അവരെ പരിഹസിക്കരുത്; കുടുംബശ്രീക്കാര്‍ പ്രളയകാലത്ത് സംഭാവന നല്‍കിയത് 7 കോടി രൂപ

46 ലക്ഷത്തിലധികം അംഗങ്ങള്‍, മൂന്ന് ലക്ഷത്തിലധികം സ്വാശ്രയസംഘങ്ങള്‍, 8,000 കോടിയിലധികമുള്ള അയല്‍ക്കൂട്ട സമ്പാദ്യം, സംരംഭകത്വത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ട് വ്യവസായത്തിലേക്ക് കാലെടുത്തുവെച്ച മികച്ച സ്ത്രീ സംരംഭകര്‍... കഴിഞ്ഞ 25 വര്‍ഷംകൊണ്ട് കേരളത്തിന്റെ ഭൂപടത്തില്‍ 'കുടുംബശ്രീ' അതിന്റെ സ്വത്വം ശക്തമായി അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. നൈപുണ്യ വികസനം, സൂക്ഷ്മസംരംഭങ്ങളുടെ പ്രോത്സാഹനം, നേതൃത്വ പരിശീലനം, പൊതുവിദ്യാഭ്യാസം എന്നിവയ്ക്ക് അവസരമൊരുക്കിയും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യം ഏറക്കുറെ കൈവരിച്ചുമാണ് കുടുംബശ്രീയുടെ രണ്ടര പതിറ്റാണ്ടുകാലം കടന്നുപോകുന്നത്.
കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍, സ്ത്രീകള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള അടിസ്ഥാനതല ആസൂത്രണത്തിന്റെ അവിഭാജ്യഘടകമായി കുടുംബശ്രീ മാറിയത് കേരളം കണ്ടു. കേരളത്തിലെ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ നിന്നിരുന്ന വീട്ടമ്മമാര്‍ നാടിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു അത്. മറ്റാരെക്കാളും മുന്‍പെ സമൂഹത്തിന്റെ സ്പന്ദനം അനുഭവിക്കാന്‍ കഴിയുന്ന ഒരു സംഘടനയാണ് ഇന്ന് കുടുംബശ്രീ. പ്രളയവും കോവിഡ് മഹാമാരിയും പോലുള്ള ആപത്ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്തിന് താങ്ങായി കുടുംബശ്രീ ഓടിയെത്തി. 119 രാജ്യങ്ങളില്‍നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച്, നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ പുരസ്‌കാരം നേടിയെടുക്കാനും ഏഷ്യയിലെ ഏറ്റവും വലിയ വനിതാ ശൃംഖലയായി മാറാനും കുടുംബശ്രീക്ക് കഴിഞ്ഞു. പ്രാദേശിക വികസനത്തിലൂടെ വിപ്ലവകരമായ സാമൂഹികമാറ്റം സൃഷ്ടിച്ച കുടുംബശ്രീയുടെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാക്കൊല്ലവും മേയ് 17-ന് സംസ്ഥാനത്ത് കുടുംബശ്രീ ദിനമായി ആചരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
അയല്‍ക്കൂട്ടം അടിത്തറ
കുടുംബത്തിന്റെ അടിത്തറ ശക്തമാകണമെങ്കില്‍ കുടുംബത്തിലെ സ്ത്രീ സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടണമെന്ന ചിന്തയിലൂന്നിയാണ് കുടുംബശ്രീ പിറക്കുന്നത്. 1996-ല്‍ രൂപംകൊണ്ട ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുവടുപിടിച്ച,് അന്നത്തെ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കുടുംബശ്രീ. കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണ ജയന്തി ഷെഹരി റോസ്ഗാര്‍ യോജന പദ്ധതിയുമായി സഹകരിച്ച് കേരള സര്‍ക്കാരും ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെയും (നബാര്‍ഡ്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മലപ്പുറം ജില്ലയില്‍ ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറത്തും ആലപ്പുഴയിലും നടന്ന കമ്യൂണിറ്റി മൊബിലൈസേഷന്‍ പരീക്ഷണങ്ങളിലൂടെയാണ് കുടുംബശ്രീ എന്ന ആശയം വികസിച്ചത്. 1992 മുതല്‍ ആലപ്പുഴയിലും 1994 മുതല്‍ മലപ്പുറത്തും കമ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി (സി.ഡി.എസ്.) നടപ്പിലാക്കിയിരുന്നു. അത് വിജയമായതോടെയാണ് സംസ്ഥാനവ്യാപകമായി ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് 1999 ഏപ്രില്‍ ഒന്നിന് കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ നിലവില്‍വന്നു. 2000 ജൂണ്‍ മാസത്തോടെ ഒന്നാം ഘട്ടമായി 262 ഗ്രാമപ്പഞ്ചായത്തുകളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. 2002 മാര്‍ച്ചില്‍ സംസ്ഥാനം മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.
സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയില്‍ സംസ്ഥാനത്തൊട്ടാകെ (2021 സെപ്റ്റംബറിലെ കണക്ക്) 2,94,436 അയല്‍ക്കൂട്ടങ്ങളിലായി 45,85,677 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ പകുതിയിലധികം കുടുംബങ്ങളെ സംയോജിപ്പിച്ച് ഒരു വലിയ ശൃംഖലയായി കുടുംബശ്രീ വികസിച്ചുകഴിഞ്ഞു.
കുടുംബശ്രീയുടെ നട്ടെല്ല് അയല്‍ക്കൂട്ടങ്ങളാണ്. ഓരോ പ്രദേശത്തെയും കുടുംബങ്ങളില്‍നിന്ന് 18 വയസ്സ് പൂര്‍ത്തിയായ ഓരോ സ്ത്രീയെ വീതം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന 10 മുതല്‍ 20 വരെ അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ അടിത്തറ. ഈ വയസ്സിനുള്ളില്‍പ്പെടുന്ന വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിനാണ് ഇത്തരമൊരു വേദി ഒരുക്കിയിരിക്കുന്നത്. ഈ അയല്‍ക്കൂട്ടങ്ങളെ വാര്‍ഡ് തലത്തില്‍ ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികളായും (എ.ഡി.എസ്.), നഗരസഭ/പഞ്ചായത്ത് തലത്തില്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) തിരിച്ചിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുമാണ് ഇവയിലോരോന്നിന്റെയും ചുമതല. വാര്‍ഡ് തലത്തില്‍ ഓരോ അയല്‍ക്കൂട്ടങ്ങളില്‍നിന്നും അഞ്ചംഗ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിയാണ് വാര്‍ഡ് തല എ.ഡി.എസ്. രൂപവത്കരിക്കുന്നത്. വാര്‍ഡ് മെമ്പറാണ് എ.ഡി.എസിന്റെ രക്ഷാധികാരി. നിലവില്‍ സംസ്ഥാനത്താകെ 19,849 എ.ഡി.എസ്സുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭയിലെ വാര്‍ഡുതല എ.ഡി.എസ്സുകളെ ഏകോപിപ്പിച്ചുകൊണ്ട് എല്ലാ വാര്‍ഡുകള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് സി.ഡി.എസ്. രൂപവത്കരിക്കുന്നത്. 1,065 സി.ഡി.എസ്സുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. വിവിധ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുക, വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പാക്കുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുക, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും എ.ഡി.എസ്സുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ പരിശീലനങ്ങള്‍ സംഘടിപ്പിക്കുക, ഗ്രാമപ്പഞ്ചായത്തിന് കൈമാറിയിട്ടുള്ള വിവിധ വകുപ്പുകളുടെയും ദാരിദ്ര്യ നിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര വകുപ്പുകളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുക എന്നിവയാണ് സി.ഡി.എസ്സിന്റെ പ്രധാന ചുമതല.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുള്ള ചെറുസഹായ സംഘങ്ങളെന്ന ആശയത്തില്‍നിന്ന് വ്യത്യസ്തമാണ് അയല്‍ക്കൂട്ടമെന്ന ആശയം. സ്ത്രീകള്‍ക്കിടയിലെ ആഴത്തിലുള്ള സാമൂഹിക മൂലധന രൂപവത്കരണത്തിന് അയല്‍ക്കൂട്ടം വഴിവെച്ചിട്ടുണ്ട്. സ്വയം സഹായസംഘങ്ങള്‍ രൂപവത്കരിക്കാനും സ്വന്തം ജീവിതം മാന്യമായി മുന്നോട്ടുകൊണ്ടുപോവാനും സ്ത്രീകളെ പ്രാപ്തരാക്കാന്‍ അയല്‍ക്കൂട്ട സംരംഭങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ചെറുകിട സമ്പാദ്യങ്ങളും ക്രെഡിറ്റ് സ്‌കീമുകളും പ്രാദേശിക ഉത്പന്നങ്ങളുടെ വില്‍പ്പനയും വിപണനവും തുടങ്ങി മൈക്രോ എന്റര്‍പ്രൈസുകള്‍ സൃഷ്ടിക്കുന്നതിനും നിയന്ത്രിക്കുന്നതിനുംവരെ സ്ത്രീകള്‍ മുന്നിട്ടിറങ്ങി.
