അവരും ദൈവത്തിന്റെ മക്കൾ, ട്രാൻസ്‌ജെൻഡർ പുനരധിവാസത്തിന് പദ്ധതിവേണം- സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പുനരധിവാസത്തിന് താലൂക്കുതലത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചു. പൊതു ഇടങ്ങളിൽനിന്ന് തിരസ്‌കരിക്കപ്പെടുന്നതുകൊണ്ടാണ് ട്രാൻസ്‌ജെൻഡറുകൾക്ക് ഭിക്ഷ യാചിച്ചോ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയോ ജീവിക്കേണ്ടിവരുന്നതെന്ന് ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ജീവനോപാധികൾ കണ്ടെത്തുന്നതിന് സമഗ്ര പുനരധിവാസപദ്ധതി ആവിഷ്‌കരിക്കണം. താലൂക്ക് തലത്തിൽ അവ നടപ്പാക്കണം. അവരും ദൈവത്തിന്റെ മക്കളാണ്. അവർ വ്യത്യസ്തരായി ജനിച്ചതല്ല. സമൂഹത്തിന്റെ അന്ധതയാണ് അവർ പലയിടത്തുനിന്ന് തിരസ്‌കൃതരാവുന്നതിന് കാരണം. മാറേണ്ടത് സമൂഹത്തിന്റെ കാഴ്ചപ്പാടാണ് -കോടതി പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ ട്രാൻസ് വനിത ആത്മാഹുതി ചെയ്തെന്ന വീഡിയോ പ്രചരിപ്പിച്ചതിന് നിയമനടപടി നേരിടുന്ന യുറ്റ്യൂബർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ചെന്നുപറഞ്ഞാണ് യുറ്റ്യൂബർ വി. ശരത് കുമാറിന്റെ പേരിൽ കേസെടുത്തത്. ട്രാൻസ് വനിതാ സ്വയം തീകൊളുത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കോടതി പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ നേരത്തേ പ്രചരിക്കുന്ന വീഡിയോ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് യുറ്റ്യൂബർ അറിയിച്ചു.
Content Highlights: Madras High Court mandates taluk-level rehabilitation for transgender people., Justice KK Ramakrishnan highlights social stigma as the root cause of marginalization., Court emphasizes that transgender individuals deserve equal opportunities and dignity., Order issued during the bail hearing of a YouTuber involved in a viral case.