പെണ്‍കുട്ടികള്‍ പലതിലും മുന്നില്‍, പക്ഷെ വീടുകളില്‍ പഴയ മോഡല്‍ ഭാര്യയും അമ്മയും; ചർച്ചയായി പോസ്റ്റ്

പെണ്‍കുട്ടികള്‍ക്കൊപ്പമെത്താന്‍ ആണ്‍കുട്ടികള്‍ക്ക് എന്ത് കൊണ്ടാണ് കഴിയാതെ പോവുന്നത്? ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ അനുഭവക്കുറിപ്പെഴുതിയിരിക്കുകയാണ് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. എസ്.എസ്. ലാല്‍. പുതിയ തലമുറയിലെ യുവതികള്‍ പൊതുവേ അതീവ സമര്‍ത്ഥരാണ്. അവര്‍ എല്ലാ കാര്യത്തിലും മുന്നോട്ടുവന്നിരിക്കുന്നു. നല്ല ജോലികളും അവര്‍ നേടുന്നു. പക്ഷേ, വീടുകളില്‍ അവരില്‍ ഒരുപാട് പേര്‍ ഇപ്പോഴും പഴയ മോഡല്‍ ഭാര്യയും അമ്മയും മകളും മരുമകളുമൊക്കെയാണ്. മുൻവിധികളില്ലാത ഈ വിഷയം കൂടുതൽ ചർച്ച ചെയ്യാൻ നമ്മൾ തയ്യാറാകണം എന്നും അദ്ദേഹം തന്റെ ഫെയ്സബുക്കിൽ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
കഴിഞ്ഞ മാസം മനസില്‍ തട്ടിയ ഒരു കാഴ്ച. തിരുവനന്തപുരത്തു നിന്നും തൃശൂരേയ്ക്കുള്ള ട്രെയിന്‍ യാത്ര. എന്റെ കാബിനില്‍ ഒരു കുടുംബം കൂടി വന്നു. യുവ ദമ്പതികളും രണ്ട് മക്കളും. തന്റെ ബാഗുകള്‍ എതിര്‍ വശത്തെ സീറ്റിനടിയില്‍ വച്ചിട്ട് യുവാവ് ഞാനിരുന്ന നീണ്ട സീറ്റിന്റെ മറ്റേയറ്റത്ത് വന്നിരുന്നു. ഉടന്‍ തന്നെ കൈകള്‍ കോര്‍ത്ത് കെട്ടി. തനിക്കിനി ഒന്നും ചെയ്യാനില്ലെന്ന മട്ടില്‍ സ്വസ്ഥനായി ഇരുന്നു. സുന്ദരനും അരോഗദൃഢഗാത്രനുമായ യുവാവ്. വില കൂടിയ വസ്ത്രങ്ങളും.
അയാളുടെ ഭാര്യയുടെ കൈയില്‍ മൂന്ന് വയസ് തോന്നിക്കുന്ന കുഞ്ഞ്. അവന്‍ വലിയ വാശിയിലാണ്. മുക്കലും മൂളലും ചെറിയ കരച്ചിലുമുണ്ട്. അവള്‍ അവനെ എന്റെ എതിര്‍വശത്തുള്ള സീറ്റില്‍ കിടത്തി. ഏഴെട്ട് വയസ് തോന്നിക്കുന്ന മകളോട് ആ സീറ്റിന്റെ ഒരറ്റത്ത് ഇരിക്കാന്‍ പറഞ്ഞു. പിന്നെ ബാഗില്‍ നിന്ന് ഒരു നീണ്ട ടവല്‍ എടുത്ത് സീറ്റില്‍ വിരിച്ചിട്ട് ചെറിയ കൂട്ടിയെ അതിലേയ്ക്ക് മാറ്റിക്കിടത്തി. അവന്റെ നെറ്റിയില്‍ തൊട്ടുനോക്കിയിട്ട് ചേട്ടാ, ഇപ്പോഴും പനിയുണ്ട് എന്ന് പറഞ്ഞു. ചേട്ടന്റെ മുഖത്ത് വലിയ ഭാവവ്യത്യാസമില്ല. അയാളുടെ ശ്രദ്ധ ഫോണില്‍ കാണുന്ന റീലുകളിലായിക്കഴിഞ്ഞു. അതു കണ്ട് പൊട്ടിച്ചിരിക്കുന്നുമുണ്ട്.