സംരംഭകത്വത്തിലൂന്നി ശാക്തീകരണം
കുടുംബശ്രീയുടെ പ്രധാനപ്പെട്ട ലക്ഷ്യമായ സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാനം സംരംഭകത്വം തന്നെയാണ്. സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിനൊപ്പം താഴേത്തട്ടില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റത്തിന് വഴിയൊരുക്കുകയാണ് സംരംഭകത്വത്തിലൂടെ കുടുംബശ്രീ ലക്ഷ്യംവെച്ചത്. സാമൂഹികജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാദേശിക സംരംഭങ്ങള്‍ മുതല്‍ ദേശീയ അന്തര്‍ദേശീയ നിലവാരമുള്ള സംരംഭങ്ങളില്‍വരെ കൈയൊപ്പ് പതിപ്പിച്ച കുടുംബശ്രീയ്ക്ക് നിലവില്‍ 8,029.47 കോടി രൂപ അയല്‍ക്കൂട്ട സമ്പാദ്യമുണ്ട്.
ഷീ സ്റ്റാര്‍ട്‌സ്, ജനകീയ ഹോട്ടലുകള്‍, കേരള ചിക്കന്‍ എന്നിവയുള്‍പ്പെടെ 1,85,626 സംരംഭകരുടെതായി 1,08,464 സംരംഭങ്ങളാണ് കുടുംബശ്രീക്ക് സ്വന്തമായുള്ളത്. കാന്റീന്‍, കാറ്ററിങ് മേഖലകളില്‍ താഴേത്തട്ടില്‍നിന്ന് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 'കഫേ കുടുംബശ്രീ' എന്ന വലിയ ബ്രാന്‍ഡിലേക്ക് എത്തിക്കാനും കുടുംബശ്രീക്കായി. 90,242 കൃഷിസംഘങ്ങള്‍ വഴി 33,172.06 ഹെക്ടര്‍ സ്ഥലത്ത് കൃഷിയും മൃഗസംരക്ഷണ മേഖലയില്‍ 60,625 പേര്‍ക്ക് ഉപജീവനവും കുടുംബശ്രീ നല്‍കുന്നുണ്ട്. 330 ബഡ്‌സ് സ്ഥാപനങ്ങള്‍ വഴി 11,092 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം, ജീവന്‍ദീപം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 11.31 ലക്ഷം പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, കൊച്ചി മെട്രോയിലും വാട്ടര്‍ മെട്രോയിലും വിവിധ സേവനങ്ങള്‍, കോഴിക്കോട് വിമാനത്താവളത്തില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന സിഗ്നേച്ചര്‍ സ്റ്റോറിലൂടെ സേവനങ്ങള്‍, വിവിധ പദ്ധതികളിലൂടെ 96,864 പേര്‍ക്ക് നൈപുണ്യ പരിശീലനം, 72,412 പേര്‍ക്ക് തൊഴില്‍ എന്നിവയെല്ലാം കുടുബശ്രീയുടെ നേട്ടത്തില്‍ ഉള്‍പ്പെടുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും താത്കാലിക അഭയവും നല്‍കുന്ന 'സ്‌നേഹിത-ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്' 15 എണ്ണമാണ് ഇന്ന് കുടുംബശ്രീയുടെതായി സംസ്ഥാനത്തുള്ളത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ്പ് ഡെസ്‌ക് 14 ജില്ലകളിലും പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. 14 ജില്ലകളിലെയും സ്‌നേഹിത സെന്ററിന് അനുബന്ധമായി ലീഗല്‍ ക്ലിനിക്കുകളും ആരംഭിച്ചു. വനിതാ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശവും വൈദഗ്ധ്യവും പിന്തുണയും പരിശീലനവും നല്‍കുന്നതിനുള്ള സംവിധാനമാണ് 'ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍.' 14 ജില്ലകളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 802 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2017-18 വര്‍ഷത്തില്‍ കാസര്‍കോട് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് 'സ്‌നേഹിത കോളിങ് ബെല്‍.' ഒരു അയല്‍ക്കൂട്ട പരിധിയില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകളെ കണ്ടെത്തി അയല്‍ക്കൂട്ട ആരോഗ്യദായക വൊളന്റിയറുടെ നേതൃത്വത്തില്‍ അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. 