വേശ്യാലയം നടത്തിപ്പ് കുറ്റകരമെങ്കില്‍ ലൈംഗിക തൊഴിലാളികള്‍ എവിടെ തൊഴിലെടുക്കും ? - മൈത്രേയൻ

ലൈംഗികതൊഴിലാളികളോടുള്ള മലയാളികളുടെ കാഴ്ച്ചപ്പാടിലും സമീപനങ്ങളിലും ചെറുതല്ലാത്ത മാറ്റം കൊണ്ടുവരുന്നതില്‍ മൈത്രേയ മൈത്രേയന്‍ന്റെ ചിന്തകള്‍ക്കും അദ്ദേഹം ഉയര്‍ത്തിവിട്ട സംവാദങ്ങള്‍ക്കുമുള്ള പങ്ക് ചെറുതല്ല. പോലീസ് മനുഷ്യത്വപരമായി ലൈംഗികത്തൊഴിലാളികളോട് പെരുമാറണമെന്നും പ്രായപൂര്‍ത്തിയായവര്‍ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റമല്ലെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി അറിയിച്ചിരുന്നു. ലൈംഗികതൊഴിലാളികളോടുള്ള മലയാളികളുടെ മനോഭാവത്തിൽ പോസിറ്റീവായ മാറ്റമുണ്ടാക്കിയ വ്യക്തിയെന്ന നിലയിൽ കോടതി പരാമര്‍ശത്തോടുള്ള തന്റെ പ്രതികരണം അറിയിക്കുകയാണ് സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ മൈത്രേയന്‍ ഈ അഭിമുഖത്തില്‍.
മറ്റ് തൊഴിലില്‍ ഏര്‍പ്പെടുന്നതുപോലെതന്നെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലൈംഗികതൊഴിലാളികള്‍ക്കും ഉണ്ടെന്നാണല്ലോ കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗികതൊഴില്‍ എന്ന വിഷയത്തില്‍ കേരളീയ സമൂഹത്തില്‍ തുറന്ന ചര്‍ച്ച കൊണ്ടുവന്ന വ്യക്തികളാണ് താങ്കളും ഡോ ജയശ്രീയും. ഈ കോടതി നിരീക്ഷണം എത്രത്തോളം ആശ്വാസകരമാണ് ലൈംഗിക തൊഴിലാളികളെ സംബന്ധിച്ച്?
അപൂര്‍ണ്ണമായ നിരീക്ഷണങ്ങളാണിവ. അന്തസ്സോടെ ജീവിക്കാന്‍ ലൈംഗിക തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടെന്ന് പറയുന്ന അതേ കോടതിയാണ് വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണെന്ന് പറയുന്നത്. അങ്ങനെയെങ്കില്‍ ഈ ലൈംഗിക തൊഴിലാളികള്‍ എവിടെ ജീവിക്കും എങ്ങനെ തൊഴിലെടുക്കും എന്നത് കണക്കിലെടുക്കുന്നില്ല. ആ ഗൗരവപ്പെട്ട വിഷയം അഡ്രസ് ചെയ്യാതെയാണ് ഇത്തരമൊരു തൊഴില്‍ അംഗീകരിച്ചിരിക്കുന്നു എന്ന് കോടതി പറഞ്ഞത്. ഒരു നിയമനിര്‍മ്മാണത്തിനുള്ള അന്തരീക്ഷമായി മാത്രമേ കോടതിയുടെ ഈ നിരീക്ഷണങ്ങളെ കാണാന്‍ കഴിയൂ. വേശ്യലായത്തിന് ലൈസന്‍സ് വേണമെന്ന യുക്തിയല്ല ഞാന്‍ മുന്നോട്ടുവെക്കുന്നത് പകരം ലൈംഗിക തൊഴില്‍ കുറ്റകരമല്ല എന്ന സമീപനമാണ് വേണ്ടത്.
നിലവില്‍ ലൈംഗിക തൊഴിലെടുക്കുന്നത് ക്രിമിനല്‍ കുറ്റമല്ലല്ലോ. ട്രാഫിക്കിങ് മാത്രമല്ലേ ക്രിമിനല്‍ കുറ്റം?
