കഴിവുകെട്ട രാഹുലിനെക്കൊണ്ടു വന്ന് കോൺഗ്രസ്സ് ആത്മഹത്യ ചെയ്തു-എംജിഎസ്

By: സി.സാന്ദീപനി
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയ്‌ക്കെത്തിയ ചരിത്രകാരന്‍ ഡോ. എം.ജി. എസ്. നാരായണന്‍ മതം, വര്‍ഗ്ഗീയത എന്നിവയെകുറിച്ചുള്ള ആശങ്ക 'മാതൃഭൂമി'യുമായി പങ്കുവെക്കുന്നു
വര്‍ഗീയത സമൂഹത്തിലാകെ പടരുകയാണ്.മതേതര ചിന്ത ഇല്ലാതാകുന്നതില്‍ ആശങ്കയില്ലേ?
ഉണ്ട്. പക്ഷേ, മതേതരത്വം എന്നൊക്കെ ഇവിടെ ആരാ പറയുന്നത്? ഒരു മതത്തിന്റെ അല്ലെങ്കില്‍ വേറൊരു മതത്തിന്റെ ആളുകള്‍. മതമുള്ളിടത്ത് മതേതരത്വം സാധ്യമല്ല. ഒരു മതത്തില്‍ വിശ്വസിക്കുന്നവന് ആ മതമാണ് ശരി. അതില്‍ വിശ്വസിച്ചുകൊണ്ട് മറ്റൊന്നിനെ അംഗീകരിക്കാനാവില്ല. പുറമേയ്ക്ക് അങ്ങനെ ഭാവിക്കാം എന്നുമാത്രം. ലോകത്തെവിടെയും ശുദ്ധവും സമ്പൂര്‍ണവുമായ സെക്കുലര്‍ സമൂഹം ഉണ്ടായിട്ടില്ല. അതൊരു ഭാവനയോ സങ്കല്പമോ ആണ്, സോഷ്യലിസം പോലെ! ഇവിടെ സെക്കുലര്‍ ആയ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുണ്ടോ? ശുദ്ധമായ മതേതരത്വം ഉണ്ടാകണമെങ്കില്‍ മതത്തില്‍ ആളുകള്‍ക്ക് വിശ്വാസമില്ലാതാകണം. അപ്പോഴവര്‍ ശാസ്ത്രത്തിലും മനുഷ്യശക്തിയിലും വിശ്വസിച്ചുതുടങ്ങും. യുക്തിചിന്ത, ജ്ഞാനോദയം, വ്യവസായവത്കരണം എന്നിവയെത്തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പിലും സംഭവിച്ചത് അതാണ്. അവിടെ മതത്തില്‍ വിശ്വസമില്ലാത്ത വലിയൊരു വിഭാഗം ആളുകളുണ്ടായി.
ഇന്ത്യയില്‍ വര്‍ഗീയത ഇത്ര മേല്‍ക്കൈ നേടാന്‍ കാരണം?
-ദേശീയപാരമ്പര്യവും പശ്ചാത്തലവുമുള്ള കോണ്‍ഗ്രസ്സിന്റെ അപചയം തന്നെയാണ് പ്രധാനകാരണം. ദേശീയതലത്തില്‍ വര്‍ഗീയരാഷ്ട്രീയത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ ഒരു ബദല്‍ ഇല്ലാതായി. കഴിവുകെട്ട രാഹുലിനെക്കൊണ്ടുവരാന്‍വേണ്ടി കഴിവുള്ള പലരേയും പറഞ്ഞയച്ച് കോണ്‍ഗ്രസ് 'ആത്മഹത്യ' ചെയ്തു.
കോണ്‍ഗ്രസ്സിന് അധികാരം കിട്ടിയപ്പോള്‍ പ്രണബിനെ പ്രധാനമന്ത്രിയാക്കേണ്ടിയിരുന്നു. എന്നാല്‍ ഈ ഗതി വരുമായിരുന്നില്ല. മന്‍മോഹന്‍സിങ് അദ്ദേഹത്തിന്റെ മേഖലയില്‍ കഴിവുള്ളയാളാണ്, അഴിമതിക്കാരനുമല്ല. പക്ഷേ, സോണിയ പറഞ്ഞിടത്ത് ഒപ്പിടുന്നതില്‍കവിഞ്ഞ് എന്തെങ്കിലും ചെയ്യാന്‍പറ്റുന്ന ഭരണാധികാരിയായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ അപചയം സൃഷ്ടിച്ച ശൂന്യസ്ഥലത്താണ് വര്‍ഗീയരാഷ്ട്രീയം തഴച്ചുവളര്‍ന്നത്. കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് ഇന്നത്തെ നിലയില്‍ ബുദ്ധിമുട്ടുമാണ്.
ഇടതുപക്ഷത്തില്‍ പ്രതീക്ഷയുണ്ടോ?
-ദേശീയതലത്തില്‍ അവര്‍ക്ക് ശക്തിയില്ലല്ലോ. പിന്നെ ഇടത് എന്നുപറയുന്നത് ആരെയാണ്? കമ്മ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളെയോ? അവര്‍ പൂര്‍ണമായും വലതായില്ലേ? പണ്ട് മാര്‍ക്‌സിസ്‌ററുകാര്‍ക്ക് ഒരു ആദര്‍ശമൊക്കെ ഉണ്ടായിരുന്നു. ഇപ്പോഴില്ല. പിണറായി പറയുന്നതാണ് ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഐഡിയോളജി.
സോഷ്യലിസം നടക്കാത്ത സ്വപ്നമാണെന്ന് അങ്ങ് പറഞ്ഞു. മുതലാളിത്തത്തെ പ്രതിരോധിക്കാന്‍ മറ്റെന്തുണ്ട്?
-അതൊരു വലിയ സന്ദേഹംതന്നെയാണ്, വിശേഷിച്ച് മുതലാളിത്തം പുതിയ രൂപമാര്‍ജിച്ചിരിക്കുന്ന ഇക്കാലത്ത്. പണ്ടൊക്കെ ചൂഷകനായ മുതലാളിയെ നമുക്ക് തിരിച്ചറിയാമായിരുന്നു. എന്നാല്‍ മുതലാളിത്തം ഇന്ന് മാനേജേറിയല്‍ ആയി മാറി. മുതലാളി അദൃശ്യനായിരിക്കും. ചൂഷണം നടപ്പാക്കുന്നത് മറ്റുചിലരാണ്. മൂലധനശക്തി അജ്ഞാതനായി നില്‍ക്കുമ്പോള്‍ മുതലാളിത്തത്തെ പ്രതിരോധിക്കുക കൂടുതല്‍ ക്ലേശകരമാണ്.
ചരിത്രകാരന്മാരുടെ വംശമറ്റുപോവുകയാണ്. പുതുതായി ആരേയും ചൂണ്ടിക്കാണിക്കാനില്ല. ആധിയില്ലേ?
-ചരിത്രകാരന്മാര്‍ മാത്രമല്ല, ശാസ്ത്രജ്ഞന്മാര്‍, എഴുത്തുകാര്‍...അങ്ങനെ എല്ലാമേഖലകളിലും കനമുള്ള മനുഷ്യര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ നല്ല യൂണിവേഴ്‌സിറ്റികള്‍ ഇല്ലാത്തതാണ് കാരണം. ഇവിടുത്തെ യൂണിവേഴ്‌സിറ്റികള്‍ക്ക് യൂണിവേഴ്‌സിറ്റികളുടെ യാതൊരു സ്വഭാവവുമില്ല. പുറത്തുപോയി പഠിക്കുമ്പോഴാണ് അതുമനസ്സിലാവുക. അവിടെ വിദ്യാര്‍ഥിയും ടീച്ചറും തമ്മില്‍ ഓപ്പണ്‍ ഡയലോഗ് ഉണ്ട്. പഠിപ്പിക്കുന്ന ടീച്ചേഴ്‌സിനുതന്നെ വിദ്യാര്‍ഥികളെ ടെസ്റ്റ് ചെയ്യാം. അവര്‍ക്കിടയില്‍ വിശ്വാസമില്ലായ്മയോ രഹസ്യങ്ങളോ ഇല്ല. രജിസ്റ്ററില്‍ ഒപ്പിട്ട് ഹാജര്‍ തെളിയിക്കേണ്ട ഗതികേടില്ല. ടീച്ചര്‍ക്ക് വേണമെങ്കില്‍ ചോദ്യപ്പേപ്പര്‍ നേരത്തേ കൊടുക്കാം. വാല്യൂ ചെയ്ത പേപ്പര്‍ തിരിച്ചുകിട്ടുകയും ചെയ്യും. അതുപോലെ തുറന്ന, ആരോഗ്യകരമായ ഒരന്തരീക്ഷം ഇവിടെയില്ല. ഇവിടെ സര്‍വകലാശാലകളെന്നാല്‍ ഭൂരിപക്ഷമുള്ള രാഷ്ട്രീയകക്ഷിയുടെ ഒരു വകുപ്പുമാത്രമാണ്. അപ്പോള്‍ പഠനവും ഗവേഷണവുമൊക്കെ അങ്ങനെയാവും. വിദ്യാര്‍ഥി പ്രൊഫസറോട് പറയുന്നു ഗവേഷണത്തിന് എനിക്കൊരു വിഷയം വേണമെന്ന്. അല്ലാതെ അവന്‍ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന താല്പര്യത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന വിഷയമല്ല അത്.