2018-19 വര്‍ഷം ഈ പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി 56,687 പേരാണ് ഇതിന്റെ പ്രയോജനത്തിനായി മുന്നോട്ടുവന്നത്. അതിക്രമങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമായി വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന 'വിജിലന്റ് ഗ്രൂപ്പ്' എന്ന സംഘവും കുടുംബശ്രീയുടെ ഭാഗമാണ്. സംസ്ഥാനത്താകമാനം 17,894 വാര്‍ഡുകളില്‍ ഈ സംവിധാനം നിലവിലുണ്ട്. ഓരോ സംഘത്തിലും അഞ്ചു മുതല്‍ 10 വരെ അംഗങ്ങളാണുള്ളത്. പ്രാദേശിക തലത്തില്‍ ജനങ്ങള്‍ക്ക് മാനസിക പിന്തുണയും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 350 കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് സംസ്ഥാനത്ത് ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്. സാംസ്‌കാരികരംഗത്ത് സ്ത്രീകളുടെ ഇടം ശക്തമാക്കുന്നതിനായി തിയേറ്റര്‍ ഗ്രൂപ്പുകളും കുടുംബശ്രീ വഴി നിലവില്‍വന്നു. 'രംഗശ്രീ' എന്ന് പേരിട്ടിട്ടുള്ള ഈ സംഘത്തിലൂടെ ജനോപകാരപ്രദമായ പരിപാടികളും ബോധവത്കരണവും നടത്തിവരുന്നുണ്ട്. കുടുംബശ്രീ വനിതകളായ 37 പേര്‍ക്ക് നാടകാവതരണം, തിരക്കഥ രൂപവത്കരണം, കോസ്റ്റ്യൂം പ്രോപ്പര്‍ട്ടി നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കി മാസ്റ്റര്‍ പരിശീലകരാക്കി മാറ്റാനും ഈ പദ്ധതിയിലൂടെ സാധിച്ചു. പതിന്നാല് ജില്ലകളിലും കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പുകള്‍ കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയ പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങള്‍ ഇപ്പോള്‍ 7,135 എണ്ണമായി വര്‍ധിച്ചു. കാസര്‍കോട് ജില്ലയിലെ കന്നഡഭാഷാ ന്യൂനപക്ഷ വനിതകളുടെ സമഗ്ര വികസനത്തിനായി കന്നഡ സ്‌പെഷ്യല്‍ പ്രോജക്ട്, കുട്ടികളുടെ സാമൂഹിക പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ബാലസഭകള്‍ എന്നിവയും കുടുംബശ്രീയുടെ പ്രവര്‍ത്തനനേട്ടങ്ങളാണ്. 28,528 ബാലസഭകളിലായി 4,26,509 അംഗങ്ങളാണ് ഇപ്പോഴുള്ളത്.
ലഘു സമ്പാദ്യ വായ്പാ പ്രവര്‍ത്തനം
കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയാണ് മൈക്രോ ഫിനാന്‍സ് അഥവാ ലഘുസമ്പാദ്യവായ്പാ പ്രവര്‍ത്തനം. അംഗങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താനും ചെറിയ സമ്പാദ്യം കൂട്ടിവെച്ച് വലിയ സമ്പാദ്യം സ്വരൂപിക്കാനും കുടുംബശ്രീ മൈക്രോ ഫിനാന്‍സ് വഴി സാധിക്കും. ത്രിഫ്റ്റ് അഥവാ മിതവ്യയ സമ്പാദ്യം, ആന്തരിക വായ്പാ സംവിധാനം, ബാങ്ക് ലിങ്കേജ് വായ്പ തുടങ്ങിയവയാണ് കുടുംബശ്രീയുടെ മൈക്രോ ഫിനാന്‍സ് മേഖലയിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ബാങ്ക് വായ്പയുടെ തിരിച്ചടവിന്റെ ഉത്തരവാദിത്വം അയല്‍ക്കൂട്ടത്തിനായിരിക്കും.
ലഘുസമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്ക് ലിങ്കേജ് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും അയല്‍ക്കൂട്ടത്തിന് കുടുംബശ്രീ വഴി നല്‍കുന്ന പ്രോത്സാഹന തുകയായ മാച്ചിങ് ഗ്രാന്റ്, പലിശ സബ്‌സിഡി, അയല്‍ക്കൂട്ടങ്ങളുടെ ആന്തരിക വായ്പാ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതിനായി നല്‍കുന്ന റിവോള്‍വിങ് ഫണ്ട്, അടിയന്തര സഹായമെന്ന നിലയ്ക്ക് എ.ഡി.എസ്. മുഖാന്തരം നല്‍കുന്ന വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് തുടങ്ങിയവയും കുടുംബശ്രീ വഴി നല്‍കുന്ന സാമ്പത്തിക പിന്തുണകളാണ്. ഇതിനുപുറമേ സ്ത്രീ സുരക്ഷാ ബീമാ യോജനയെന്ന പദ്ധതിയും കുടുംബശ്രീയുടെതായുണ്ട്്. അയല്‍ക്കൂട്ടാംഗങ്ങളായ വനിതകളുടെ ജീവന് പരിരക്ഷ നല്‍കുകയും അവരുടെ ഒന്‍പതാംക്ലാസുമുതല്‍ 12-ാം ക്ലാസുവരെ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
പ്രളയവും മഹാമാരിയും കടന്ന്...
