കാപ്പ പ്രതിയെന്ന് അറിയാതെ 19-കാരി യുവാവിനൊപ്പം ഒളിച്ചോടി; പോലീസ് പിടിച്ചപ്പോള്‍ നിരവധി കേസുകള്‍

Photo: Mathrubhumi
Photo: Mathrubhumi

കൊച്ചി: മോഷണം, കൊള്ള, പിടിച്ചുപറി തുടങ്ങിയ ഒട്ടേറെ കേസുകളില്‍ പ്രതിയായ, കാപ്പ നിയമപ്രകാരം നടപടികള്‍ നേരിടുന്ന യുവാവിനോടൊപ്പംപോയ 19 കാരിയെ മാതാപിതാക്കളോടൊപ്പം വിട്ട് ഹൈക്കോടതി. യുവാവിനെതിരേ ഇത്രയധികം കേസുകളുണ്ടെന്നത് അറിയില്ലായിരുന്നുവെന്ന് സമ്മതിച്ച പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം പോകാനുള്ള സന്നദ്ധത അറിയിച്ചതോടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. യുവാവിന്റെ കൈവശമുള്ള പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ രേഖകള്‍ മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ ശരണ്‍ ഷാഹിര്‍ വഴി കൈമാറാനും നിര്‍ദേശിച്ചു.

കാപ്പ നിയമപ്രകാരമുള്ള നടപടികളടക്കം നേരിടുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെതിരേ നിയമപരമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ യുവാവ് തടവിലാക്കിയിരിക്കുകയാണെന്നുകാട്ടി മാതാപിതാക്കളാണ് ഹൈക്കോടതിയിലെത്തിയത്. കോടതി നിര്‍ദേശപ്രകാരം യുവതിയെ കോടതിയില്‍ ഹാജരാക്കി.

വിവാഹം കഴിച്ചെന്നും യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്നുമാണ് ആദ്യം അറിയിച്ചത്. എന്നാല്‍, യുവാവിനെതിരേ പെണ്‍കുട്ടിതന്നെ നല്‍കിയ പോക്‌സോ കേസ് ഉണ്ടെന്നും ഇതില്‍നിന്ന് രക്ഷപ്പെടാനാണ് വിവാഹനാടകമെന്നും മാതാപിതാക്കള്‍ അറിയിച്ചു.

പോക്‌സോ കേസില്‍ യുവാവ് 35 ദിവസത്തോളം ജയിലിലായിരുന്നുവെന്നതും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പോലീസിന്റെ റിപ്പോര്‍ട്ട് തേടിയ കോടതി യുവതിയെ മാതാപിതാക്കളോടൊപ്പം വിട്ടു. പോലീസ് റിപ്പോര്‍ട്ടിലാണ് നാലു കേസുകളില്‍ പ്രതിയാണ് യുവാവെന്ന് അറിയിച്ചത്. ജാമ്യ ഉത്തരവിലെ വ്യവസ്ഥകളും കാപ്പ നിയമത്തിലെ വ്യവസ്ഥകളും മറികടന്നാണ് യുവാവ് പെണ്‍കുട്ടിയെ തടവിലാക്കിയതെന്നും ചൂണ്ടിക്കാട്ടി.

ഇതോടെയാണ് മാതാപിതാക്കളോടൊപ്പം പോയാല്‍മതിയെന്ന് പെണ്‍കുട്ടി അറിയിച്ചത്.

Content Highlights: kerala police and kappa case kerala highcourt verdict justice devan ramachandran