ക്ലൈമാക്‌സില്‍ അഞ്ചു കോടിക്ക് നാല് താരങ്ങള്‍; രാജസ്ഥാന്‍ ബ്രാത്‌വെയ്റ്റാണെന്ന് ആകാശ് ചോപ്ര

ഐപിഎല്‍ ലേലത്തിനിടെ രാജസ്ഥാന്‍ I Photo: twitter|IPL 2022
ഐപിഎല്‍ ലേലത്തിനിടെ രാജസ്ഥാന്‍ I Photo: twitter|IPL 2022

ബെംഗളൂരു: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ ട്വന്റി-20 ലോകകപ്പില്‍ അവസാന ഓവറില്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ വെസ്റ്റിന്‍ഡീസിനെ വിജയത്തിലെത്തിച്ച കാര്‍ലോസ് ബ്രാത്‌വെയ്റ്റിനോട് ഉപമിച്ച് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. യുട്യൂബ് ചാനലിലെ വീഡിയോയില്‍ രാജസ്ഥാന്റെ മികവിന് പത്തില്‍ എട്ടു മാര്‍ക്കും ചോപ്ര നല്‍കി.

'രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനത്തിന് ഞാന്‍ എട്ടു മാര്‍ക്ക് നല്‍കുന്നു. അവസാന ഓവറില്‍ അവര്‍ നാല് ഫോര്‍ അടിച്ചിരിക്കുന്നു. 2016 ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ പ്രകടനം പോലെ ആയിരുന്നു അത്. കാരണം അഞ്ചു കോടി രൂപ മുതല്‍ മുടക്കിലാണ് അവര്‍ നാല് മികച്ച വിദേശ താരങ്ങളെ ടീമിലെത്തിച്ചത്.

ലേലത്തിന്റെ സ്വഭാവംതന്നെ അവര്‍ മാറ്റിമറിച്ചു. ഇപ്പോള്‍ അവര്‍ കെട്ടുറപ്പുള്ള ടീമായി. ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ എന്നീ നാല് താരങ്ങള്‍ അണിനിരക്കുമ്പോള്‍ അവരുടെ മുന്‍നിര എങ്ങനെയായിരിക്കും എന്നത് കാത്തിരുന്ന് കാണണം. 

മധ്യനിരയില്‍ അവര്‍ക്ക് ഷിമ്രോന്‍ ഹെറ്റ്‌മെയറും റസ്സി വാന്‍ഡര്‍ ദസനമുണ്ട്. ബൗളിങ്ങില്‍ അശ്വിനും ചാഹലിനും ഒപ്പം പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടുമുണ്ട്. നഥാന്‍ കോള്‍ട്ടര്‍നൈലിനേയും വേണമെങ്കില്‍ കളിപ്പിക്കാം.' ആകാശ് ചോപ്ര വിശകലനം ചെയ്യുന്നു. 

താരലേലത്തിന്റെ ക്ലൈമാക്‌സില്‍ നാലു താരങ്ങളെയാണ് രാജസ്ഥാന്‍ ഒറ്റയടിക്ക് സ്വന്തമാക്കിയത്. മറ്റു ഫ്രാഞ്ചൈസികളുടെ പോക്കറ്റ് കാലിയായപ്പോഴാണ് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടറര്‍മാരായ ജിമ്മി നീഷാം, ഡാരില്‍ മിച്ചല്‍, ഓസീസ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍നൈല്‍, ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റസ്സി വാന്‍ഡര്‍ ദസന്‍ എന്നിവരെ രാജസ്ഥാന്‍ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കിയത്. 

Content Highlights: Aakash Chopra rates the Rajasthan Royals 8/10 for their picks at the IPL 2022 Auction

Content Highlights: