കോമണ്‍വെല്‍ത്ത് ഗെയിംസിന് പിന്നാലെ രണ്ട് പാക് ബോക്‌സിങ് താരങ്ങളെ കാണാതായി

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തിയ രണ്ട് പാകിസ്താന്‍ ബോക്‌സിങ് താരങ്ങളെ ബര്‍മിങ്ങാമില്‍ കാണാതായി. ഗെയിംസ് അവസാനിച്ചതിന് പിന്നാലെ പാകിസ്താന്‍ ബോക്‌സിങ് ഫെഡറേഷന്‍ സെക്രട്ടറി നസീര്‍ താങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ടീം പാകിസ്താനിലേക്ക് യാത്ര തിരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സുലൈമാന്‍ ബലൂച്, നസീറുള്ള എന്നീ രണ്ട് താരങ്ങളെ കാണതായത്. തിങ്കളാഴ്ചയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിച്ചത്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു യാത്ര രേഖകളും ഫെഡറേഷന്‍ സ്റ്റാഫുകളുടെ പക്കലാണ് ഉള്ളത്.
ബ്രിട്ടണിലുള്ള പാകിസ്താന്‍ ഹൈക്കമ്മീഷനെ ടീം മാനേജ്‌മെന്റ് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് നസീര്‍ താങ് പറഞ്ഞു.
സംഭവം അന്വേഷിക്കാന്‍ പാകിസ്താന്‍ ഒളിമ്പ്ക് അസോസിയേഷന്‍ നാലംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ബോക്‌സിങില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഒരു മെഡല്‍ പോലും നേടാന്‍ സാധിച്ചിരുന്നില്ല.
ഭാരോദ്വഹനത്തിലും ജാവലിന്‍ ത്രോയിലുമായി രണ്ട് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാകിസ്താന്‍ ആകെ നേടിയത്.
Content Highlights: Two Pakistani Boxers Missing In Birmingham After CWG 2022