ജർമൻ അധിനിവേശത്തിന്റെ ഇരുണ്ട അധ്യായം വരച്ചുകാട്ടുന്ന 'മെഷേർസ് ഓഫ് മെൻ' | REVIEW

1904-ൽ, ജർമൻ തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ (ഇപ്പോൾ നമീബിയ) ഏകദേശം 120നും 150നും ഇടയിൽ ജർമൻ സൈനികർ കൊല്ലപ്പെട്ടു. അവരുടെ ഭൂമിയിലേക്കും ഉപജീവന മാർഗത്തിലേക്കുമുള്ള ജർമൻ സാമ്രാജ്യത്തിന്റെ കടന്നുകയറ്റത്തിനെതിരെയുള്ള തദ്ദേശീയരായ ആഫ്രിക്കൻ ജനതയുടെ ചെറുത്തുനിൽപ്പാണ് ജർമൻ സെെനകരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. മറുപടിയായി, ജർമൻ തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ ജനങ്ങൾക്ക് മറുപടി നൽകാൻ സൈന്യത്തെ അയച്ചു.
നാല് വർഷത്തിന് ശേഷം, രണ്ട് ആഫ്രിക്കൻ വിഭാഗങ്ങൾക്ക്, ഹെറെറോ, നാമ, സ്ത്രീകളും കുട്ടികളും അടക്കം ഏകദേശം 80,000 പേരെയാണ് നഷ്ടപ്പെട്ടത്. പലരും മരുഭൂമിയിലേക്ക് പലായനം ചെയ്തു. പല സ്ഥലങ്ങളിലും കോൺസെൻട്രേഷൻ ക്യാമ്പുകൾ സ്ഥാപിച്ചു. അതിജീവിച്ചവരെ ജർമൻ ഫാമുകളിലും നിർമ്മാണ സൈറ്റുകളിലും ചൂഷണം ചെയ്തു. ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ജർമൻ എത്തനോളജിസ്റ്റിന്റെ ജീവിതത്തിലൂടെ പറഞ്ഞുപോകുന്ന സിനിമയാണ് ലാർസ് ക്രോമെ സംവിധാനം ചെയ്ത 'മെഷേർസ് ഓഫ് മെൻ'.
19-ാം നൂറ്റാണ്ടിൽ ബെർലിനിൽ അലക്സാണ്ടർ ഹോഫ്മാൻ എന്ന ഗവേഷക വിദ്യാർഥി ഹെറെറോ, നാമ ഗോത്രങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തുന്ന വേളയിലാണ് കെസിയ എന്ന ഹെറെറോ വിഭാഗത്തിലെ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഭാഷാ വിവർത്തകയായ കെസിയയിൽ ആകൃഷ്ടനായ അയാൾ പിന്നീട് നമീബിയയിലെ ഒരു പര്യവേഷണത്തിൽ സെെന്യത്തിനൊപ്പം ചേരുന്നു. സെെന്യവും ഹെറെറോ വിഭാഗവും തമ്മിലുണ്ടാക്കുന്ന രക്തരൂക്ഷിതമായ പോരാട്ടത്തിനിടയിൽ കാണാതാകുന്ന കെസിയയെ കണ്ടെത്താനുള്ള ഹോഫ്മാന്റെ യാത്രകളാണ് ചിത്രം വരച്ചുകാട്ടുന്നത്. മികച്ച അഭിനയ പ്രകടനവും സംവിധാനവും തന്നെയാണ് ചിത്രത്തിൽറെ സവിശേഷത.
ശക്തമായ വർണവിവേചനമാണ് ചിത്രത്തിന്റെ പ്രമേയം. കറുത്ത വർഗക്കാരെക്കാൾ ബുദ്ധിയുള്ളവരും പരിണമിച്ചവരുമാണ് വെളുത്തവർഗക്കാരെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞരെയും ജർമൻ അധികാരികളെയും ചിത്രത്തിൽ വളരെ ആഴത്തിൽ കാണിക്കുന്നുണ്ട് സംവിധായിക. എല്ലാ മനുഷ്യരും ഒന്നാണെന്ന് തന്റെ പഠനത്തിലൂടെ തെളിയിക്കാനുള്ള ഹോഫ്മാന്റെ ശ്രമങ്ങൾ ഓരോ തവണയും പരാജയപ്പെട്ട് ഒടുവിൽ തന്റെ ധാർമികതയിൽ വിട്ടുവീഴ്ച ചെയ്യുന്ന സാഹചര്യത്തിലേക്ക് വരെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട് അന്നത്തെ സമൂഹവും അധികാരികളും. ജർമൻ കൊളോണിയലിസത്തിന്റെ ഇരുണ്ട അദ്ധ്യായം വളരെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട് 'മെഷേർസ് ഓഫ് മെൻ' എന്ന ചിത്രത്തിലൂടെ ലാർസ് ക്രോമെ.
Content Highlights: measures of men german movie review iffi 2023