വേശ്യാലയം നടത്തുന്നത് കുറ്റകരമാണല്ലോ. വേശ്യാലയം നടത്താതെ ആളുകള്‍ ലൈംഗിക തൊഴില്‍ എവിടെ ചെയ്യും എന്ന പ്രശ്‌നമുണ്ടല്ലോ. ക്രമിനലൈസ് ചെയ്യുന്ന യുക്തിക്കകത്താണ് വേശ്യാലയം പാടില്ല എന്ന നിയമമെല്ലാം നിലനില്‍ക്കുന്നത്. തൊഴില്‍ ചെയ്യാനുള്ള അന്തരീക്ഷം എടുത്തു കളഞ്ഞിട്ട് അത് കുറ്റമല്ല എന്ന് പറഞ്ഞതുകൊണ്ട് എന്ത് കാര്യമാണുള്ളത്. തൊഴിലിടങ്ങളില്ലാതെ എങ്ങനെ തൊഴില്‍ ചെയ്യും. ഒരു സ്ത്രീക്ക് അവരുടെ വീട്ടില്‍ ചെയ്യാന്‍ പറ്റുന്ന പ്രവൃത്തിയായി ഇത് മാറുമ്പോഴേ വേശ്യാലയം പാടില്ല എന്നതുകൊണ്ട് പ്രശ്‌നമില്ലാതാവുന്നുള്ളൂ. വീട്ടിലിരുന്ന് ലൈംഗിക തൊഴില്‍ ചെയ്യാവുന്ന സംവിധാനം അല്ലല്ലോ ഇന്ന് നമുക്ക് ചുറ്റിലുമുള്ളത്. അതുകൊണ്ട് വീട് വിട്ടു പോയി എവിടെയെങ്കിലും വെച്ച് ചെയ്യാനുള്ള ബാധ്യത വരും. അപ്പോള്‍ അവര്‍ക്ക് ഇടം വേണം. അങ്ങനെ വരുമ്പോള്‍ അവര്‍ ലോഡ്ജിലും ഹോട്ടലുകളിലും പോവും. ആ ചെറു ഹോട്ടലുകളും ലോഡ്ജുകളും വേശ്യാലയമാണെന്ന് ചിത്രീകരിക്കുമ്പോള്‍ അത് പ്രശ്‌നമാവും. ഹോട്ടലുകാര്‍ക്കോ മറ്റോ അങ്ങനെ കൊടുക്കാന്‍ പറ്റാത്ത അവസഥ വരും. അപ്പോ നിങ്ങള്‍ തൊഴില്‍ ചെയ്‌തോളൂ , തൊഴിലിടങ്ങളില്ല എന്ന് പറയുംപോലെ അര്‍ഥവത്താല്ലാതാവുന്നു കോടതിയുടെ ഉത്തരവ്.
വേശ്യാലയങ്ങൾക്ക് അനുമതി നൽകുമ്പോൾ ചൂഷണങ്ങളും ട്രാഫിക്കിങ്ങും വര്‍ധിക്കുന്ന ആശങ്കയുമുണ്ടല്ലോ?
അതെനിക്കറിയാം. അതറിയാതെയല്ല ഞാൻ സംസാരിക്കുന്നത്.
ഈ സുപ്രീംകോടതി പരാമര്‍ശം പുതുതായൊന്നും ചെയ്യുന്നില്ലെന്നും ആളുകള്‍ രഹസ്യമായി ചെയ്യുന്നത് തുടരുമെന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് ഇപ്പോള്‍ സംഭവിക്കുന്നില്ല. പണ്ടത്തെ ആളുകള്‍ ധരിച്ചുവെച്ചിരുന്നത് സ്ത്രീകള്‍ കൈയ്യും കാലും കാണിച്ച് ആണുങ്ങളെ ആകര്‍ഷിക്കാന്‍ പോകില്ലെന്നാണ്. സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉണ്ടാവില്ലെന്നും അത് പിമ്പുകള്‍ ചെയ്യുന്നതാണെന്നുമാണ് അന്നാലുകൾ ധരിച്ചുവെച്ചിരുന്നത്. അതിനാൽ ക്ഷണിതാക്കളായ ആളുകളെ ഉപദ്രവിക്കുന്ന പോലീസ് സമീപനമായിരുന്നു നിലനിന്നിരുന്നത്. തെരുവില്‍ ലൈംഗിക തൊഴിലാളികള്‍ വന്നു നില്‍ക്കുമ്പോള്‍ അവരെ അറസ്റ്റ് ചെയ്യുന്നതിലേക്കും അന്ന് കാര്യങ്ങള്‍ മാറിയിരുന്നു.
