ഗ്രാമസഭകളിലെ സ്ത്രീ, ദളിത് പങ്കാളിത്തം: കേരളം മാതൃകയെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമസഭകളിൽ ഏറ്റവും കൂടുതൽ വനിതാപങ്കാളിത്തം കേരളത്തിൽ. ഗ്രാമസഭകളിലെ കുറയുന്ന ജനപങ്കാളിത്തത്തെക്കുറിച്ച് ഗ്രാമവികസന-പഞ്ചായത്തി രാജ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് മാതൃക കേരളമാണെന്ന് വ്യക്തമായത്. രാജ്യത്തെ 213 ജില്ലകൾ, 400 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ചൊവ്വാഴ്ച നിതി ആയോഗ് പുറത്തിറക്കി.
സ്ത്രീ-ദളിത് പങ്കാളിത്തത്തിൽ കേരളം (98.7 ശതമാനം), മഹാരാഷ്ട്ര (97.7), ഒഡിഷ (97.5) എന്നിവിടങ്ങളാണ് ആദ്യ മൂന്നുസ്ഥാനങ്ങളിൽ. രാജസ്ഥാൻ (57.3), ജമ്മു-കശ്മീർ (48.7) എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. ഗുജറാത്തിൽ 81 ശതമാനവും ഉത്തർപ്രദേശിൽ 88.8 ശതമാനവുമാണ് പങ്കാളിത്തം.
ഗ്രാമസഭകളിലെ സ്ത്രീപങ്കാളിത്തം, പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ സാന്നിധ്യം, വനിതാസൗഹൃദ പഞ്ചായത്തുകൾ, വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ എണ്ണം തുടങ്ങിയ സൂചികകളിലും കേരളം ഏറെമുന്നിലാണ്. ഗ്രാമസഭയിൽ നേരിട്ട് പങ്കെടുത്തതായി 60 ശതമാന ത്തോളം പേരും സജീവമായി അഭിപ്രായം രേഖപ്പെടുത്തിയതായി 66.67 ശതമാനം പേരും അറിയിച്ചു.
അതേസമയം, യുവജനങ്ങളുടെ പങ്കാളിത്തം താരതമ്യേന കുറവാണെന്നും ഭാവിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലയാണിതെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
ഗ്രാമസഭകളിലെ പങ്കാളിത്തം കുറയാനുള്ള കാരണങ്ങളിൽ 55.5 ശതമാനവും ഉപജീവന-സമയ പ്രശ്നങ്ങളാണ്. രാജ്യത്ത് ഗ്രാമസഭകളുടെ ശക്തി വർധിപ്പിക്കാൻ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ വിജയമാതൃകകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണ മെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
കേരളം നേരിടുന്നു, രാഷ്ട്രീയപക്ഷപാതിത്വം
കേരളത്തിൽ പ്രാതിനിധ്യം കൂടുതലാണെങ്കിലും പ്രധാന ചർച്ചകളിൽ ചിലർ ആധിപത്യം സ്ഥാപിക്കുന്നതായി ഒട്ടേറെപ്പേർ പ്രതികരിച്ചു. എല്ലാ വർക്കും അഭിപ്രായം പറയാനുള്ള സാഹചര്യമില്ലായ്മ, ഗ്രാമസഭാ തീരുമാനങ്ങളുടെ വിവരങ്ങൾ ജനങ്ങൾക്ക് വ്യക്തമായി ലഭിക്കാത്തത്, ഗുണഭോക്ത്യ തിരഞ്ഞെടുപ്പിലെ പക്ഷപാതിത്വം, രാഷ്ട്രീയ ഇടപെടൽ, പരാതികളിൽ സമയബന്ധിത നടപടിയില്ലായ്മ എന്നിവയാണ് കേരളത്തിൽ ഉയർന്നുവന്ന പ്രധാന ആശങ്കകളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: A recent Niti Aayog report reveals that Kerala leads India with 98.7% female and Dalit participation in Grama Sabhas. While the state excels in inclusivity, the study notes lower youth engagement and concerns over political bias in beneficiary selection.