ജയറാമും ഗണേഷും ദിലീപിനെ കാണുമ്പോള്‍

By: ഡോ. എം. സുമിത്ര
എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ആലുവ ജയിലിലാണ് ദിലീപ്. ഓണക്കാലത്ത് ആദ്യമായി തുറുങ്കില്‍ കിടന്നു നടന്‍. വിധിവിഹിതമേവനും ലംഘ്യമല്ലെന്ന് പുറത്തുള്ളവരെ ഓര്‍മ്മിപ്പിച്ചു കൊണ്ട്. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകണം എന്നാണല്ലോ കുറച്ചുകാലമായി ചൊല്ല്. പഴഞ്ചൊല്ലില്‍ പതിരില്ല. മില്‍മ പാല്‍ ഇനിയും കയ്ച്ചിട്ടില്ല. കേസിനെ ദിലീപ് നിയമപരമായും രാഷ്ട്രീയമായും ചലച്ചിത്രപരമായും നേരിടട്ടെ. ആര്‍ക്കും വിരോധം ഏതുമില്ല.അച്ഛന്റെ ശ്രാദ്ധമൂട്ടാന്‍ ദിലീപിന് മണിക്കൂറുകള്‍ മാത്രം ജാമ്യം അനുവദിച്ചിട്ടുണ്ട് കോടതി. അതിന് മുമ്പായി ആലുവ ജയിലിലേക്ക് കടന്നെത്തുകയാണ് നമ്മുടെ പ്രിയ താരങ്ങള്‍.
ജയറാം ചെന്നത് ഓണക്കോടിയുമായാണ്. 'ഒന്നും പറയാനില്ല. ഒന്നും പറയാനില്ല. എത്രയോ കാലമായി ഞങ്ങള്‍ തമ്മില്‍ ഓണക്കോടി കൈമാറാറുണ്ട്. അതു പോലെ മാത്രമേയുള്ളൂ. ഒന്നുമില്ല.' ജയിലില്‍നിന്ന് പുറത്തു വന്ന് ദിലീപിനെ കണ്ട ശേഷം ജയറാം പറഞ്ഞു. സംവിധായകന്‍ രഞ്ജിത് ദിലീപിനെ കണ്ടു. കെ.ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ നിര്‍മ്മാതാക്കള്‍ ദിലീപിനെ കണ്ടു. ബെന്നി പി. നായരമ്പലം കണ്ടു. ആന്റണി പെരുമ്പാവൂര്‍ കണ്ടു. പ്രമുഖരുടെ തീര്‍ത്ഥാടനം തുടരുകയാണ് ജയിലിലേക്ക്.
മീനാക്ഷിയുമൊത്തു കാവ്യ മാധവന്‍ ദിലീപിനെ കാണുന്നതു പോലെ നിര്‍ദോഷമാണോ ഈ സന്ദര്‍ശനങ്ങള്‍? കനകമൈലാഞ്ചി നീരില്‍ തുടുത്ത ദിലീപിന്റെ വിരല്‍ തൊട്ടപ്പോള്‍ നമ്മുടെ മഹാനടന്മാരില്‍ ആരുടെയൊക്ക ഉള്ളില്‍ കിനാവു ചുരന്നു? കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ കിരണമേറ്റ് ആരുടെയുക്കെ ചില്ലകള്‍ പൂത്തു? അറിയാന്‍ അവകാശമുണ്ട് ഓരോ പ്രേക്ഷകനും.
ശരിയാണ്. ദിലീപ് കുറ്റവാളിയെന്ന് കോടതി ഇനിയും വിധിച്ചിട്ടില്ല. എന്നാല്‍ പാലിയം സത്യാഗ്രഹത്തിന് പട നയിച്ചതിനല്ല പാവം ദിലീപിനെ വിലങ്ങു വച്ചത്. സാക്ഷരകേരളത്തിന് ഇനിയും ഞെട്ടല്‍ മാറാത്ത ചില സംശയങ്ങള്‍ ഉള്ളതിനാലാണ്. ചില സംശയങ്ങളാകട്ടെ കൂടുതല്‍ ദൃഢമാവുകയുമാണ്. നിറ കൊണ്ട ഒരു പാതിരാവില്‍ കണ്ണീരിന്റെ പുഴയുമായി ലാലിന്റെ വീട്ടിലേക്ക് കടന്നു ചെന്ന ഒരു പെണ്‍കുട്ടിയുണ്ട്. ഒറ്റ രാത്രി കൊണ്ട് പേരു നഷ്ടമായ പെണ്‍കുട്ടി. നമ്മളില്‍ ഒരാളാണ് അവള്‍. ഇവരുടെയൊക്കെ സഹപ്രവര്‍ത്തകയാണ് അവള്‍.
