കുട്ടിക്കാലത്ത് പൂവാല ശല്യം നേരിട്ടപ്പോഴൊക്കെ അവർ പറഞ്ഞു, നീയൊരു പരിഷ്‌കാരി, കുറ്റം നിന്റേത്

സെലിന ജെയ്റ്റ്ലി പങ്കുവെച്ച കുട്ടിക്കാല ചിത്രം (ഇടത്ത്)
സെലിന ജെയ്റ്റ്ലി പങ്കുവെച്ച കുട്ടിക്കാല ചിത്രം (ഇടത്ത്)

മോഡേണ്‍ വേഷം ധരിച്ച് പുറത്തിറങ്ങുമ്പോള്‍ വൈകൃത നോട്ടങ്ങളും ഉപദ്രവവും നേരിട്ടാലും ഇരയാക്കപ്പെടുന്നവളെയാണ് ചിലപ്പോൾ കുറ്റക്കാരിയാക്കുന്നത്. അതില്‍ ചില അധ്യാപകരുടെ മനോഭാവം പോലും വിഭിന്നമല്ല എന്ന് പറഞ്ഞു കൊണ്ട് കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളൈകുറിച്ച് തുറന്നു പറയുകയാണ് നടിയും മോഡലും ആക്ടിവിസ്റ്റുമായ സെലീന ജെയ്റ്റ്‌ലി. 

തന്റെ പഴയകാല സ്‌കൂള്‍ ചിത്രത്തിനൊപ്പം എക്‌സില്‍ പങ്കുവെച്ച കുറിപ്പ് വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം

ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള ചിത്രമാണിത്. ഈ കാലത്ത് അടുത്തുള്ള യൂണിവേഴ്‌സിറ്റിയിലെ ആണ്‍കുട്ടികള്‍ എന്നെ കാത്തു പുറത്ത് നിൽക്കുമായിരുന്നു. എന്റെ സ്‌കൂള്‍ റിക്ഷയ്ക്ക് പുറകെ ചൂളം വിളിച്ച് അവർ പലദിനവും എന്നെ പിന്തുടര്‍ന്നു. കണ്ടില്ലെന്ന് നടിച്ചപ്പോള്‍ നടുറോഡില്‍ എന്റെ ശ്രദ്ധ കിട്ടാനായി അവര്‍ കല്ലെടുത്തെന്നെ എറിയുന്ന അവസ്ഥ വരെയുണ്ടായി. 

" അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാത്ത തലയില്‍ എണ്ണതേച്ച് മുടി രണ്ടായി പിന്നിയിടാത്ത പരിഷ്‌കാരി പെണ്ണായതു കൊണ്ടാണ്" ചെക്കന്‍മാര്‍ ഇങ്ങനെ പെരുമാറുന്നതെന്നായിരുന്നു ഈ പ്രശ്‌നം അറിയിച്ചപ്പോള്‍ അധ്യാപിക പ്രതികരിച്ചത് . ഇതേ പ്രായത്തിലാണ് ഏതോ ഒരപരിചിതൻ എനിക്ക് നേരെ  ലൈംഗീകാവയവ പ്രദര്‍ശനം നടത്തിയതും. അതും രാവിലെ സ്‌കൂളിലേക്ക് പോവാനായി ഓട്ടോ കാത്തു നില്‍ക്കുമ്പോള്‍. അധ്യാപികയുടെ വാക്കുകള്‍ മനസ്സില്‍ ധ്യാനിച്ച് ഇതെന്റെ കുറ്റമെന്ന് തന്നെയെന്ന് ഞാന്‍ മനസ്സില്‍ ആണയിട്ടു കൊണ്ടേയിരുന്നു. 11ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവരെന്റെ സ്‌കൂട്ടിയുടെ ബ്രേക്ക് മുറിച്ചത്. എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്തവരെ ഞാന്‍ ഗൗനിക്കാത്തിനാലാണ് ഇതുമെനിക്ക് നേരിടേണ്ടി വന്നത്. ജീന്‍സിട്ട് മുടി മുറിച്ച് അത് പാറിപ്പിച്ച് സ്‌കൂട്ടിയും ഓടിച്ച് പരിഷ്‌കാരിപ്പെണ്ണായി വരുന്നതു കൊണ്ടാണ് നീയൊരു ലൂസ് കാരക്ടറാണെന്ന് ആണ്‍കുട്ടികള്‍ ധരിക്കുന്നതെന്നുവരെയുള്ള  ഉപദേശവും അധ്യാപികയുടെ  ഭാഗത്തു നിന്നുണ്ടായി. സ്വയ രക്ഷക്കാായി ബ്രേക്ക് വയറുകള്‍ മുറിഞ്ഞ സ്‌കൂട്ടറില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിന്നുമോര്‍ക്കുന്നു. എനിക്ക് നന്നായി മുറിവേറ്റു. എന്റെ സ്‌കൂട്ടിയും തകര്‍ന്നു. പക്ഷെ എന്നിട്ടും കുറ്റമെന്റേതായിരുന്നു. ശാരീരികമായും മാനസ്സികമായും ഞാന്‍ തകര്‍ന്നു. എന്നിട്ടും അവര്‍ ആവര്‍ത്തിച്ചു കുറ്റമെന്റേതെന്ന്. 

രണ്ട് യുദ്ധത്തില്‍ പങ്കെടുത്ത് കൊണ്ട് കേണലായി വിരമിച്ച എന്റെ മുത്തച്ഛന് എല്ലാ ദിവസവും എനിക്ക് എസ്‌കോര്‍ട്ട് നല്‍കേണ്ട ഗതികേടില്‍ വരെ കാര്യങ്ങളെത്തി. തെറ്റായ പല വാക്കുകളും പറഞ്ഞ് അവരെന്റെ മുത്തച്ഛനെയും പരിഹസിച്ചു. ഇനി നമ്മള്‍ എഴുന്നേറ്റ് നിന്ന് നമ്മുടെ നമ്മുടെ അവകാശത്തിനായി നിലകൊള്ളണം. കുറ്റം നമ്മുടേതല്ലെന്ന് ഉറക്കെ പറയണം.
 

Content Highlights: Celina Jaitly,harassment,school days,it is her fault, bullying,modern girl,