ഞങ്ങളുടെ മകൻ വിനോദോപാധിയല്ല, ഞങ്ങളെത്തിയത് ജസ്പ്രീതിനെ പിന്തുണയ്ക്കാൻ മാത്രം-സഞ്ജന

ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 54 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ജയത്തോടെ പോയന്റ് പട്ടികയില്‍ ടീം രണ്ടാമതുമെത്തി. നാലോവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത മുംബൈ പേസര്‍ ജസ്പ്രീത് ബുംറ മുംബൈക്കായി തിളങ്ങി. വാംഖഡെ സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ ബുംറയുടെ ഭാര്യ സഞ്ജന ഗണേശനും മകന്‍ അംഗദും എത്തിയിരുന്നു. മത്സരത്തിന് പിന്നാലെ അംഗദിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജന. ഞങ്ങളുടെ മകൻ വിനോദത്തിനുള്ള ഒരു വിഷയമല്ലെന്ന് സഞ്ജന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
'ഞങ്ങളുടെ മകൻ നിങ്ങളുടെ വിനോദത്തിനുള്ള ഒരു വിഷയമല്ല. അംഗദിനെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്താൻ ജസ്പ്രീതും ഞാനും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. കാരണം ഇന്റർനെറ്റ് എന്നത് മോശമായ ഒരിടമാണ്. ക്യാമറകൾ നിറഞ്ഞ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒരു കുട്ടിയെ കൊണ്ടുവരുന്നതിലെ പ്രത്യാഘാതങ്ങൾ എനിക്ക് മനസ്സിലാകും. അംഗദും ഞാനും അവിടെയെത്തിയത് ജസ്പ്രീതിനെ പിന്തുണയ്ക്കാൻ മാത്രമാണ്, മറ്റൊന്നിനുമല്ല. '
'ഞങ്ങളുടെ മകൻ ഇന്റർനെറ്റിൽ വൈറലാകുന്നതിനോടോ ദേശീയ വാർത്ത ആകുന്നതിനോടോ ഞങ്ങൾക്ക് താത്പര്യമില്ല. 3 സെക്കൻഡ് ദൃശ്യങ്ങളിൽ നിന്ന് അംഗദ് ആരാണെന്നും, അവന്റെ പ്രശ്‌നമെന്താണെന്നും, വ്യക്തിത്വമെന്താണെന്നും അനാവശ്യമായി അഭിപ്രായം പറയുന്ന കീബോർഡ് പോരാളികൾ തീരുമാനിക്കുകയാണെന്നും' അവർ കുറിച്ചു.
'അവന് ഒന്നര വയസ്സാണ് പ്രായം. നിങ്ങൾക്ക് ഞങ്ങളുടെ മകനെക്കുറിച്ചോ ഞങ്ങളുടെ ജീവിതത്തെക്കുറിച്ചോ ഒന്നും അറിയില്ല. അതിനാൽ നിങ്ങളുടെ ഓൺലൈൻ അഭിപ്രായങ്ങൾ ആ യാഥാർഥ്യത്തോട് നീതി പുലർത്തുന്നതാകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.'- സഞ്ജന കുറിച്ചു.
Content Highlights: Jasprit Bumrahs Wife Sanjana on trolls about son angad