വാരിയെല്ലുകൾ ഒടിഞ്ഞു; ചെഹൽ IPL കളിച്ചത് ഗുരുതര പരിക്കുമായി, വെളിപ്പെടുത്തലുമായി ആര്‍ജെ മഹ്‌വാഷ്

ആര്‍ജെ മഹ്‌വാഷ്, യുസ്‌വേന്ദ്ര ചെഹല്‍ | Photo: AFP
ആര്‍ജെ മഹ്‌വാഷ്, യുസ്‌വേന്ദ്ര ചെഹല്‍ | Photo: AFP

ന്യൂഡല്‍ഹി: പഞ്ചാബ് കിങ്‌സ് താരം യുസ്‌വേന്ദ്ര ചെഹല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കളിച്ചത് ഗുരുതര പരിക്കുമായെന്ന് സുഹൃത്ത് ആര്‍ജെ മഹ്‌വാഷിന്റെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മഹ്‌വാഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സീസണിലെ ഏതാനും മത്സരങ്ങള്‍ക്കു ശേഷം ചെഹലിന്റെ വാരിയെല്ലുകള്‍ക്കും ബൗളിങ് വിരലിനും ഒടിവ് സംഭവിച്ചുവെന്നാണ് മഹ്‌വാഷിന്റെ വെളിപ്പെടുത്തല്‍. പിന്നീട് സീസണിലുടനീളം ആ വേദന സഹിച്ചാണ് അദ്ദേഹം കളിച്ചതെന്നും അവര്‍ പറഞ്ഞു. പരിക്കുകള്‍ക്കിടയിലും തളരാത്ത ചെഹലിന്റെ മനോഭാവത്തെ മഹ്‌വാഷ് പ്രശംസിക്കുകയും ചെയ്തു. ചെഹലിലെ യോദ്ധാവിന്റെ മനോഭാവത്തെ കാണിക്കുന്നതാണ് ഈ സംഭവമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ ഫൈനലില്‍ അവസാന പന്തുവരെ പോരാടിയ പഞ്ചാബ് ടീമിന്റെ പ്രകടനത്തെയും മഹ്‌വാഷ് പ്രശംസിച്ചു. സീസണില്‍ പഞ്ചാബ് ടീമിനെ ടീമിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച ചെഹല്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ താരം ഹാട്രിക്ക് നേടുകയും ചെയ്തു.

Content Highlights: Yuzvendra Chahal played IPL 2023 with broken ribs and a finger injury, reveals RJ Mahwash