യുവതി ഒരു ചെറിയ തുണിയില്‍ വെളളം നനച്ച് കുഞ്ഞിനെ തുടച്ച് പനി കുറയ്ക്കാന്‍ നോക്കി. പിന്നെ കുട്ടിയെ ഒരു സിറപ്പും കുടിപ്പിച്ചു. പതിയെ പനിവിട്ട് അവന്‍ ശാന്തനായി ഉറങ്ങി. അപ്പോള്‍ യുവതി ഒരു ബുക്കെടുത്ത് മകളെ പഠിപ്പിക്കാന്‍ തുടങ്ങി. മകള്‍ സന്തോഷത്തോടെ പഠിക്കുന്നു. ഇതിനിടയില്‍ ഭര്‍ത്താവിനും മകള്‍ക്കും കഴിക്കാന്‍ ചില വസ്തുക്കളൊക്കെ യുവതി കൊടുത്തു. കിട്ടിയതെല്ലാം ഭര്‍ത്താവ് തൃപ്തിയായി കഴിച്ചു. ഭക്ഷണം കഴിക്കാനും ഫോണില്‍ സംസാരിക്കാനും മാത്രമാണ് അയാള്‍ വായ തുറന്നത്. ചില തമാശയൊക്കെ പറയാന്‍ യുവതി ശ്രമിച്ചെങ്കിലും അയാള്‍ വലുതായി അയയുന്നില്ല. ചേട്ടാ സന്തോഷമായിരിക്ക് എന്നൊക്കെ യുവതി പറയുന്നുണ്ട്.
കുറച്ചു കഴിഞ്ഞപ്പോള്‍ ഉണര്‍ന്ന് കരഞ്ഞ മകനെ അവര്‍ എടുത്ത് ടോയ്‌ലറ്റിലേയ്ക്ക് കൊണ്ടു പോയി. ഭര്‍ത്താവ് അവിടെത്തന്നെയിരുന്നു. കൈയിലിരുന്ന ബുക്ക് നോക്കി അയാളുടെ മകള്‍ സംശയം ചോദിക്കാന്‍ തുടങ്ങി. ഒന്നു രണ്ട് ചോദ്യങ്ങള്‍ക്ക് അയാള്‍ മറുപടി നല്‍കി. കൂടുതല്‍ ചോദ്യങ്ങള്‍ അയാളുടെ റീല്‍ വിനോദത്തെ തടസപ്പെടുത്തി. മര്യാദയ്ക്ക് അവിടെയിരുന്ന് വായിക്കാന്‍ കുട്ടിയോട് അയാള്‍ ദേഷ്യത്തില്‍ പറഞ്ഞു. കുട്ടി പിണങ്ങിയപ്പോള്‍ അവളെ എടുത്ത് ടെയിനിന് പുറത്തിടുമെന്ന് അയാള്‍ പറഞ്ഞു. അതോടെ അവള്‍ കരച്ചിലായി. ഭാര്യ ചെറിയ കുഞ്ഞിനെ വൃത്തിയാക്കി കൊണ്ടുവരുമ്പോഴേയ്ക്കും മകളുടെ കരച്ചിലാണ് കാഴ്ച. ഇളയ കുഞ്ഞിനെ സീറ്റില്‍ കിടത്തി താരാട്ടി. മകളെ സമാധാനിപ്പിച്ചു. മകന്‍ ഉറങ്ങിയപ്പോള്‍ യുവതി ലാപ്‌ടോപ്പ് തുറന്ന് തിരക്കിട്ട് എന്തോ ജോലി ചെയ്തു.
കുറച്ച് സമയം കൂടി കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ എന്നോട് മിണ്ടി. എന്റെ യാത്ര എവിടേയ്ക്കാണെന്നാണ് ചോദ്യം. ഞാന്‍ ഉടനെങ്ങാനും ഇറങ്ങുന്നുണ്ടെങ്കില്‍ ആ സീറ്റില്‍ കിടക്കാന്‍ വേണ്ടിയായിരുന്നെന്ന് തോന്നി. ഈയവസരം നോക്കി രണ്ടുപേരോടും ഞാന്‍ സംസാരിച്ചു. ചെന്നൈയില്‍ ഐ.റ്റി ജോലിക്കാരാണ് രണ്ടുപേരും.