മാത്രവുമല്ല ലൈംഗിക തൊഴിലിലേക്ക് എത്തപ്പെടുന്ന സ്ത്രീകള്‍ ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ടും നിവൃത്തി കേട് കൊണ്ടും വരുന്നതാണെന്നുമുള്ള ചിന്താഗതിയുമുണ്ടല്ലോ. ചോയ്സല്ല നിവൃത്തികേടായല്ലേ നമ്മളിപ്പോഴും അതിനെകാണുന്നത്? അതുകൊണ്ടല്ലേ ഇത്തരം പ്രശ്നങ്ഹൾ ഉടലെടുക്കുന്നത്?
ഇഷ്ടമുള്ള തൊഴിലിടത്തിലാണോ ഇക്കണ്ടയാളുകളെല്ലാം പ്രവൃത്തിക്കുന്നത്. തൊഴിലുകളുടെ പല കണ്ടീഷനുകളും എല്ലാവര്‍ക്കും ഇഷ്ടമുള്ളതല്ല. നിര്‍ബന്ധിതമായാണ് പലരും അത് ചെയ്യുന്നത്. ഇഷ്ടമുള്ളത് ചെയ്യുന്നവര്‍ വളരെ ചുരുക്കമാണ്. ലൈംഗിക തൊഴില്‍ മാത്രമാണ് നിര്‍ബന്ധിതമായി ചെയ്യുന്ന തൊഴില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ഈ തൊഴിലെടുക്കാൻ നിവൃത്തികേടുകൊണ്ടാണോ പോവുന്നത്. പല സെലിബ്രിറ്റികളും ഇത് ചെയ്യുന്നുണ്ട്. അവര്‍ ആള്‍ക്കാര്‍ക്ക് കമ്പനി ആണ് കൊടുക്കുന്നത്. ദരിദ്രരെ മാത്രം ബാധിക്കുന്ന എന്തോ പ്രശ്‌നമായാണ് ഇപ്പോഴും പലരും ഈ തൊഴിലിനെ കാണുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ഇരിക്കുന്നവര്‍ അതിനാല്‍ ഒരിക്കലും റെയ്ഡ് ചെയ്യപ്പെടുന്നില്ല. ത്രീ സ്റ്റാര്‍ ഹോട്ടലിന് താഴെ മാത്രമേ റെയ്ഡ് നടക്കുകയുള്ളൂ. ഫ്‌ലൈറ്റില്‍ കള്ളുകുടിക്കാം ട്രെയിനില്‍ കള്ളു കുടിക്കാന്‍ പാടില്ല എന്ന് പറയും പോലെ ക്ലാസ്സ് ഉള്ള, പ്രിവിലജ് ഉള്ളവര്‍ക്ക് സാധിക്കുന്നവിധമാണ് ഈ കാര്യങ്ങളെല്ലാം നിലനില്‍ക്കുന്നത്. ഇന്നലത്തെ സുപ്രീംകോടതി പരാമര്‍ശങ്ങള്‍ സംവാദങ്ങളിലേക്ക് നയിക്കുന്നു എന്നല്ലാതെ പരിഹാരങ്ങള്‍ മുന്നോട്ടുവെക്കുന്നതല്ല.
നിയമനിര്‍മ്മാണത്തിലേക്കുള്ള ചുവടുവെപ്പ് എന്ന നിലയ്‌ക്കേ സുപ്രീംകോടതി പരാമർശങ്ങളെ കാണാനാവൂ എന്നും വേശ്യാലയങ്ങൾ നിയമപരമല്ലാത്തിടത്തോളം കാലം ഇതിന് നിയമനിര്‍മ്മാണ സാധ്യതയില്ലെന്നുമാണോ താങ്കൾ പറഞ്ഞു വരുന്നത്?
