സ്‌പെഷല്‍ പരിഗണന വേണ്ടവര്‍, കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍

By: അഞ്ജയ് ദാസ്‌
കേരളത്തിലെ വിദ്യാഭ്യാസമേഖല ഇന്ന് വളരെയധികം മുന്നോട്ടുപോയിരിക്കുന്നു. അത് പഠനമികവിന്റെ കാര്യത്തിലായാലും സാങ്കേതികമികവിന്റെ കാര്യത്തിലായാലും. എന്നാല്‍ മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരുവിഭാഗമുണ്ട് നമുക്കിടയില്‍. സ്‌പെഷല്‍ സ്‌കൂളുകള്‍. ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമായി നോക്കാം.
ശാരീരികമായും മാനസികമായും കുടുംബപരമായും ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ഓരോ കുട്ടിയും അവരുടെ ജീവിതം മുന്നോട്ട് തള്ളിനീക്കുന്നത്. ഇവരുടെയും ഇവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരുടേയും പുനരധിവാസത്തിനായി ആവശ്യമുയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിനൊടുവിലാണ് വിഷയത്തെപ്പറ്റി പഠിക്കാനായി ഡോ.എം.കെ.ജയരാജന്‍ കമ്മിറ്റി നിയോഗിക്കപ്പെടുന്നത്. ഇതുവരെ അറിയാതിരുന്ന പലവിഷയങ്ങളും റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലോകമറിഞ്ഞു. സര്‍ക്കാരിന് തന്നെ ഇവരുടെ പുനരധിവാസത്തിന് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണെന്നായിരുന്നു കമ്മീഷന്റെ പ്രാഥമികമായ നിഗമനം.
സ്വന്തമായി ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിക്കാന്‍ പറ്റാത്ത ഇവര്‍ മറ്റ് ഭിന്നശേഷിയുള്ളവരേക്കാള്‍ എണ്ണത്തില്‍ക്കൂടുതലാണ് എന്നതാണ് അതിലെ മറ്റൊരു വിവരം. ജനസംഖ്യയില്‍ മൂന്ന് ശതമാനമാണ് ഇവരുടെ അംഗസംഖ്യ. ഇവരെ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ വളരെ പരിമിതമായിരുന്നു. രോഗാവസ്ഥ നേരത്തെ കണ്ടെത്തുകയും ഇടപെടുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളിലെ വൈകല്യത്തിന്റെ സങ്കീര്‍ണത ഏതാണ്ട് 80 ശതമാനം കുറച്ചുകൊണ്ടുവരാനാവും. വിദ്യാഭ്യാസ മേഖല പൂര്‍ണമായും അവഗണിക്കപ്പെട്ടിരുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചാലഞ്ച്ഡ് എന്ന സ്ഥാപനം മാത്രമാണ് സര്‍ക്കാരിന്റെ നോട്ടമുള്ളത് എന്ന് പറയാവുന്നത്. ബാക്കിയുള്ളവയെല്ലാം നടത്തുന്നത് സന്നദ്ധസംഘടനകളുടെ സഹായം കൊണ്ടുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തൊഴില്‍ പരിശീലനത്തിനുള്ള മാര്‍ഗങ്ങള്‍ കേരളത്തിലെങ്ങുമില്ല. തൊഴില്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങളുമില്ല. ചൂഷണമാണ് ഇവരനുഭവിക്കുന്ന മറ്റൊരു വലിയ പ്രശ്‌നം. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പെണ്‍കുട്ടികളും ആണ്‍കുട്ടികളും അത് ഒരുപോലെ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി 12 ഓളം ഹിയറിങ്ങുകളാണ് കമ്മീഷന്‍ നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഹിയറിങ്ങിലൂടെ 30,000 ആളുകളെയാണ് ഡോ.ജയരാജ് കമ്മീഷന്‍ കണ്ടത്. അവര്‍ സമര്‍പ്പിച്ച രേഖകള്‍ 12,000 എണ്ണം വരും. 2012-ല്‍ നല്‍കിയ റിപ്പോര്‍ട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗൗരവമായി പരിഗണിച്ചിരുന്നുവെന്ന് ഡോ.എം.കെ.ജയരാജ് പറഞ്ഞു.
നാലോ അഞ്ചോ ഉന്നതതലയോഗങ്ങള്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. 168 ശുപാര്‍ശകളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 125 ഓളം ശുപാര്‍ശകളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതിലൊന്നില്‍പ്പോലും ദ്രുതഗതിയിലുള്ള നടപടി ഉണ്ടായിട്ടില്ല എന്നതാണ് ഖേദകരം.
(തുടരും)


VIEW ON mathrubhumi.com


READ MORE SOCIAL STORIES: