ജാതിവിവേചനത്തിന്റെ ഇരയെന്ന് ജെ.എന്‍.യു. യൂണിയന്‍ പ്രസിഡന്റ് ധനഞ്ജയ്

#ശരണ്യാ ഭുവനേന്ദ്രന്‍
ധന‍ഞ്ജയ്
ധന‍ഞ്ജയ്

ന്യൂഡല്‍ഹി : സമൂഹത്തിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ജാതിവിവേചനം തുടരുന്നുണ്ടെന്നും താനും അതിന്റെ ഇരയാണെന്നും ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു.) വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് ധനഞ്ജയ്. 27 വര്‍ഷത്തിനുശേഷമാണ് ദളിത് വിഭാഗത്തില്‍നിന്ന് ഒരാള്‍ വീണ്ടും ജെ.എന്‍.യു. വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റാവുന്നത്.

ദളിതനാണെന്ന ഒറ്റക്കാരണത്താല്‍ അസൈന്‍മെന്റുകള്‍ക്ക് മാര്‍ക്ക് കുറച്ചുനല്‍കുക, അഭിമുഖപരീക്ഷകളില്‍ കൃത്യമായ അജന്‍ഡയോടെ ചോദ്യങ്ങള്‍ ചോദിച്ച് തോല്‍പ്പിക്കുക, അക്കാദമിക് അവസരങ്ങള്‍ നിഷേധിക്കുക തുടങ്ങിയ ഒട്ടേറെ വിവേചനങ്ങള്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെയുണ്ടായി. ഉന്നതവിദ്യാഭ്യാസമേഖലയില്‍ ജാതി ഇപ്പോഴും വില്ലനാണെന്നതിന് തന്റെ ജീവിതം തന്നെ ഉദാഹരണമാണെന്ന് ഗവേഷകവിദ്യാര്‍ഥിയും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ഡല്‍ഹി വൈസ് പ്രസിഡന്റുമായ ബിഹാര്‍ സ്വദേശി ധനഞ്ജയ് മാതൃഭൂമിയോടു പറഞ്ഞു.

ജെ.എൻ.യു. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയമാഘോഷിക്കുന്ന യൂണിയൻ പ്രസിഡന്റ് ധനഞ്ജയും ഐസ പ്രവർത്തകരും | ഫോട്ടോ: പി.ടി.ഐ

ദളിത് പ്രതിനിധി എന്നതിലുപരി കാംപസിലെ വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കായി അവരിലൊരാളായിനിന്ന് പോരാടിയതിന് ലഭിച്ചതാണ് വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് സ്ഥാനം. കുടിവെള്ളമടക്കം ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നാലുവര്‍ഷ ബിരുദ കോഴ്സിനെതിരായ പ്രതിഷേധങ്ങളിലും മുന്നില്‍നിന്ന ധനഞ്ജയ് കുമാര്‍ 1996-97-ല്‍ ഭട്ടിലാല്‍ ബിര്‍വയ്ക്കുശേഷമുള്ള ദളിത് പ്രതിനിധിയാണ്.

ബിഹാറിലെ ഗയ സ്വദേശിയാണ് ധനഞ്ജയ്. അച്ഛന്‍ ശ്യാം ബിഹാറി പ്രസാദ് പോലീസുകാരനായിരുന്നു. കഠിനാധ്വാനത്തിലൂടെയാണ് അച്ഛന്‍ ജോലി സമ്പാദിച്ചതെങ്കിലും സര്‍വീസില്‍നിന്ന് വിരമിക്കുംവരെ ജാതിപ്പേരിലാണ് അദ്ദേഹത്തെ സഹപ്രവര്‍ത്തകരും നാട്ടുകാരും അഭിസംബോധന ചെയ്തിരുന്നതെന്ന് ധനഞ്ജയ് പറഞ്ഞു. സാധാരണ പോലീസുകാര്‍ക്ക് കിട്ടിയിരുന്ന ആദരവ് അദ്ദേഹത്തിന് അന്യമായിരുന്നു. തന്നെ എന്‍ജിനിയറാക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായിട്ടും സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. തുടര്‍ന്ന് എന്‍ജിനിയറിങ് ആഗ്രഹം ഉപേക്ഷിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം, അംബേദ്കര്‍ സര്‍വകലാശാലയില്‍നിന്ന് പെര്‍ഫോമിങ് ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം, ശേഷം തിയേറ്റര്‍ സ്റ്റഡീസില്‍ എം.ഫില്‍, ഇപ്പോള്‍ ജെ.എന്‍.യു. സ്‌കൂള്‍ ഓഫ് ഏത്തിസ്റ്റ് സ്റ്റഡീസില്‍ ഗവേഷണം.

Content Highlights: victim of casteism JNU student union president Dhananjay