എൻ.പുരാന്‍ പവറില്‍ ലഖ്‌നൗ; സണ്‍ റൈസേഴ്‌സിനെ തകര്‍ത്തു, സീസണിലെ ആദ്യ ജയം

ഹൈദരാബാദ്: കരുത്തരായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഐപിഎല്‍ സീസണിലെ ആദ്യ ജയം. സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ 16.1 ഓവറില്‍ മറികടന്നു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും നേടിയ അര്‍ധ സെഞ്ചുറികളാണ് ലഖ്‌നൗവിന് ജയം സമ്മാനിച്ചത്. ഹൈദരാബാദിനായി ശാര്‍ദൂല്‍ ഠാക്കൂര്‍ നാലുവിക്കറ്റുകള്‍ നേടി.
നിക്കോളാസ് പുരാന്‍ ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. കേവലം 26 പന്തില്‍ ആറുവീതം സിക്‌സും ഫോറും സഹിതം 70 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ എയഡന്‍ മാര്‍ക്രം (1) പുറത്തായതോടെ ക്രീസിലെത്തിയ പുരാന്‍, മാര്‍ഷിനൊപ്പം ചേര്‍ന്ന് മാരക ആക്രമണം നടത്തി. ഇരുവരും തകര്‍ത്തുകളിച്ചതോടെ ലഖ്‌നൗ പവര്‍പ്ലേയ്ക്കകത്തുതന്നെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി. എല്‍എസ്ജിയുടെ രണ്ടാമത്തെ ഏറ്റവും വലിയ പവര്‍പ്ലേ സ്‌കോറാണിത്. 16 പന്തില്‍ 44 റണ്‍സായിരുന്ന പുരാന് പിന്നീട് നേടിയ 26 റണ്‍സിന് വേണ്ടിവന്നത് വെറും പത്തു പന്തുകള്‍.
മറുവശത്ത് മിച്ചല്‍ മാര്‍ഷും മികച്ച പ്രകടനം നടത്തി. 31 പന്തില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 52 റണ്‍സാണ് താരം നേടിയത്. രണ്ടാം വിക്കറ്റില്‍ 43 പന്തില്‍നിന്ന് 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് മാര്‍ഷും പുരാനും ചേര്‍ന്ന് കെട്ടിപ്പടുത്തത്. ഇതോടെത്തന്നെ രാജസ്ഥാന്റെ കഥ ഏതാണ്ട് കഴിഞ്ഞു. പിന്നീട് ഋഷഭ് പന്തെത്തി 15 റണ്‍സെടുത്ത് മടങ്ങി. 10 ഓവര്‍ പിന്നിട്ടപ്പോഴേക്ക് ലഖ്‌നൗ 129-ന് രണ്ട് എന്ന നിലയിലെത്തിയിരുന്നു. ആയുഷ് ബദോനി (6), ഡേവിഡ് മില്ലര്‍ (13*), അബ്ദുല്‍ സമദ് (22*) എന്നിവരും റണ്‍സ് സംഭാവന ചെയ്തു. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് രണ്ട് വിക്കറ്റുകള്‍ നേടി.
സൺറൈസേഴ്സ് ഇന്നിങ്സ്
നേരത്തേ സീസണിലെ ആദ്യമത്സരത്തില്‍ രാജസ്ഥാനു മുന്നില്‍ റണ്‍സിന്റെ വന്‍മതില്‍ തീര്‍ത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു മുന്നിലും തരക്കേടില്ലാത്ത ബാറ്റിങ് പ്രകടനം നടത്തിയിരുന്നു. ആദ്യ എട്ടോവറിനിടെത്തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണിട്ടും 190 എന്ന ടോട്ടല്‍ കെട്ടിപ്പടുക്കാന്‍ കമിന്‍സ് നായകനായ സംഘത്തിന് കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ്, നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു.
ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ടോപ് സ്‌കോറര്‍. 28 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 47 റണ്‍സാണ് ഹെഡ് നേടിയത്. അനികെത് വര്‍മ 13 പന്തില്‍ 36 റണ്‍സ് നേടി. ലഖ്‌നൗവിനായി ഷാര്‍ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 34 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് നേടി.
അഭിഷേക് ശര്‍മയും (6), കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനും (0) നിറം മങ്ങിയെങ്കിലും മറുവശത്ത് ഹെഡ് തലയെടുപ്പോടെ തുടര്‍ന്നു. മൂന്നാമതായി ഹെഡും പുറത്തായതോടെ സണ്‍റൈസേഴ്‌സ് പ്രതിസന്ധിയിലായി. പിന്നീട് ഹെന്റിച്ച് ക്ലാസനും (17 പന്തില്‍ 26) നിതീഷ് കുമാര്‍ റെഡ്ഢിയും (28 പന്തില്‍ 32) ടീമിനെ സുരക്ഷിതമാക്കി.
12-ാം ഓവറില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ഒരു റണ്ണൗട്ടിലൂടെ ക്ലാസന്‍ പുറത്തായി. പ്രിന്‍സ് യാദവെറിഞ്ഞ പന്ത് നിതീഷ് കുമാര്‍ റെഡ്ഢിയുടെ ബാറ്റില്‍ത്തട്ടി ഉഗ്രവേഗത്തോടെ പ്രിന്‍സിന്റെ കൈകളില്‍ത്തന്നെയെത്തി. ക്യാച്ചെടുത്താല്‍ ഔട്ടാവുമായിരുന്ന ആ പന്ത് പക്ഷേ, പ്രിന്‍സിന് കൈകളിലൊതുക്കാനായില്ല. എന്നാല്‍ പന്ത് നേരെ സ്റ്റമ്പിലേക്ക് ടേണ്‍ ചെയ്തതോടെ ക്രീസില്‍നിന്ന് സിംഗിളെടുക്കാന്‍ ഇറങ്ങിയ ക്ലാസന്‍ ഔട്ട്.
പിന്നീട് അനികെത് വര്‍മയുടെ ഊഴമായിരുന്നു. ക്രീസില്‍ വന്നയുടന്‍തന്നെ ആക്രമണം തുടങ്ങിയ അനികെത്, 13 പന്തില്‍ അഞ്ച് സിക്‌സിന്റെ അകമ്പടിയോടെ 36 റണ്‍സെടുത്തു. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (18), ഹര്‍ഷല്‍ പട്ടേല്‍ (12), സിമര്‍ജീത് സിങ് (3), അഭിനവ് മനോഹര്‍ (2), മുഹമ്മദ് ഷമി (1) എന്നിങ്ങനെയാണ് മറ്റു സ്‌കോര്‍ നിലകള്‍.
Content Highlights: ipl 2025 lucknow super giants vs sun risers hyderabad