സൈബർ ലോകത്തെ കെണികളിൽ വീഴരുത്; ജൂൺ ഒന്നിന് സ്കൂൾ വിദ്യാർഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും

.
.

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്ന ജൂൺ ഒന്നിന് സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. വർധിച്ചുവരുന്ന ഓൺലൈൻ ചതിക്കുഴികളെയും സുരക്ഷിതമല്ലാത്ത ഡിജിറ്റൽ ഇടപാടുകളെയും കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി വിപുലമായ ക്യാമ്പയിനാണ് സംസ്ഥാനത്ത് തുടക്കമിടുന്നത്.

കേരള പൊലീസിന്റെ സൈബർ വിഭാഗം നടപ്പിലാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായാണ് മുൻകൈ. കുട്ടികൾക്ക് ഡിജിറ്റൽ ലോകം സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം, സൈബർ ഭീഷണികളിൽ നിന്നുള്ള സംരക്ഷണം, ഓൺലൈൻ ഗെയിമിങ് കെണികൾ, വ്യാജവാർത്തകൾ തിരിച്ചറിയൽ, സ്വകാര്യതാ സംരക്ഷണം, ഡിജിറ്റൽ അഡിഷൻ, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ പദ്ധതിയുടെ പരിധിയിൽ വരുന്നുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി അടിസ്ഥാന സൈബർ സുരക്ഷാ പരിശീലനവും പരിപാടിയുടെ ഭാഗമായി നൽകും. കുട്ടികൾക്ക് കൂടുതൽ ആകർഷകമായ രീതിയിൽ സൈബർ സുരക്ഷാ ബോധവൽക്കരണം എത്തിക്കുന്നതിനായി ക്വിസ് മത്സരങ്ങളും മറ്റ് സംവേദനാത്മക പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

Content Highlights: On the school reopening day of June 1, students across Kerala will take a cyber security pledge as part of the Kerala Police's 'Kid Glove' initiative to raise awareness about online traps, safe digital environments, and social media safety.