ധോനിക്ക് പ്രായമാകുന്നു, കളിക്കാനാകുന്നില്ലെങ്കില്‍ പുറത്തുപോകണം - കെ. ശ്രീകാന്ത്

Photo: AFP
Photo: AFP

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആവശ്യത്തിനൊത്ത് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എം.എസ് ധോനി പുറത്തുപോകണമെന്ന് മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകാന്ത് ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞത്.

''ധോണിക്കും പ്രായമാകുകയാണ്, അദ്ദേഹത്തില്‍നിന്ന് നിങ്ങള്‍ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. എന്നാല്‍, നിങ്ങള്‍വന്ന് കാര്യങ്ങള്‍ വഷളാക്കുകയുമരുത്. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍, അത് അങ്ങനെതന്നെ പറയാന്‍ സാധിക്കണം. ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് പുറത്തുപോകണം. അത് ധോനിക്കു മാത്രം എടുക്കാന്‍ സാധിക്കുന്ന തീരുമാനമാണ്. ഇനി തുടരുന്നെങ്കില്‍ ഏത് റോളില്‍? ക്യാപ്റ്റനോ വിക്കറ്റ് കീപ്പറോ ഫിനിഷറോ?'', ശ്രീകാന്ത് ചോദിക്കുന്നു.

''ന്യായമായി പറഞ്ഞാല്‍, അദ്ദേഹത്തിന്റെ റിഫ്‌ളക്‌സ് കുറഞ്ഞു. അദ്ദേഹത്തിന്റെ കാല്‍മുട്ടുകളുടെ കരുത്ത് ചോര്‍ന്നുകഴിഞ്ഞു. അദ്ദേഹത്തിന്റെ ഫിറ്റ്നസ്, റിഫ്ലെക്സ് ലെവല്‍ എല്ലാം താഴേക്ക് പോയിരിക്കുന്നു'', ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

പ്രായം ധോനിയെ പിടികൂടിയെന്നും ഇത് അദ്ദേഹത്തിന്റെ കളിയെ വലിയ തോതില്‍ ബാധിച്ചുവെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഒരുകാലത്ത് സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം സ്ഥാപിക്കുന്നതില്‍ പ്രശസ്തനായിരുന്ന ധോനി ഈ സീസണില്‍ അവര്‍ക്കെതിരേ കാര്യമായി ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂലായില്‍ ധോനിക്ക് 44 വയസ് തികയും. സൂപ്പര്‍ കിങ്‌സ് ആകട്ടെ തുടര്‍ച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ മാസം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 26 റണ്‍സ് നേടിയ മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ ഈ സീസണില്‍ ധോനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Content Highlights: Former cricketer K. Srikanth suggests MS Dhoni retire from CSK if he can`t contribute effectively