അതെ, സൂക്ഷ്മ തലത്തില്‍ വിഷയത്തെ പരമാര്‍ശിക്കുന്ന നിരീക്ഷണമല്ല കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. മാത്രവുമല്ല പോലീസുകാര്‍ക്ക് കൂടുതൽ ആശയക്കുഴപ്പുമുണ്ടാക്കും ഈ നിരീക്ഷണങ്ങൾ. ഇനി സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിന് പകരം തേടിയെത്തുന്ന പുരുഷന്‍മാരുടെ അറസ്റ്റിലേക്ക് മാറും. ആ മാറ്റം മാത്രമാണ് ഈ ഉത്തരവ് കൊണ്ടെല്ലാം ഉണ്ടാവുക. ലൈംഗിക തൊഴിലിലേര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയായവര്‍ മാത്രമാണോ എന്നത് മാത്രമാണ് പരിശോധിക്കപ്പെടേണ്ടത്. ഒരു പരാതി നൽകുമ്പോൾ മാത്രം നോക്കേണ്ട മേഖലയാണ്.
അപ്പോള്‍ വേശ്യാലയം നിയമപരമാക്കിയില്ലെങ്കിൽ ഈ മേഖലയിൽ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നതിന് സാധ്യത കൂടും എന്ന അഭിപ്രായമുണ്ടോ?
അതില്ല. നിലനില്‍ക്കുന്ന സ്ത്രീകളുടെ അവസ്ഥ മോശമാണ്. തിരഞ്ഞെടുക്കാനുള്ള സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമൊന്നും സ്ത്രീക്കില്ല.അങ്ങനെയാണ് അവരെ രൂപപ്പെടുത്തിയത്. എന്നിട്ട് അവര്‍ സ്വയം തീരുമാനമെടുക്കട്ടെ എന്ന് പറയുന്നതെങ്ങനെയാണ്. സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുള്ളവരാക്കി അവരെ മാറ്റിയിട്ടില്ല. ബോണ്‍സായി പോലെയാണ് അവരെ വളര്‍ത്തുന്നത്. എന്നിട്ട് തന്നത്താൻ തീരുമാനിക്കട്ടെ എന്ന് പറയാന്‍ പറ്റില്ല. കൂട്ടിലിട്ട പക്ഷിയെ പുറത്ത് വിട്ടാല്‍ അവ പറന്നു പോവില്ല. കൂട്ടിലേക്ക് തിരിച്ചു വരും. മാത്രവുമല്ല പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടും. അതുകൊണ്ട് ഇങ്ങനെയൊന്നും ചര്‍ച്ചചെയ്യേണ്ടതില്ല. തൊഴിൽ എന്ന് കോടതി പറഞ്ഞു. എന്നാൽ കുട്ടികളെ ഈ തൊഴിലിലേക്ക് പരിശീലിപ്പാന്‍ കഴിയുമോ. ഇല്ല. ഇതിനെ തൊഴിലായി അംഗീകരിക്കേണ്ടതുപോലുമില്ല. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് അംഗീകരിച്ചാല്‍ മാത്രം മതി. അതിനിടം കിട്ടിയാല്‍ മാത്രം മതി. ഒപ്പം ലൈംഗിക വിദ്യാഭ്യാസം നല്‍കി ദീര്‍ഘവീക്ഷണത്തോടു കൂടി വേണം വിഷയത്തെ സമീപിക്കാന്‍.
