അലാറം മുഴക്കി സിന്‍ഹമാര്‍; വെടി പൊട്ടിച്ച് അദ്വാനി പക്ഷം

By: സ്വന്തം ലേഖകന്‍
കോണ്‍ഗ്രസ് മുക്തഭാരതത്തില്‍നിന്നു പ്രതിപക്ഷ മുക്തഭാരതത്തിലേക്ക് ലോങ് മാര്‍ച്ച് ചെയ്യുന്നതിനിടെയാണ് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് യശ്വന്ത് സിന്‍ഹ അലാറം മുഴക്കിയത്. വികസനവും ദേശീയതയും സമാസമം ചേര്‍ത്ത് പരിപോഷിപ്പിക്കുന്നതിനിടെയാണ് സിന്‍ഹ സ്വന്തം ക്യാപ്റ്റനും ടീമംഗങ്ങള്‍ക്കും നേരെ ഗോളടിച്ചിരിക്കുന്നത്.
ഓര്‍ക്കാപ്പുറത്തുള്ള ഷോട്ടായി മാത്രം ഇതിനെ കാണേണ്ട. കൃത്യമായി അളന്നുമുറിച്ചു തന്നെയാണു നിറയൊഴിച്ചിരിക്കുന്നത്. പറഞ്ഞത് യശ്വന്ത് സിന്‍ഹയാണെങ്കിലും ആ ശബ്ദം അദ്വാനി പക്ഷത്തിന്റേതാണ്. അത് ശരിവെച്ചുകൊണ്ട് ശത്രുഘ്‌നന്‍ സിന്‍ഹയും രംഗത്തുവന്നു കഴിഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കു കുറഞ്ഞ സാഹചര്യം നോക്കി സാമ്പത്തിക സ്ഥിതിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നു ധനമന്ത്രിയും നീതി ആയോഗ് ചെയര്‍മാനും സമ്മതിച്ച തക്കം നോക്കിയാണ് യശ്വന്ത് സിന്‍ഹ വെടിപൊട്ടിച്ചത്. വിഷയം സാമ്പത്തികമാണ്, പറഞ്ഞത് അത്രയും സാമ്പത്തികം മാത്രം. അതിനാല്‍ വെറും ന്യായീകരണങ്ങള്‍ ഏല്‍ക്കില്ല. സിന്‍ഹ പറഞ്ഞത് ശരിയല്ലെങ്കില്‍ അതു തെളിയിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടു ശിവസേനയും പക്ഷം ചേര്‍ന്നിരിക്കുന്നു. ആദ്യം അവഗണിച്ചാലും ഈ വിമര്‍ശനങ്ങളേയും സാമ്പത്തികനിലയേയും അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. വാജ്‌പേയി മന്ത്രിസഭയിലെ ധനമന്ത്രി കൂടിയായ സിന്‍ഹ പറയുന്ന വാക്കുകള്‍ അത്ര എളുപ്പം തള്ളാന്‍ പാര്‍ട്ടിക്കും കഴിയില്ല
ആഗോളമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയ 2008 കാലത്ത് അതു കാര്യമായി ഏശാതെ പോയ അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരുന്നു. പൊതുമേഖലയുടെ ശക്തിയും മാന്ദ്യത്തെ നേരിടാന്‍ സ്വീകരിച്ച നടപടികളുമാണ് അന്നു രാജ്യത്തെ രക്ഷിച്ചത്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഇതിന്റെ പേരില്‍ പല സാമ്പത്തിക വിദഗ്ധരും പുകഴ്ത്തിയതും ഓര്‍ക്കേണ്ടതാണ്.
ഇന്നു ലോകവ്യാപകമായി സാമ്പത്തികമാന്ദ്യത്തിന്റെ സൂചനകളില്ല. എന്നിട്ടും ഇന്ത്യയില്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അതിനര്‍ഥം എവിടെയോ മാനേജ്‌മെന്റില്‍ പിഴവു സംബന്ധിച്ചു അല്ലെങ്കില്‍ എവിടെയോ പാളിച്ച വന്നു എന്നുതന്നെയാണ്. വളര്‍ച്ചാ നിരക്ക് 7.6 ല്‍ നിന്ന് 5.7 ലേക്ക് ഇടിഞ്ഞു. നോട്ട് നിരോധനം സാമ്പത്തിക നില തകര്‍ക്കുമെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു ജിഡിപി രണ്ട് ശതമാനം ഇടിയും. അതുവഴി മൂന്ന് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകും. അത് സത്യമായി തീര്‍ന്നിരിക്കുന്നു.
മന്‍മോഹന്‍ സിങ്: ഫോട്ടോ മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
ജിഡിപി നിശ്ചയിക്കുന്ന മാനദണ്ഡം 2015 ല്‍ മാറ്റി 200 ബേസിസ് പോയിന്റ് കൂട്ടി. ആ രീതി നോക്കുകയാണെങ്കില്‍ ഇപ്പോഴത്തെ യഥാര്‍ഥ വളര്‍ച്ചാ നിരക്ക് 5.7 ന് പകരം 3.7 മാത്രമാണെന്ന് പറയേണ്ടി വരുമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞുവെക്കുമ്പോള്‍ അതിന്റെ ഗൗരവം കൂടുന്നു. ഇന്ധനവില 140 ഡോളറിന് അടുത്തുണ്ടായിരുന്ന കാലത്ത് ഇന്ത്യയില്‍ പെട്രോളിനും ഡീസലിനുമുണ്ടായിരുന്ന വില തന്നെയാണ് രാജ്യാന്തര വിപണിയില്‍ 55 ഡോളര്‍ മാത്രമുള്ളപ്പോഴും നല്‍കേണ്ടി വരുന്നത്. നികുതിഭാരം ഘട്ടം ഘട്ടമായി അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ മുന്നേറി. അടിസ്ഥാനസൗകര്യ വികസനത്തിനും ശൗചാലയം നിര്‍മ്മിക്കാനും പണം കണ്ടെത്താനാണു പെട്രോളിനും ഡീസലിനും വില കൂട്ടിയതെന്നു കേന്ദ്രമന്ത്രി കണ്ണന്താനം വരെ പറഞ്ഞു.
മുമ്പ് ഒരു ധനകാര്യമന്ത്രിമാര്‍ക്കും ഇല്ലാത്ത ഭാഗ്യം ജെയ്റ്റിലിക്കുണ്ടായി, കുറഞ്ഞത് മൂന്നു ലക്ഷം കോടിയുടെ അധികവരുമാനം ഈ ഇനത്തില്‍ മാത്രം സര്‍ക്കാരിനു ലഭിച്ചു. ഇന്ധന വിലയിലൂടെയുണ്ടായ അധികവരുമാനം വിനിയോഗിക്കാതെ പാഴാക്കി എന്നാണ് സിന്‍ഹയുടെ വിമര്‍ശം.
മാന്ദ്യമെന്നു വിളിക്കാമോ എന്ന കാര്യത്തില്‍ തര്‍ക്കം പറയാമെങ്കിലും ഇപ്പോഴത്തെ സാമ്പത്തിക തളര്‍ച്ചയുടെ കാരണം ചികഞ്ഞാല്‍ അതു ചെന്നെത്തുക നോട്ടു നിരോധനത്തിലും ജിഎസ്ടിയിലും തന്നെയാകും എത്തുക. നോട്ടു നിരോധനം തീരാത്ത സാമ്പത്തിക ദുരന്തമെന്നും മോശമായി ആവിഷ്‌കരിച്ച് വികലമായി നടപ്പാക്കിയ പദ്ധതിയെന്ന് ജിഎസ്ടിയെയും യശ്വന്ത് സിന്‍ഹ വിശേഷിപ്പിക്കുന്നു. ഈ വിമര്‍ശനത്തിന്റെ ലക്ഷ്യം മോദിയാണ്.
സുബ്രഹ്മണ്യന്‍ സ്വാമി: ഫോട്ടോ മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
കള്ളപ്പണവും കള്ളനോട്ടും തടയുന്നതില്‍ അഭിമാനിച്ചു നോട്ടു നിരോധനത്തെ പിന്തുണച്ചു ജനം എടിഎമ്മിനു മുന്നില്‍ ക്യൂ നിന്നു. പക്ഷേ ആ ചരിത്രതീരുമാനത്തിന് ഒരു വയസ്സ് എത്താറാകുമ്പോള്‍ പിന്‍വലിച്ച അത്രയും നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്നു കണക്കുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ കള്ളപ്പണമെവിടെ എന്ന ചോദ്യം ബാക്കി. നോട്ടു പരിഷ്‌കരണം ചെറുകിട ഇടത്തരം വ്യവസായമേഖലയെ ബാധിച്ചെങ്കില്‍ ജിഎസ്ടി കൂടി എത്തിയതോടെ ആ ആഘാതം വലുതായി.
മാന്ദ്യം അംഗീകരിച്ചു മാന്ദ്യവിരുദ്ധ പാക്കേജ് അവതരിപ്പിച്ചാല്‍ മാന്ദ്യം അംഗീകരിക്കുന്നതിനു തുല്യമാകും. അതു മോദിക്കും സര്‍ക്കാരിനും ക്ഷീണമാകും. ഇതാണിനി ബിജെപിയും സര്‍ക്കാരും നേരിടാന്‍ പോകുന്ന വെല്ലുവിളി. അതാണ് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ എല്ലാവര്‍ക്കും വൈദ്യുതി എന്ന 16,000 കോടിയുടെ പദ്ധതിയില്‍ മാത്രം പ്രഖ്യാപനം ഒതുങ്ങിയത്. ഇന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റിലി നല്‍കാന്‍ പോകുന്ന വിശദീകരണമാകും ഏവരും ഉറ്റുനോക്കുക. അതില്‍ പ്രഖ്യാപനങ്ങളെന്തെങ്കിലുമുണ്ടാകുമോ എന്നതാണു നിര്‍ണായകം.
യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനത്തെ ഒറ്റപ്പെട്ട ശബ്ദമായി ബിജെപി അവഗണിച്ചേക്കാം. പക്ഷേ അപായസൂചന ആദ്യം നല്‍കിയത് സുബ്രഹ്മണ്യന്‍ സ്വാമിയാണ്. സാമ്പത്തികരംഗം മൂക്കുകുത്തിയേക്കാം. ഒരു തകര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്ന് ഈ മാസം ആദ്യം പറഞ്ഞതു മോദി സര്‍ക്കാരിന്റെ ചാവേറായി നിലകൊള്ളുന്ന സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു. അടിയന്തരമായി നടപടിയുണ്ടായില്ലെങ്കില്‍ വലിയ മാന്ദ്യം നേരിടേണ്ടി വരുമെന്ന് സ്വാമി പറഞ്ഞിട്ടു ദിവസങ്ങളേ ആയുള്ളൂ.
എഴുപതു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ മണ്ടത്തരം എന്നാണു നോട്ടു നിരോധനത്തെ മറ്റൊരു മുന്‍ കേന്ദ്രമന്ത്രിയായ അരുണ്‍ ഷൂരി വിശേഷിപ്പിച്ചത്. ആലോചന ഇല്ലാതെയെടുക്കുന്ന തീരുമാനത്തിന്റെ ഫലമാണിത്. ഇത് ആവര്‍ത്തിക്കുമെന്നും ഷൂരി പറയുകയുണ്ടായി. ജിഎസ്ടിയും നോട്ടുനിരോധനവും കൈകാര്യം ചെയ്തതില്‍ ആര്‍എസ്എസും വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍എസ്എസിന്റെ താത്വികാചാര്യനായ ഗുരുമൂര്‍ത്തിയും സാമ്പത്തികനില മോശമാണെന്നു പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സ്വദേശി ജാഗരണ്‍ മഞ്ച് സര്‍ക്കാര്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.
മോദിയുമായി ഒരു കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ട് ഒരു വര്‍ഷമായി ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് ഏറ്റവും ഒടുവില്‍ യശ്വന്ത് സിന്‍ഹ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്. 40 മാസം അധികാരത്തിലിരുന്നിട്ട് ഇപ്പോള്‍ യുപിഎ സര്‍ക്കാരിനെ പഴിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. സിന്‍ഹ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യത്തിനു വേണ്ടി തന്നെയാണ്. നമ്മുടെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസവും പറഞ്ഞതു പാര്‍ട്ടിയേക്കാള്‍ വലുതു രാജ്യമാണന്നാണ്-ശത്രുഘ്‌നന്‍ പറയുന്നു.
സിന്‍ഹയുടെ അമ്പുകള്‍ ഏറ്റുതുടങ്ങി. അത് കോറസ് പോലെ ഏറ്റുപിടിക്കാനും തുടങ്ങിയിരിക്കുന്നു. പ്രതിരോധം ശക്തമാണെന്നു തെളിയിക്കാന്‍ 24 മണിക്കൂര്‍ തികയും മുമ്പു കേന്ദ്രമന്ത്രിയായ സിന്‍ഹയുടെ മകനെത്തന്നെ രംഗത്തിറക്കി. പക്ഷേ ആ ന്യായീകരണവും കേവലം പരിഷ്‌കാരങ്ങളുടെ ആവശ്യകത നിരത്തുന്നതില്‍ മാത്രം ഒതുങ്ങി. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുകള്‍ എതിരാളികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്നു എന്നുവരെ സിന്‍ഹ അഭിമുഖത്തില്‍ പറഞ്ഞതും ശ്രദ്ധേയമാണ്
നാല്‍പ്പതു മാസത്തെ ഭരണകാലത്ത് ഒരിക്കല്‍ പോലും സ്വന്തം ചേരിയില്‍നിന്നു മോദിക്ക് കാര്യമായ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നില്ല. വിമര്‍ശനത്തിനു വിഷയമില്ല എന്നു പറയുന്നതിനെക്കാള്‍ ആ വിഷയങ്ങളെ വിജയമെന്ന മരുന്നുപുരട്ടി സൂക്ഷിക്കുകയായിരുന്നു മോദി-ഷാ സഖ്യം ഇതുവരെ ചെയ്തുപോന്നത്. മിന്നലാക്രമണം, നോട്ട് നിരോധനം, ജിഎസ്ടി അങ്ങനെ പലരും അറച്ചുനിന്ന കാര്യങ്ങള്‍ സധൈര്യം ഏറ്റെടുക്കാനും നടപ്പാക്കാനും മോദി മുന്നിട്ടിറങ്ങിയപ്പോള്‍ അതു വാഴ്ത്തപ്പെട്ടു. അതിന്റെ പ്രത്യാഘാതം ആരെറ്റെടുക്കും എന്നതിലാകും ഇനി തര്‍ക്കം ശേഷിക്കുക. പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനു ചെവികൊടുക്കാത്തവര്‍ സ്വന്തക്കാരുടെ ശബ്ദങ്ങള്‍ക്കു ചെവികൊടുക്കുമോ?


VIEW ON mathrubhumi.com


READ MORE NEWS STORIES: