ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആറാം ദിനം ശ്രദ്ധ നേടി 'ദി എക്സോർസിസ്റ്റ്'

പനജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആറാം ദിനം ശ്രദ്ധ നേടി ക്ലാസ്സിക് ഹൊറർ ചിത്രമായ 'ദി എക്സോർസിസ്റ്റ്'. വില്ലിയം ഫ്രീഡ്കിൻ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ റീസ്റ്റോർഡ് പതിപ്പാണ് മേളയിൽ പ്രദർശിപ്പിച്ചത്. റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിലാണ് ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയത്. നേരത്തെ തന്നെ ചിത്രത്തിനുള്ള മുഴുവൻ എന്റ്രി പാസ്സുകളും ഓൺലെെനായി ബുക്ക് ചെയ്ത് പോയിരുന്നു.
എൻ.എഫ്.ഐ ഹംഗറി, വാർണർ ബ്രദേഴ്‌സ്, ഡോവ്‌ഷെങ്ക നാഷണൽ ഫിലിം ആർക്കൈവ് ഉക്രെയ്‌ൻ, നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ എന്നിവർ ചേർന്നാണ് പഴയകാല ചിത്രങ്ങളുടെ ഫിലിം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എച്ച്.ഡി. ദൃശ്യമികവോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. 10 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തിയത്. ഇതിൽ ഏഴ് എണ്ണം ഇന്ത്യൻ സിനിമകളാണ്.
ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തിയ മലയാളം ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് മേളയിൽ ലഭിച്ചത്. സിനിമയുടെ സംവിധായകനും അണിയറപ്രവർത്തകരും ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയിരുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ദി അതർ വിഡോ, ആന്ത്രഗോജി എന്നീ ചിത്രങ്ങളാണ് കവിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയത്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മേളയുടെ ഏഴാം ദിവസം ഫ്രഞ്ച് ചിത്രം പാർട്ടി ഓഫ് ഫൂൾസ്, ഇറാനിയൻ ചിത്രം എന്റ്ലെസ് ബോർഡേഴ്സ്, ജർമൻ ചിത്രമായ ബോസ്നിയൻ പോട്ട് എന്നിവ പ്രദർശനത്തിനെത്തും.
Content Highlights: 'The Exorcist' grabs attention on Day 6 of Goa International Film Festival