മുഖ്യമന്ത്രിയോട് പോലും നിർഭയം സെൽഫിക്ക് അനുവാദം ചോദിക്കുന്നു; കുട്ടികൾ ഏറെ മാറിയെന്ന് മന്ത്രി

തിരുവനന്തപുരം: അറിവിന്റെ ലോകത്തേക്ക് ആദ്യമായെത്തുന്ന മൂന്ന് ലക്ഷത്തി പതിനായിരത്തോളം കുരുന്നുകളെയും കാത്ത് വിദ്യാലയമുറ്റങ്ങൾ ഉത്സവലഹരിയിലാണ്. പുതുയുഗ വിദ്യാലയം എന്ന കാഴ്ചപ്പാടോടെയാണ് പുതിയ അധ്യയനവർഷത്തിന് സർക്കാർ തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
ആധുനിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം
വിദ്യാഭ്യാസ രംഗത്ത് ആധുനികമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണം. കാലഹരണപ്പെട്ട കാര്യങ്ങളല്ല, മറിച്ച് ഏറ്റവും പുതിയ അറിവുകളാണ് കുട്ടികൾക്ക് പകർന്നു നൽകേണ്ടത്. ഇന്ന് നമ്മുടെ കുട്ടികൾ മത്സരിക്കേണ്ടത് ലോകത്തുള്ള മറ്റെല്ലാ കുട്ടികളോടുമാണ്. അതിനാൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ രംഗം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സർക്കാർ അധികാരമേറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സ്കൂളുകളിൽ സമയബന്ധിതമായി പാഠപുസ്തകങ്ങളും യൂണിഫോമുകളും എത്തിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
പഴയ കാലങ്ങളിൽ നിന്ന് വിഭിന്നമായി കുട്ടികളുടെ വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ വന്നതായി മന്ത്രി നിരീക്ഷിച്ചു. പണ്ട് കരഞ്ഞുകൊണ്ട് സ്കൂളിലെത്തിയിരുന്ന കുട്ടികൾക്ക് പകരം ഇന്ന് ആത്മവിശ്വാസത്തോടെ സ്കൂളിലെത്തുന്ന കുരുന്നുകളെയാണ് കാണാൻ സാധിക്കുന്നത്. മുഖ്യമന്ത്രിയോട് പോലും നിർഭയം സെൽഫി എടുക്കാൻ അനുവാദം ചോദിക്കുന്ന കുട്ടികൾ ഇന്നത്തെ തലമുറയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ പൂക്കളെപ്പോലെയാണ്, അവരെ നല്ല രീതിയിൽ പരിചരിച്ചാൽ സുഗന്ധം പരത്തി അവർ വിടരുമെന്നും അദ്ദേഹം ഉപമിച്ചു.
വിദ്യാഭ്യാസം ഏറ്റവും നല്ല നിക്ഷേപം
വിദ്യാഭ്യാസ രംഗത്തുള്ള നിക്ഷേപമാണ് ഏറ്റവും നല്ല നിക്ഷേപമെന്ന ഡോക്ടർ എസ്. രാധാകൃഷ്ണന്റെ വാക്കുകൾ മന്ത്രി ഓർമ്മിപ്പിച്ചു. റോഡുകളോ കെട്ടിടങ്ങളോ നിർമ്മിക്കുന്നതിനേക്കാൾ തലമുറകളിലേക്ക് പടരുന്ന ഗുണഫലമാണ് വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിലൂടെ ലഭിക്കുന്നത്. പാഠ്യപദ്ധതികൾക്കൊപ്പം സഹജീവികളോടുള്ള സ്നേഹവും കരുണയും പങ്കുവെപ്പിന്റെ സംസ്കാരവും ക്ലാസ്റൂമുകളിലൂടെ കുട്ടികൾക്ക് ലഭിക്കണമെന്നും മന്ത്രി ആശംസിച്ചു.
പ്രവേശനോത്സവ വിശേഷങ്ങൾ
പൂർണമായി എ.ഐ. ദൃശ്യമിഴിവോടെ ഒരുക്കിയ പ്രവേശനോത്സവ ഗാനത്തോടെയാണ് അധ്യയനവർഷത്തിന്റെ തുടക്കം കുറിച്ചത്. മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, മേയർ വി.വി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നീണ്ട പ്രസംഗങ്ങൾ ഒഴിവാക്കി കുട്ടികളുമായി സംവദിക്കുന്ന രീതിയിലുള്ള പരിപാടികളാണ് സ്കൂളുകളിൽ സംഘടിപ്പിച്ചത്. കേരള പോലീസ് സൈബർ വിഭാഗത്തിന്റെ ‘കിഡ് ഗ്ലോവ്’ പദ്ധതിയുടെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും സൈബർ സുരക്ഷാ പ്രതിജ്ഞയുമെടുത്തു.
സ്കൂളിലെത്തിയ കൊച്ചു കൂട്ടുകാർക്ക് മധുരപലഹാരങ്ങളും തൊപ്പിയും ബലൂണുകളും സമ്മാനങ്ങളും നൽകിയാണ് മന്ത്രി സ്വീകരിച്ചത്.
Content Highlights: The new academic year officially commenced in Kerala with Chief Minister V.D. Satheesan inaugurating the state-level Praveshanolsavam at Pattom Government Girls Higher Secondary School, welcoming over 3.1 lakh new students into a modernized, tech-focused education framework.