യൂണിവേഴ്‌സിറ്റികളുടെ ദുരവസ്ഥ ചരിത്രം ഉള്‍പ്പെടെയുള്ള മാനവികവിഷയങ്ങളെയാണ് കൂടുതല്‍ ബാധിക്കുക. ശാസ്ത്രവിഷയങ്ങളില്‍ മറുനാട്ടിലുള്ളവരെ ആശ്രയിച്ചാലും കാര്യം നടക്കും.
പന്‍സാരെ, ധബോല്‍ക്കര്‍, കല്‍ബുര്‍ഗി...അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വഴിയില്‍ മറ്റൊരു രക്തസാക്ഷി കൂടി ഉണ്ടായിരിക്കുന്നു-ഗൗരി ലങ്കേഷ്. എന്തുതോന്നുന്നു?
-ഗൗരി ലങ്കേഷ് കേസില്‍ കൊലപാതകിയെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയോ? ഇല്ലല്ലോ. ചത്തതുകീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് നിശ്ചയിക്കുകയാണ് ചിലര്‍.
റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെപ്പറ്റി?
-അത്തരം വിഷയങ്ങളിലൊക്കെ തീരുമാനമെടുക്കും മുമ്പ് സംവാദങ്ങള്‍ ഉണ്ടാകണം. അര്‍ഥവത്തായ സംവാദങ്ങള്‍ ഒരു വിഷയത്തിലും ഉണ്ടാകുന്നില്ല. ഉണ്ടാകുന്ന സംവാദങ്ങള്‍ മുഴുവന്‍ ജേണലിസ്റ്റിക് ആണ്. ജേണലിസ്റ്റിക്കായ സംവാദങ്ങള്‍ സെന്‍സേഷണലായിരിക്കും, അതിശയോക്തി നിറഞ്ഞതായിരിക്കും. വിവേകമായിരിക്കില്ല അതില്‍ മുന്നിട്ടുനില്‍ക്കുക. അരാഷ്ട്രീയക്കാരായ പുതിയ തലമുറയ്ക്ക് ഗൗരവമുള്ള രാഷ്ട്രീയസംവാദങ്ങളില്‍ താല്പര്യമില്ലെന്നതും ആശങ്കയുണ്ടാക്കുന്നു.
കണ്ണന്താനത്തിലൂടെ ക്രിസ്ത്യന്‍സമുദായത്തിലേക്കുകടന്ന് കേരളത്തില്‍ വേരുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് 'മോദി . ഈ തന്ത്രം ഫലിക്കുമോ?
-ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ അങ്ങനെ അവഗണിക്കാന്‍ പറ്റില്ല. ബി.ജെ.പി. അവരുമായി അടുപ്പം ഉണ്ടാക്കിയിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു അട്ടിമറി ഉണ്ടായേക്കാം, ബി.ജെ.പി.ജയിച്ചേക്കാം. കോണ്‍ഗ്രസ് അത്രമേല്‍ ദുര്‍ബലമായി. സി.പി.എം.കഴിഞ്ഞാല്‍ ബി.ജെ.പി.യേ ഉള്ളൂ എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. യു.ഡി.എഫില്‍ ഒരുപാട് മുന്നണികളുണ്ടെങ്കിലും അവര്‍ക്കിടയില്‍ ഐക്യമില്ല. കോണ്‍ഗ്രസ്സില്‍ വിശേഷിച്ച്. എന്നും ഗ്രൂപ്പുകള്‍ തമ്മില്‍ തല്ലല്ലേ? ബി.ജെ.പി.യില്‍ ഉള്ളവര്‍ ഒരുമിച്ചുനില്‍ക്കും. അതാണവര്‍ക്ക് നേട്ടമാവുക.


VIEW ON mathrubhumi.com


READ MORE SOCIAL STORIES: