കുട്ടിക്കുറുമ്പികളുടെ സാഹസിക യാത്ര| The Island of Lost girls Review

ഒരു സര്‍വൈവല്‍ ത്രില്ലറിന് പ്രേക്ഷരെ എത്രമാത്രം ചിരിപ്പിക്കാന്‍ സാധിക്കും? അതിനുള്ള ഉത്തരമാണ് ദ ഐലന്‍ഡ് ഓഫ് ലോസ്റ്റ് ഗേള്‍സ് എന്ന മെക്‌സികന്‍ ചിത്രം. മൂന്ന് കുട്ടികളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഈ മൂവരുടെയും അഭിനയ മികവാണ് ഈ സിനിമയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇംഗ്ലീഷില്‍ ഒരുക്കിയ ഈ മെക്‌സികന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആന്‍മേരി സ്‌കിമിതാണ്. ആന്‍മേരിയുടെ ഭര്‍ത്താവ് ബ്രയാന്‍ സ്‌കിമിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അവരുടെ മൂന്ന് പെണ്‍മക്കളാണ് ചിത്രത്തിലെ നായികമാര്‍. ബജാ മെക്സിക്കോയിലെ കടല്‍ ഗുഹകളിലെ ലൊക്കേഷനില്‍ ചിത്രീകരിച്ച ഈ സിനിമയിലെ അതിസാഹസികമായ രംഗങ്ങളെല്ലാം ഡ്യൂപില്ലാതെയാണ് ഈ മൂന്ന് കുട്ടികള്‍ അഭിനയിച്ചത്.
മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട സഹോദരങ്ങളാണ് എവില, ഓട്ടം, സ്‌കാര്‍ലറ്റ് എന്നിവര്‍. താല്‍ക്കാലികമായി ഒരു ഫോസ്റ്റര്‍ കെയറിലാണ് അവര്‍ താമസിക്കുന്നത്. ആരെങ്കിലും ദത്തടുത്താല്‍ തങ്ങള്‍ക്ക് പിരിയേണ്ടി വരുമെന്ന ഭയം ഏറ്റവും മുതിര്‍ന്ന കുട്ടിയായ എവിലയെ വേട്ടയാടുന്നു. അങ്ങനെയിരിക്കെയാണ് ആരോടും പറയാതെ ഒരു ദിവസം വീട്ടില്‍ നിന്ന് കടല്‍ തീരത്തേക്ക് ഒരു യാത്ര നടത്തമെന്ന് ഓട്ടം പറയുന്നത്. അവിലയ്ക്ക് അതൊരു നല്ല ആശയമായി തോന്നുന്നു. നാല് വയസ്സുകാരിയായ കുഞ്ഞനുജത്തി ഷാര്‍ലറ്റിനേയും കൂട്ടി മൂവരും കടല്‍തീരത്തേക്ക് യാത്ര തിരിക്കുന്നു. എന്നാല്‍ ഒരു സംഭവത്തെത്തുടര്‍ന്ന്, തിരമാലകളുടെ കുത്തൊഴുക്കില്‍ അകപ്പെടുന്നു. ഒരു സര്‍ഫ് ബോര്‍ഡുമായി എവിലയും ഓട്ടവും സ്‌കാര്‍ലറ്റിനെ രക്ഷിക്കാന്‍ കടലിലേക്ക് നീന്തി ചെയ്യുന്നു. സ്‌കാര്‍ലറ്റിനെ രക്ഷിക്കാനായെങ്കിലും സര്‍ഫ് ബോര്‍ഡ് തീരത്തേക്ക് അടുക്കാതെ ഉള്‍ക്കടലിലേക്ക് ഒഴുകി പോകുന്നു.
ആഞ്ഞടിക്കുന്ന തിരമാലകളും നൂറുകണക്കിന് കടല്‍ സിംഹങ്ങളും കടലാനകളും നിറഞ്ഞ ലോകത്താണ് മൂവരും ഒടുവില്‍ എത്തിച്ചേരുന്നത്. ഉയരുന്ന വേലിയേറ്റത്തോട് പൊരുതുമ്പോള്‍ ഒരുമിച്ച് നില്‍ക്കാന്‍ ഈ പെണ്‍കുട്ടികള്‍ ശ്രമിക്കുന്ന രംഗങ്ങളാണ് ഈ സിനിമയുടെ ഏറ്റവും വലിയ സൗന്ദര്യം. പ്രധാനകഥാപാത്രങ്ങള്‍ കൊച്ചുകുട്ടികള്‍ ആയതുകൊണ്ടായിരിക്കാം കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ആശങ്കയും ഭീതിയുമെല്ലാം പ്രേക്ഷകരിലും പ്രതിഫലിക്കും.
Content Highlights: the island of lost girls, mexican movie, malayalam review, iffi 2022,film