ഈ ടീം എവിടെയുമെത്തില്ലെന്ന വിധിക്ക് ധോനിയും കീഴടങ്ങിയിരിക്കുന്നു - ആകാശ് ചോപ്ര

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കനത്ത പരാജയമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റുവാങ്ങിയത്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. രോഹിത്ത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറികളാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. പട്ടികയില്‍ നിലവില്‍ അവസാനസ്ഥാനത്താണെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട് ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോനി. അതേസമയം കാര്യങ്ങള്‍ വിചാരിച്ചപോലെ നടന്നില്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് ടീമിനെ ഒരുക്കണമെന്നും ധോനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ചെന്നൈയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ അവര്‍ യുവത്വം നിറഞ്ഞ ടീമായി മാറാന്‍ തുടങ്ങിയിരിക്കുന്നു. ആ മാറ്റം പ്രകടമാണ്. 20 വയസ്സുള്ള ഒരുപാട് യുവാക്കളെ അവര്‍ അണിനിരത്തുന്നുണ്ട്. ആയുഷ് മാത്രെ, ഷെയ്ക് റഷീദ്, നൂര്‍ അഹമ്മദ്, മതീഷ പതിരണ, അന്‍ഷുള്‍ കാംബോജ് തുടങ്ങിയവര്‍. - ആകാശ് ചോപ്ര ഒരു യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.
ആ മാറ്റമാണ് ധോനിയുടെ വാക്കുകളില്‍ നിന്ന് മനസിലാകുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു. അവര്‍ പൂര്‍ണമായും മാറുകയാണ്. ധോനിയും അത് വ്യക്തമാക്കിക്കഴിഞ്ഞു. ഈ ടീം എവിടെയുമെത്തില്ലെന്ന വിധിക്ക് അദ്ദേഹവും കീഴടങ്ങിയിരിക്കുന്നു. - ചോപ്ര പറഞ്ഞു.
നിലിവലെ സാഹചര്യത്തില്‍ പ്ലേ ഓഫിലേക്ക് പ്രവേശിക്കുകയെന്നത് ചെന്നൈ ടീമിനെ സംബന്ധിച്ച് പ്രയാസമേറിയതാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ആറ് തോല്‍വിയുമായി നാല് പോയന്റാണ് ടീമിന്റെ സമ്പാദ്യം. പട്ടികയില്‍ അവസാനസ്ഥാനത്തുമാണ്. ഈ ഘട്ടത്തിലാണ് ധോനിയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്.
Content Highlights: akash chopra on dhonis statement ipl csk loss