കോലിയുടെ ക്യാച്ച് പറന്നുപിടിച്ച് ഗ്ലെന്‍ ഫിലിപ്‌സ്; ആരാധകരുടെ പൊങ്കാല ഫിലിപ്‌സ് കമ്പനിക്ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരത്തിനിടെ വിരാട് കോലിയെ പുറത്താക്കാന്‍ ഗ്ലെന്‍ ഫിലിപ്‌സ് എടുത്ത ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാകിസ്താനെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി ഫോമിലുണ്ടായിരുന്ന കോലിയെ ഒരു വണ്ടര്‍ ക്യാച്ചിലൂടെയാണ് ഫിലിപ്‌സ് മടക്കിയത്.
കിവീസ് നിരയിലെ മികച്ച ഫീല്‍ഡര്‍മാരില്‍ മുന്‍പന്തിയിലാണ് ഫിലിപ്‌സ്. 14 പന്തില്‍ നിന്ന് 11 റണ്‍സെടുത്തുനില്‍ക്കേ കോലി അടിച്ച പന്ത് ബാക്ക്‌വേഡ് പോയന്റ് ഏരിയയിലായിരുന്ന ഫിലിപ്‌സ് പറന്നുപിടിക്കുകയായിരുന്നു. ഇതുകണ്ട് കോലിപോലും ഒരു നിമിഷം അന്തംവിട്ടുനിന്നു.
എന്നാല്‍, 300-ാം ഏകദിനം കളിച്ച കോലിയെ പുറത്താക്കിയ ഗ്ലെന്‍ ഫിലിപ്‌സിനോടുള്ള ദേഷ്യം ആരാധകര്‍ തീര്‍ത്തത് ഇലക്ട്രോണിക് ബ്രാന്‍ഡായ ഫിലിപ്‌സിനോടാണ്. ഇലക്ട്രോണിക് ബ്രാന്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, എക്‌സ് അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ക്ക് താഴെ രോഷംപ്രകടിപ്പിച്ചുകൊണ്ടുള്ള ആരാധകരുടെ കമന്റുകളാണ്. രസകരമായ കമന്റുകളും ഇതിനിടയിലുണ്ട്.
ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏഴാം ഓവറിലാണ് വിരാട് കോലിയെപോലും ഞെട്ടിച്ച ഫിലിപ്‌സിന്റെ ക്യാച്ച്. മാറ്റ് ഹെന്റിയുടെ പന്തിലായിരുന്നു ഇത്.