ട്വന്റി20 ലോകകപ്പ്; പാകിസ്താൻ യുടേണിലേക്ക്, ഇന്ത്യക്കെതിരായ മത്സരത്തിൽ കളിച്ചേക്കും

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
പാകിസ്താന്‍ ക്രിക്കറ്റ് ടീം |ഫോട്ടോ:AP
പാകിസ്താന്‍ ക്രിക്കറ്റ് ടീം |ഫോട്ടോ:AP

ഇസ്ലാമാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിൻവാങ്ങാനൊരുങ്ങി പാകിസ്താൻ. ഫെബ്രുവരി 15ന്  നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്താൻ ഇന്ത്യക്കെതിരെ ഇറങ്ങിയേക്കും. ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പാകിസ്താൻ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നത്.

ലാഹോറിൽ നടന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാകിസ്താൻ തീരുമാനം പിൻവലിക്കാനൊരുങ്ങുന്നത്.

ബഹിഷ്‌കരണത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അന്തിമ തീരുമാനം എടുക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐസിസിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ നഖ്‌വി പാക് സർക്കാരിനെ ധരിപ്പിച്ചതായാണ് വിവരം.

ചർച്ചയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യങ്ങളോട് ഐസിസി അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നാണ് പാകിസ്താൻ പറയുന്നത്. അതേസമയം യോഗത്തിൽ പാകിസ്താനും ബംഗ്ലാദേശും മുന്നോട്ടുവെച്ച ചില ആവശ്യങ്ങളോട് ഐസിസി നോ പറഞ്ഞായും റിപ്പോർട്ടുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ എന്നിവരടങ്ങുന്ന ഒരു ത്രിരാഷ്ട്ര പരമ്പര തുടങ്ങിയ ആവശ്യങ്ങൾ തള്ളിയതായാണ് വിവരം.

ചർച്ചകൾക്ക് ശേഷം പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിയാലോചിച്ച് ബോർഡിന്റെ നിലപാട് അന്തിമമാക്കാൻ ഐസിസി പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിക്ക് ഒരു ദിവസം സമയം നൽകിയിട്ടുണ്ട്. ഇന്നോ നാളെയോ മൊഹ്‌സിൻ നഖ്‌വി അന്തിമ തീരുമാനം പ്രഖ്യാപിക്കും.

Content Highlights: Pakistan Considers Reversing T20 World Cup Boycott Against India After Crucial ICC Meeting