ചെറുപ്പക്കാരന്റ പെരുമാറ്റം കണ്ട് എനിക്ക് ക്ഷമ നശിച്ചിരുന്നു. കണ്‍മുന്നില്‍ ബുദ്ധിമുട്ടുന്ന ഒരു മകളുടെ അച്ഛന്റെ മാനസികാവസ്ഥയിലായിരുന്നു ഞാന്‍. രണ്ടുപേരെയും മാറിമാറി നോക്കി ഞാന്‍ പറഞ്ഞു.
'ഒരു സ്ത്രീയുടെ ബുദ്ധിമുട്ടുകള്‍ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. ഇളയ കുഞ്ഞിന്റെ ചികിത്സ, മൂത്ത കുട്ടിയുടെ പഠിത്തം, ഭര്‍ത്താന്റെയും മക്കളുടെയും ഭക്ഷണം, സ്വന്തം ജോലി. സഹോദരി ഒരു നിമിഷം വിശ്രമിക്കുന്നത് കണ്ടില്ല. നമ്മുടെ എല്ലാ വീടുകളിലെയും സ്ത്രീകളുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെ തന്നെയാണ്. പിന്നെ, ഞങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഇങ്ങനെ കൈയും കെട്ടി ഫോണും നോക്കി ഇരുന്നാല്‍ മതിയല്ലോ.'
യുവാവിനെ തോണ്ടിയതാണെങ്കിലും ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ യുവതിക്കാണ് മനസിലായത്. അവര്‍ ചമ്മിയ ചിരിയോടെ എന്നെ നോക്കി. യുവാവിന് തന്റെ അവസ്ഥയില്‍ അഭിമാനം തോന്നിയതുപോലെയും.
ഞാന്‍ വര്‍ത്തമാന ജീവിതത്തില്‍ കണ്ട അപൂര്‍വ കാഴ്ചയൊന്നുമല്ല ഇത്. ഇത്തരം കാഴ്ചകള്‍ ഞാന്‍ കാണുന്ന പല കുടുംബങ്ങളിലുമുണ്ട്. അതിനാല്‍ ഒരു കുടുംബത്തെ കണ്ടിട്ട് സാമാന്യവല്‍ക്കരിക്കുകയല്ല. അതിനാല്‍ ഇനിയും പല അനുഭവങ്ങള്‍ എഴുതാനുണ്ട്.
പുതിയ തലമുറയിലെ യുവതികള്‍ പൊതുവേ അതീവ സമര്‍ത്ഥരാണ്. അവര്‍ എല്ലാ കാര്യത്തിലും മുന്നോട്ടുവന്നിരിക്കുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ പല വിദ്യാലയങ്ങളിലും ഞാന്‍ ക്ലാസുകള്‍ക്ക് പോകാറുണ്ട്. അവിടെയൊക്കെ ഇപ്പോള്‍ ഭൂരിഭാഗവും വനിതകളാണ് പഠിക്കുന്നത്. പഴയതു പോലല്ല. നല്ല ജോലികളും അവര്‍ നേടുന്നു. പക്ഷേ വീടുകളില്‍ അവരില്‍ ഒരുപാട് പേര്‍ ഇപ്പോഴും പഴയ മോഡല്‍ ഭാര്യയും അമ്മയും മകളും മരുമകളുമൊക്കെയാണ്. പുരുഷന്മാര്‍ ഒരുപാട് പേര്‍ ഇപ്പോഴും പഴയ അവസ്ഥയില്‍ പുരുഷ സിംഹങ്ങളാണ്.
നാട്ടില്‍ വിവാഹമോചനങ്ങള്‍ കൂടുന്നതിന് ഇതൊക്കെ മുഖ്യ കാരണമായിരിക്കാം. കൂടുതല്‍ പഠിച്ച പെണ്‍കുട്ടികള്‍ കല്യാണത്തിന് മടിക്കുന്നതിനും ഇതൊക്കെ കാരണമായിരിക്കാം. കേരളം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് മറ്റ് പലരേയും പോലെ ഞാനും പറയാന്‍ ശ്രമിക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പമെത്താന്‍ ആണ്‍കുട്ടികള്‍ക്ക് കഴിയുന്നില്ല. മുന്‍വിധികളില്ലാത ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ തയ്യാറാകണം.
Content Highlights: SS Lal post on women in Kerala,feminism, Social, fb post