ആര്‍സിബിക്ക് കനത്ത തിരിച്ചടി, സാള്‍ട്ട് ഫൈനലില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

അഹമ്മദാബാദ് ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനോട് ഏറ്റുമുട്ടാനിരിക്കേ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കനത്ത തിരിച്ചടി. ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഫൈനലില്‍ കളിച്ചേക്കില്ലെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിക്കെട്ട് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടും ടിം ഡേവിഡും പഞ്ചാബിനെതിരേ കളിച്ചേക്കില്ലെന്നാണ് വിവരം. ആദ്യ കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിക്ക് താരങ്ങളുടെ അഭാവം തിരിച്ചടിയാകുമെന്നുറപ്പാണ്.
സാള്‍ട്ട് കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പമാണെന്നാണ് ലഭിക്കുന്ന വിവരം. താരം ഇതുവരെ അഹമ്മദാബാദിലേക്ക് തിരിച്ചെത്തിയിട്ടില്ല. തിങ്കളാഴ്ച നടന്ന പരിശീലനസെഷനിലും താരം പങ്കെടുത്തിരുന്നില്ല. അതിനാല്‍ ഫൈനലില്‍ സാള്‍ട്ട് കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിന്റെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് സാള്‍ട്ട്. 12 മത്സരങ്ങളില്‍ നിന്നായി താരം 387 റണ്‍സെടുത്തിട്ടുണ്ട്. സാള്‍ട്ട് കളിക്കുമോയെന്ന കാര്യത്തില്‍ ടീം വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം പരിക്കിന്റെ പിടിയിലുള്ള ടിം ഡേവിഡ് ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കില്ല. ക്വാളിഫയര്‍ ഒന്നിലും താരം കളിച്ചിരുന്നില്ല. താരങ്ങള്‍ക്ക് കളിക്കാനായില്ലെങ്കില്‍ പകരക്കാരെ ടീമിന് കണ്ടെത്തേണ്ടതുണ്ട്. ടിം സെയ്‌ഫേര്‍ട്ട്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവരെയായിരിക്കും ആദ്യ ഇലവനിലേക്ക് പരിഗണിക്കുക.
Content Highlights: Bengaluru miss two key players in the IPL Final report