2018-ല്‍ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഫണ്ടിലേക്ക് ഒഴുകിയെത്തിയ സംഭാവനയ്‌ക്കൊപ്പം കുടുംബശ്രീ നല്‍കിയ ഏഴുകോടി രൂപയ്ക്ക് മൂല്യമേറേയാണ്. കുടുംബശ്രീയുടെ കീഴിലുള്ള ഓരോ അയല്‍ക്കൂട്ടവും അവരുടെ അംഗങ്ങളില്‍നിന്ന് ഒരാഴ്ചത്തെ വരുമാനം ഫണ്ടിലേക്ക് സംഭാവന ചെയ്താണ് പണം സംഭരിച്ചത്. ചില്ലറ വില്‍പ്പനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന ഭക്ഷണശാലകള്‍ തുടങ്ങിയ ചെറുകിട സംരംഭങ്ങളില്‍നിന്നുള്ള ലാഭവും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറി. ഇക്കാലയളവില്‍ സംസ്ഥാനത്തുടനീളം, സാമൂഹിക അടുക്കളകളും പുനരധിവാസ ക്യാമ്പുകളും നടത്താനും കുടുംബശ്രീക്ക് സാധിച്ചു. വെള്ളപ്പൊക്കത്തിനുശേഷം വെള്ളവും ചെളിയും കയറി നശിച്ച വീടുകള്‍ വൃത്തിയാക്കാന്‍ വമ്പിച്ച ശുചീകരണ യജ്ഞം തന്നെയാണ് കുടുംബശ്രീ നടത്തിയത്. 15 ലക്ഷത്തിലധികം വെള്ളപ്പൊക്ക ബാധിത വീടുകളും 5,000-ത്തിലധികം പൊതുസ്ഥലങ്ങളും അവര്‍ വൃത്തിയാക്കി. മാനസികമായി ബുദ്ധിമുട്ടനുഭവിച്ചവര്‍ക്കരികിലേക്ക് കുടുംബശ്രീ കൗണ്‍സിലര്‍മാര്‍ ഓടിയെത്തി.
കോവിഡ് മാഹാമാരിക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസവും സംരക്ഷണവും നല്‍കാനും കുടുംബശ്രീക്ക് അവസരം ലഭിച്ചു. മാസ്‌കുകളും സാനിറ്റൈസറുകളും നിര്‍മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പുറമേ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ക്രമീകരിക്കാനും കുടുംബശ്രീ മുന്നിട്ടിറങ്ങി. പല തദ്ദേശസ്ഥാപനങ്ങളിലും കോവിഡ് മാനേജ്മെന്റിന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ പ്രവര്‍ത്തിച്ചു.
ഇന്ത്യയിലെ 24 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും കേരളത്തിന്റെ കുടുംബശ്രീ മാതൃക ഏറ്റെടുത്തതുതന്നെ ഈ പ്രസ്ഥാനത്തിന്റെ വലിയ നേട്ടത്തെ കാണിക്കുന്നതാണ്. 13 സംസ്ഥാനങ്ങളില്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നേരിട്ട് ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ മുന്നേറുന്ന ഈ വലിയ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ 2023 മേയ് 17-ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ഉദ്ഘാടനം ചെയ്ത്. പ്രസ്ഥാനത്തിന്റെ ഭാവിയെയും ഇതുവരെയുണ്ടാക്കിയ നേട്ടങ്ങളെയും കുറിച്ചുള്ള ആശയങ്ങള്‍ ക്രോഡീകരിച്ച് 'ചുവട്' എന്ന കൈപ്പുസ്തകവും അന്ന് പ്രകാശനം ചെയ്തിരുന്നു. ദാരിദ്ര്യ ലഘൂകരണത്തിനുള്ള വായ്പാ പദ്ധതികളും ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ജീവിതത്തിന്റെ സര്‍വമേഖലകളിലും സ്വന്തം മുദ്ര പതിപ്പിച്ച ജനകീയ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്നത് കേരളീയര്‍ക്ക് അഭിമാനിക്കാവുന്നതുതന്നെയാണ്.
മാതൃഭൂമി ജി.കെ ആന്‍ഡ് കറന്റ് അഫയേര്‍സില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: 25 years of kudumbasree