എറണാകുളത്ത് പിന്നാലെയെത്തിയ സായാഹ്നത്തില്‍ മലയാളത്തിന്റെ ചലച്ചിത്രപ്രതിഭകളുടെ കണ്ണീരും വിതുമ്പലും തേങ്ങലുകളും നാം കണ്ടു. അവള്‍ക്ക് നീതി വേണമെന്ന് അവര്‍ പറഞ്ഞു. അവള്‍ക്ക് നീതി കിട്ടിയോ? അവള്‍ക്ക് ഓണസമ്മാനവുമായി എത്ര നടന്മാര്‍ ചെന്നു? മാവേലിയൊഴിച്ച് മറ്റാരും ചെന്നത് മലയാളി അറിഞ്ഞിട്ടില്ല. അവിടെയാണ് ജയില്‍ സന്ദര്‍ശനങ്ങള്‍ വേദനയാകുന്നത്. സിനിമയില്‍ വന്നകാലത്തെ പോലെ നിസ്സഹായനായല്ല ഇന്ന് ദിലീപ്. നിയമസഹായം നിഷേധിക്കപ്പെട്ട ഇരയല്ല ദിലീപ്. മുന്തിയ അഭിഭാഷകരെ മുന്നില്‍ നിര്‍ത്തി വാദിക്കാന്‍ കെല്‍പുണ്ട് ദിലീപിന്. സിംഹാസനങ്ങളില്‍ തുരുമ്പ് കണ്ടെന്നിരിക്കാം. പക്ഷേ നീതിദേവതയോട് കാര്യം പറയാന്‍ ദിലീപിന് ഫാന്‍സ് അസോസിയേഷനിലെ ഏതംഗത്തേക്കാളും ശേഷിയുണ്ട്.
ഇനി ജയറാമിന്റെ കാര്യം നോക്കുക. ദിലീപിനെ പോലെ തന്നെ മിമിക്രിയുമായാണ് ജയറാമും വന്നത്. സിനിമയിലേക്ക് പത്മരാജനെ കാണാന്‍ ചെന്നപ്പോള്‍ അനുഗ്രഹീത കഥാകൃത്ത് മലയാറ്റൂര്‍ രാമകൃഷ്ണന്‍ കൊടുത്ത കത്ത് കീശയില്‍ ഭദ്രമായിരുന്നു. വിധി വേട്ടയാടിയ അപരനില്‍നിന്ന് മലയാള കുടുംബങ്ങളുടെ പ്രിയ താരമായി ജയറാം മാറി. ഓണത്തിന് മലയാളിയുടെ അഭിമാന മുണ്ട് തിരഞ്ഞെടുക്കാന്‍ ജയറാമിനെ പ്രാപ്തനാക്കിയത് സ്വന്തമെന്ന ആ പ്രതിച്ഛായയാണ്.
അമ്പലപ്പറമ്പുകളില്‍ കഥാപ്രസംഗത്തിന് ആളു കുറഞ്ഞ കാലത്താണ് വി.എസ്. അച്യുതാനന്ദന്‍ മാറി ഇ.കെ. നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയത്. കഥാപ്രസംഗത്തിന് വംശനാശം വന്നപ്പോള്‍ വി.എസ്. തിരിച്ചെത്തിയപ്പോഴേക്കും സമൂഹത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ കണ്ട അതിമാനുഷര്‍ സിനിമയില്‍ നായകരായി മാറി. അവര്‍ മുന്നോട്ടുവച്ച പരിഹാരങ്ങളാവട്ടെ ഒരു കാലത്തും യഥാര്‍ത്ഥമായിരുന്നുമില്ല.
ജയറാമും സിദ്ദിഖും സൈനുദ്ദീനുമെല്ലാം ആബേലച്ചന്റെ ശിഷ്യരായി വന്ന കാലത്ത് അവരുടെ തൊണ്ടവേലകളില്‍ നാട് കണ്ടത് മാറാത്ത തങ്ങളെ തന്നെയാണ്. പരിഹാസത്തിന്റെ ശീലുകളാല്‍ അവര്‍ സമൂഹത്തിലേക്കിറങ്ങി. അന്നും പ്രമുഖമായിരുന്ന കമ്പോളസിനിമയിലെ തൊട്ടുകൂടായ്മകളില്‍ മനം മടുത്ത നാടിന് പുതിയ കുട്ടികളെല്ലാം പ്രിയങ്കരരായി. അതില്‍ ഒടുവില്‍ വന്നവരില്‍ പെടും ദിലീപും ഹരിശ്രീ അശോകനുമൊക്കെ.
സിനിമ മാത്രം തകരുകയും മൊത്തം കേരളം അപഭ്രംശത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്ത കാലത്തൊന്നുമല്ല നാം ജീവിക്കുന്നത്. മുന്‍ഗാമികളുടെ പാദതൂളികള്‍ ശിരസ്സണിയാന്‍ മാത്രമേ നമുക്ക് അര്‍ഹതയുള്ളൂ എന്ന് തോന്നാറുണ്ട്. അത് ഭൂതകാലക്കുളിരിന്റെ ആത്മരതി കൊണ്ടല്ല. മറിച്ച് അവര്‍ ചെയ്ത വലിയ കാര്യങ്ങള്‍ പലതും ചെയ്യാന്‍ നമുക്ക് ധൈര്യമില്ല എന്നുള്ളത് കൊണ്ടു കൂടിയാണ്. ഉദാഹരണത്തിന് ശങ്കരാടിയും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും ഫിലോമിനയും കെ.പി.എ.സി. ലളിതയും ഒക്കെ അടങ്ങുന്നവര്‍. കൃത്യമായ രാഷ്ട്രീയവുമായാണ് ഇവര്‍ ചലച്ചിത്രത്തില്‍ എത്തിയത്. ഇവരെ തേടി അക്കാലത്തെ രാഷ്ട്രീയക്കാര്‍ ചെന്നില്ല. മറിച്ച് ഇവര്‍ക്ക് രാഷ്ട്രീയം ഉണ്ടായിരുന്നു. ഏതു വേഷം കെട്ടിയാലും ഇവരെ സ്പര്‍ശിക്കാന്‍ പുറംപൂച്ചുകാര്‍ക്ക് പേടി ഉണ്ടായിരുന്നു.
താല്‍ക്കാലിക ലാഭത്തിനായി കെട്ടിയെഴുന്നള്ളിക്കപ്പെട്ടവരുടെ തിരിച്ചുപോക്കുകള്‍ ഇക്കാലത്തിനിടെ വേണ്ടത്ര കണ്ടിട്ടുണ്ട് മലയാളി. അത് അവരെ കെട്ടിയെഴുന്നെള്ളിയവരെ തന്നെ പലപ്പോഴും ദീനമായി വഞ്ചിച്ചിട്ടുമുണ്ട്. ഡോ. കെ.എസ്. മനോജ് തൊട്ട് അല്‍ഫോണ്‍സ് കണ്ണന്താനം വരെ സിനിമയിലെ പോലെ അതിനാടകീയമായി വന്നവരുമാണല്ലോ.
ഇനി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ കാര്യമെടുക്കാം. ദിലീപിന് ഗണേഷ് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പവിത്രത ഇല്ലാതാവുന്നുണ്ട്. ദിലീപ് നിരപരാധിയെന്ന് ഉറപ്പുണ്ടെങ്കില്‍ സഭയ്ക്കുള്ളില്‍ ശൂന്യവേളയില്‍ എങ്കിലും ഗണേശ് അത് തുറന്നു പറയണമായിരുന്നു. സ്വന്തം പോലീസിനെ കഴിവുകെട്ടവരെന്ന് വിളിച്ചു പറയുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ജയില്‍ സന്ദര്‍ശനം.
