NABARD സര്‍വേ: കാര്‍ഷിക വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും, മൂന്നാം സ്ഥാനം, എങ്ങനെ സംഭവിച്ചു?

#പ്രകാശന്‍ പുതിയേട്ടി
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

ന്യൂഡല്‍ഹി: കുടുംബങ്ങളുടെ ശരാശരി മാസവരുമാനം അഞ്ചുവര്‍ഷക്കാലയളവില്‍ 57.6 ശതമാനം വര്‍ധിച്ചെന്ന നബാര്‍ഡ് സര്‍വേ റിപ്പോര്‍ട്ടില്‍ വൈരുധ്യങ്ങളായ കണക്കുകളും. വിവിധ സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ ഒരു ലക്ഷം വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, കുടുംബങ്ങളുടെ ഭക്ഷണ ഉപഭോഗം 2016-'17 കാലത്തെ 51 ശതമാനത്തില്‍ നിന്ന് 2021-'22 കാലത്ത് 47 ശതമാനമായി കുറഞ്ഞെന്ന് രേഖപ്പെടുത്തുന്നു. 

കടക്കെണിയിലായ കുടുംബങ്ങളുടെ ശതമാനവും ഇക്കാലയളവില്‍ 47.4-ല്‍നിന്ന് 52.2 ശതമാനമായി. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത കാര്‍ഷിക കുടുംബങ്ങള്‍ 60.5 ശതമാനത്തില്‍നിന്ന് 75.5 ശതമാനമായി ഉയര്‍ന്നു. കാര്‍ഷികേതര വായ്പയും ഇത്തരം കുടുംബങ്ങളില്‍ 56.7 ശതമാനത്തില്‍നിന്ന് 72.7 ശതമാനമായി. അതേസമയം, കാര്‍ഷിക കുടുംബങ്ങള്‍ സ്ഥാപനങ്ങളില്‍ നിന്നല്ലാതെയെടുക്കുന്ന വായ്പ 30.3 ശതമാനത്തില്‍നിന്ന് 23.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മാസ കുടുംബവരുമാനം 8059 രൂപയില്‍നിന്ന് 12,698 രൂപയായാണ് കൂടിയത്. എന്നാല്‍, വിലക്കയറ്റവും പണപ്പെരുപ്പവുമൊക്കെ കാരണം ചെലവാകുന്ന മാസ തുക 6646 രൂപയില്‍ നിന്ന് 11,262 രൂപയായി. ഫലത്തില്‍ വര്‍ധന കുടുംബങ്ങളില്‍ പ്രകടമാവില്ലെന്നാണിത് സൂചിപ്പിക്കുന്നത്. 1.08 ഹെക്ടറില്‍നിന്ന് 0.74 ഹെക്ടറായി ശരാശരി ഭൂസ്വത്തും കുറഞ്ഞു. 

കാര്‍ഷിക വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും 

കാര്‍ഷികവൃത്തിയിലൂടെ മാത്രം വരുമാനം ഏറ്റവും കൂടിയ മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. പഞ്ചാബ് - 31,433 രൂപ, ഹരിയാണ - 25,655 രൂപ, കേരളം - 22,757 രൂപ എന്നിങ്ങനെയാണിത്. ബിഹാര്‍ - 9252, ഒഡിഷ - 9290, ഝാര്‍ഖണ്ഡ് 9787, ത്രിപുര - 9643 എന്നിങ്ങനെയാണ് മറ്റ് കണക്ക്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷുറന്‍സ് ഉള്ള അംഗങ്ങളുള്ള കുടുംബങ്ങളുടെ അനുപാതം വര്‍ധിച്ചു. 

25.5 ശതമാനത്തില്‍നിന്ന് 80.3 ശതമാനമായാണ് ഇത് കൂടിയത്. ഏതെങ്കിലും തരത്തിലുള്ള പെന്‍ഷന്‍ (വൃദ്ധാവസ്ഥ, കുടുംബം, വിരമിക്കല്‍, വൈകല്യം മുതലായവ) ലഭിക്കുന്ന അംഗങ്ങളുള്ള കുടുംബങ്ങളുടെ എണ്ണവും കൂടി. 2016-ട17-ലെ 18.9 ശതമാനത്തില്‍നിന്ന് 2021-'23-ല്‍ 23.5 ശതമാനമായാണ് വര്‍ധിച്ചത്. 

ഗ്രാമീണ വരുമാനം കൂടിയെന്ന നബാര്‍ഡ് സര്‍വേയില്‍ വൈരുധ്യം - ഡോ. അബ്ദുള്‍ റസാഖ് മുഹമ്മദ്  

ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം കൂടിയെന്ന് പറയുമ്പോഴും കടവും ചെലവും കൂടിയതും ഭക്ഷണ ഉപഭോഗവും ഭൂസ്വത്തുക്കളും കുറഞ്ഞതും ഫലത്തില്‍ കണക്കുകളിലെ വൈരുധ്യമാണ് ചൂണ്ടിക്കാണിക്കുന്നത്. വിവിധ സൂചികകളുടെ അടിസ്ഥാനത്തിലുള്ള വീടുകളുടെ തിരഞ്ഞെടുപ്പില്‍ പാളിച്ച പറ്റിയാലും ഇങ്ങനെ സംഭവിക്കാം.

നഗരത്തോട് അടുത്ത ഗ്രാമങ്ങളിലെ വീടുകള്‍, വീട്ടില്‍ ആകെ താമസിക്കുന്ന അംഗങ്ങള്‍, മറ്റിടങ്ങളില്‍ പഠിക്കാനും തൊഴിലിനും പോയവര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാവണം തിരഞ്ഞെടുപ്പ് - ഡോ. അബ്ദുള്‍ റസാഖ് മുഹമ്മദ് (സോഷ്യോളജിസ്റ്റ്, അര്‍ബന്‍ ആന്‍ഡ് പ്ലാനിങ് കണ്‍സല്‍ട്ടന്റ്, ചെന്നൈ. മുന്‍ ഡീന്‍, സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, വിജയവാഡ). 

Content Highlights: nabard survey on rural households turns out negative