്നാലോ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള താരത്തെ റണ്ണൗട്ടാക്കാനാവില്ല. ദിഗ്വേഷ് ഈ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ അപ്പീല്‍ പോയാലും തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കില്ല.