പി.ജയരാജന്‍ ഇത്തവണയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ല, ഇനിയങ്ങോട്ടും ഉണ്ടാവില്ല

പി.ജയരാജന്‍ | ഫോട്ടോ: മാതൃഭൂമി
പി.ജയരാജന്‍ | ഫോട്ടോ: മാതൃഭൂമി

കൊല്ലം: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ കണ്ണൂരില്‍ നിന്നുള്ള നേതാക്കളുടെ അപ്രമാദിത്വം ഉറപ്പിക്കുമ്പോഴും ജില്ലയിലെ മുതിര്‍ന്ന നേതാവായ പി.ജയരാജനെ ഇത്തവണയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്. കണ്ണൂരിലെ പാര്‍ട്ടിയുടെ നിര്‍ണായക ചാലകശക്തികളായിരുന്നു ജയരാജന്മാര്‍ എന്നറിയപ്പെട്ടിരുന്നു ഇ.പി.ജയരാജന്‍, പി.ജയരാജന്‍, എം.വി.ജയരാജന്‍ എന്നിവര്‍. ഇതില്‍ പാര്‍ട്ടിയിലെ സീനിയോരിറ്റി പരിഗണിച്ചാല്‍ ഇ.പിക്ക് തൊട്ടുതാഴെ പി.ജയരാജനാണ്. അദ്ദേഹത്തിന് സെക്രട്ടേറിയറ്റ് പ്രതിനിധി എന്ന പദവി എന്നന്നേക്കുമായി അന്യമാകുകയാണ്. 

75 വയസാണ് പാര്‍ട്ടിയുടെ നേതൃപദവികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി. ഇതനുസരിച്ചാണ് സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കളായ എ.കെ.ബാലന്‍, ആനാവൂര്‍ നാഗപ്പന്‍, പി.കെ.ശ്രീമതി തുടങ്ങിയവരെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കുന്നത്. ജനുവരി ഒന്ന് കണക്കാക്കി പ്രായപരിധി മാനദണ്ഡം നടപ്പാക്കിയത് കൊണ്ടുതന്നെ മെയ് മാസത്തില്‍ 75 പൂര്‍ത്തിയാകുന്ന ഇ.പി.ജയരാജന്‍, ജൂണില്‍ 75-ല്‍ എത്തുന്ന ടി.പി. രാമകൃഷ്ണന്‍ എന്നിവരെ ഒരുതവണ കൂടി സെക്രട്ടേറിയറ്റ് അംഗങ്ങളായി തുടരാന്‍ അനുവദിക്കുകയായിരുന്നു. 

പി.ജയരാജനെ സംബന്ധിച്ച് സി.പി.എം. സംസ്ഥാന സമിതി അംഗം എന്ന മേല്‍വിലാസത്തില്‍ തന്നെ തുടരാനാണ് പാര്‍ട്ടി വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ 72 വയസുള്ള പി.ജയരാജന് അടുത്ത സമ്മേളന കാലഘട്ടമാകുന്നതോടെ 75 വയസ് പിന്നിടുകയും ചെയ്യും. പ്രായപരിധി മാനദണ്ഡം കര്‍ശനമായി തുടരുമെന്ന പാര്‍ട്ടി നിലപാട് ആവര്‍ത്തിക്കുന്നത് കൊണ്ടുതന്നെ സി.പി.എം. സംസ്ഥാന സമിതിയില്‍ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിലേക്കുള്ള ഒരു പ്രമോഷന്‍ അദ്ദേഹത്തിന് ഇനി ലഭിക്കില്ലെന്ന് ഉറപ്പാണ്. 

ജയരാജന്മാരിലെ സീനിയോരിറ്റി പരിഗണിച്ചാല്‍ ഇ.പി. ജയരാജന്‍ കഴിഞ്ഞാല്‍ പിന്നെ പി.ജയരാജനാണ്. എന്നാല്‍, മൂന്നാം സ്ഥാനത്തുള്ള എം.വി.ജയരാജന്‍ ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രതിനിധിയായി എത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പരിഗണിക്കുന്നതിന് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടും സമ്മേളന പ്രതിനിധികളായവരും സംസ്ഥാന സമിതിയിലേയും എല്ലാവരെയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാനാവില്ലല്ലോയെന്ന ഒഴുക്കന്‍ മറുപടിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നല്‍കിയത്. 

പി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുന്ന വേളയില്‍ അദ്ദേഹത്തെ പുകഴ്ത്തി പുറത്തിറങ്ങിയ ഒരുപാട്ട് ആണ് അദ്ദേഹത്തിന്റെ രാഷ്ട്രിയ ഭാവിയുടെ ഗതി മാറ്റിവിട്ടതെന്ന് പറയാം. ആ പാട്ടിനെ ഒരു വ്യക്തിപൂജയായി കണക്കാക്കിയ പാര്‍ട്ടി ഇത് സി.പി.എമ്മിന്റെ രീതികള്‍ക്ക് വിരുദ്ധമാണെന്നാണ് നിലപാട് എടുത്തത്. പിന്നീട് രാഷ്ട്രിയ കേരളം ചര്‍ച്ച ചെയ്ത പല പ്രസ്താവനകളും വെളിപ്പെടുത്തലുകളും ഒന്നിന് പുറകെ ഒന്നായി വന്നതും പാര്‍ട്ടിയില്‍ അദ്ദേഹത്തെ അപ്രിയനാക്കി. 

പാര്‍ട്ടിയില്‍ പി.ജയരാജന്‍ ഒതുക്കപ്പെടുന്നുവെന്ന വികാരം ഉയര്‍ന്നതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആളുകളും പി.ജെ.ആര്‍മി എന്ന പേരില്‍ സമൂഹിക മാധ്യമങ്ങളില്‍ പൊതുവിടങ്ങളും പ്രത്യക്ഷപ്പെട്ടതും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആഡംബര ജീവിത നയിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചത് വലിയ തോതില്‍ വാര്‍ത്തയായിരുന്നു. 

പി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പാര്‍ട്ടി അദ്ദേഹത്തെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. ആ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്. എന്നാല്‍ അതേ സാഹചര്യത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍ വാസവന്‍ മത്സരിച്ചെങ്കിലും പാര്‍ട്ടി അതിന് ശേഷം അദ്ദേഹത്തെ വീണ്ടും തിരികെ സെക്രട്ടറിയാക്കി. പക്ഷേ പി.ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടി മറ്റൊരു നിലപാടാണ് സ്വീകരിച്ചത്.

Content Highlights: Veteran CPM leader P Jayarajan excluded from the partys state secretariat despite seniority