തീരുന്നില്ല. മുഖ്യന്ത്രി പിണറായി വിജയനെയും ദിലീപിനെയും താരതമ്യപ്പെടുത്തുകയാണ് ഗണേഷ് കുമാര്‍. സംസ്ഥാനത്തെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പരാതിപ്പെട്ടത് ഖജനാവിന്റെ നഷ്ടത്തെപറ്റിയാണ്. തന്നെ വേട്ടയാടിയതിനെപ്പറ്റി മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. അത് ജനം അംഗീകരിച്ചിട്ടുമുണ്ട്. പക്ഷെ, പിണറായിയിലെ പാറപ്പുറത്ത് പിറന്നത് ചെങ്കൊടിയാണ്. ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് ആത്മവിശ്വാസം കൊടുത്ത കൊടി. ആത്മവിശ്വാസമുള്ള കൊടി. ആലുവ ദേശത്തെ പത്മനാഭപ്പിള്ളയുടെ അങ്കണത്തൈമാവില്‍ ഗോപാലകൃഷ്ണന്‍ കെട്ടിയത് ആത്മവിശ്വാസമില്ലാത്ത കൊടിയാണ്. സി.പി.എം. നേതാക്കളെ തേജോവധം ചെയ്യാന്‍ ഗണേഷ് ഉപയോഗിച്ച വാക്കുകള്‍ പറയുന്നത് മര്യാദയല്ല. എങ്കിലും ഒന്നുണ്ട്. പട്ടുനൂലിനേയും വാഴനാരിനേയും കൂട്ടിക്കെട്ടരുത്. ഇത് അനീതിയാണ്.
ഗണേഷ് ആദ്യമായല്ല ദിലീപിന് സമ്മാനം നല്‍കുന്നത്. അദ്ദേഹം സാംസ്‌കാരിക മന്ത്രി ആയിരുന്നപ്പോഴാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക് മികച്ച നടനുള്ള പുരസ്‌കാരം കിട്ടുന്നത്. അത് മികച്ച ദിലീപ് വേഷമല്ലെന്ന് ഏത് ദിലീപ് ആരാധകനും അറിയാവുന്നതുമാണ്.
പിന്നെ സിനിമാ പ്രവര്‍ത്തകരെല്ലാം സബ് ജയിലിലേക്ക് തൊഴാന്‍ വരി നില്‍ക്കുമ്പോള്‍ ആരും മറക്കരുത്. എല്ലാവരും ചോര്‍ത്തുന്നത് ഒരു നടിയുടെ ആത്മവിശ്വാസമാണ്. ഇനിയൊരു നടി ഇങ്ങനെ ഉയരില്ലെന്ന് ഉറപ്പാക്കലാണ്. ഇത് അനീതിയാണ്.
മേല്‍പ്പറഞ്ഞതെല്ലാം തെറ്റെങ്കില്‍ ഏറ്റവും വലിയ സാഡിസ്റ്റുകളാണ് നമ്മുടെ താരങ്ങള്‍. ജയിലില്‍ പോയി തറയില്‍ കിടക്കുന്ന പഴയ താരത്തെ പുതിയ ആകാശത്തുനിന്ന് പുച്ഛിക്കുകയാണവര്‍. പഴയകാല യാഥാര്‍ത്ഥ്യങ്ങള്‍ പുതിയ സ്വപ്നങ്ങളായി ദിലീപിനെ വേട്ടയാടുന്നത് കാണാന്‍ പോവുകയാണവര്‍. അപ്പോഴും ഓണക്കോടിക്കൊപ്പം ഒരു മൂന്നരക്കോടിയുണ്ട്. മൂന്നരക്കോടി മലയാളികളെ വഞ്ചിച്ചതിന്റെ സാക്ഷാല്‍ക്കാരം.
പതിവു പോലെ മൗനത്തിലാണ് മഹാനടന്മാര്‍. വല്‍മീകം ഭേദിച്ച് പുറത്തുവരട്ടെ മഹാകാവ്യങ്ങള്‍.


VIEW ON mathrubhumi.com


READ MORE SOCIAL STORIES: