പാകിസ്താന് അത്ര എളുപ്പമാവില്ല കാര്യങ്ങൾ; സ്വന്തം നാട്ടിലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇനിയുള്ള സാധ്യത

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസീലന്‍ഡിന്റെ മാറ്റ് ഹെന്റിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ പാക് താരം നസീം ഷായുടെ നിരാശ | Reuters
ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസീലന്‍ഡിന്റെ മാറ്റ് ഹെന്റിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ പാക് താരം നസീം ഷായുടെ നിരാശ | Reuters

കറാച്ചി: 1996 ലോകകപ്പിനുശേഷം പാകിസ്താന്‍ ആഥിതേയത്വം വഹിക്കുന്ന ആദ്യ ഐ.സി.സി. ടൂര്‍ണമെന്റാണ് ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി. ആഥിതേയരെന്ന നിലയില്‍ യോഗ്യത നേടിയ പാകിസ്താന്‍, ഉദ്ഘാടന മത്സരത്തില്‍ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍വെച്ച് ന്യൂസീലന്‍ഡിനോട് പരാജയമേറ്റുവാങ്ങി. നിലവിലെ ചാമ്പ്യന്‍മാരായ ടീമിന് സെമി ഫൈനലിലേക്കുള്ള യാത്ര കടുപ്പമായി. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താവുന്ന സാഹചര്യമൊഴിവാക്കുക പാകിസ്താന് ഇനി അത്ര എളുപ്പമാവില്ല. 

കഴിഞ്ഞദിവസം ന്യൂസീലന്‍ഡിനോട് 60 റണ്‍സിന് പരാജയപ്പെട്ടതോടെ നെറ്റ് റണ്‍റേറ്റ് -1.200 ആയി. ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് നിലവില്‍. കരുത്തരായ ഇന്ത്യയെയും ബംഗ്ലാദേശിനെയുമാണ് റിസ്‌വാനും സംഘവും ഇനി നേരിടാനുള്ളത്. ഈ രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ഏറക്കുറെ അവസാന നാലില്‍ ഇടംനേടാം. അപ്പോഴും നെറ്റ് റണ്‍റേറ്റ് ഒരു ഘടകമായി വന്നേക്കും. 

അതേസമയം ഒരു മത്സരത്തില്‍ മാത്രം ജയിച്ചാല്‍ അങ്ങേയറ്റം ദുഷ്‌കരമാകും കാര്യങ്ങള്‍. നെറ്റ് റണ്‍റേറ്റ്, മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ എന്നിവയെല്ലാം ആശ്രയിച്ചായിരിക്കും സാധ്യത. ഞായറാഴ്ച ഇന്ത്യക്കെതിരേ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പാകിസ്താന്റെ അടുത്ത മത്സരം. ഫെബ്രുവരി 27-ന് റാവല്‍പിണ്ടിയില്‍ ബംഗ്ലാദേശിനെയും നേരിടും.
 

Content Highlights: ic champions trophy pakistan vs new zealand