വേശ്യാലയമല്ല ട്രാഫിക്കിങ് ആണ് നമ്മള്‍ നിരോധിക്കേണ്ടത്. ട്രാഫിക്കിങ് വേറെ ഒരു വിഷയം തന്നെയാണ്. അത് സ്ലേവ് ട്രേഡാണ്. അത് സ്ത്രീകളുമായി മാത്രം ബന്ധംപ്പെട്ടതല്ല. അത് വേറെ തന്നെ വിഷയമാണ്. ഇതിനെ രണ്ടിനെയും ഒരിമിച്ച് പറയുമ്പോള്‍ ആണ് വ്യക്തതക്കുറവ് വരുന്നത്. . ലൈംഗിക തൊഴിലിനുള്ള ഇടം നഷ്ടപ്പെടുമ്പോൾ അത് രഹസ്യമായി നടത്തും. സംവിധാനങ്ങളുടെ റഡാറിന് പുറത്താകും. അപ്പോള്‍ റഗുലേഷന്‍ പോലും സാധ്യമല്ലാതാവും. അതിനാല്‍ ഇടം വേണം. ഇവര്‍ക്ക് കുളിക്കാനും നനക്കാനും ജീവിക്കാനും കഴിയണം. അവിടം കാലാകാലം പോയി ചെക്ക് ചെയ്ത് രോഗം ഉണ്ടാവില്ലെന്ന് നോക്കണം. കുട്ടികളെക്കൊണ്ട് ജോലി ചെയ്യുന്നില്ലെന്നും 18 വയസ്സായോയെന്നും ഉറപ്പാക്കണം. പല ലെവലിലുള്ള വര്‍ക്ക് ചെയ്‌തേ ഈ പറഞ്ഞതില്‍മാറ്റം വരുത്താനാവൂ. പ്രായപൂര്‍ത്തിയായവർ പരസപരം സമ്മത പ്രകാരം ലൈംഗിക ബന്ധതതിലേര്‍പ്പപെടുന്നത് സ്വാഭാവികമെന്ന തരത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ എക്വിപ് ചെയ്യണം. അല്ലാതെ അതിനെ തൊഴിലാക്കി പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. തൊഴിലാക്കണമെങ്കില്‍ നിങ്ങള്‍ അക്കാദമി തുടങ്ങി പരിശീലനം തുടങ്ങണം. അതൊന്നും ഇല്ലെങ്കിൽ ഇതെങ്ങനെ തൊഴിലാവും.
അതുപോലെതന്നെ പ്രായമായി, ആരോഗ്യം ക്ഷയിച്ച ശേഷമുള്ള ലൈംഗികതൊഴിലാളികളുടെ പുനരധിവാസവും വിഷയമല്ലേ. അതേക്കുറിച്ചും ചര്‍ച്ചചെയ്യേണ്ടതില്ലേ. കോവിഡ് കാലത്ത് അത്രയധികം ഈ വിഭാഗം ബുദ്ധിമുട്ടിയിട്ടുണ്ട്.
കര്‍ഷക തൊഴിലാളികളായ സ്ത്രീകള്‍ ഇതുതന്നെയാണ് അനുഭവിക്കുന്നത്. പ്രായമായ, ദരിദ്രരായ എല്ലാ തൊഴിലാളികളും ഇതേ പ്രശ്‌നം അനഭവിക്കുന്നുണ്ട്. അല്ലാതെ ലൈംഗിക തൊഴിലാളികളുടെ മാത്രം പ്രശ്‌നമല്ല ഇത്. സോഷ്യല്‍ സെക്യൂരിറ്റി ആക്ട് പ്രകാരവും ഇന്‍ഷുറന്‍സ് വെച്ചും മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയൂ. നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ സാമൂഹിക സുരക്ഷയുള്ളൂ. അല്ലാത്ത മുഴുവന്‍ ആളുകളും ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ട്.
അവര്‍ക്കൊക്കെ കുടുംബം നോക്കാനുണ്ടെന്ന പ്രതീക്ഷയെങ്കിലുമുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്ക് നോക്കാന്‍ കുടുംബമോ ഏറ്റെടുക്കാന്‍ ആളുകളോ ഉണ്ടാവില്ലല്ലോ?
അത് സത്യമല്ല. എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും വീടുണ്ടാവും. അവര്‍ ചെയ്യുന്ന പ്രവൃത്തിയെയും അവര്‍ ഇടപഴകുന്ന ഇടത്തെയും നിങ്ങള്‍ ക്രിമിനലൈസ് ചെയ്യുന്നതുകൊണ്ടാണ് അവര്‍ക്ക് വീടില്ലാതാവുന്നത്. ലൈംഗിക തൊഴില്‍ ചെയ്യുന്നവരെ റോഡില്‍ എത്തിക്കുന്നതാണ് നിലവിലെ നിയമം. ലൈംഗിക തൊഴില്‍ ആരും ചെയ്യുന്നത് പരസ്യമായി കാണിച്ചല്ല. അപ്പോള്‍ റെയ്ഡ് തുടങ്ങിയാല്‍ അവര്‍ റോഡിലിറങ്ങാന്‍ നിര്‍ബന്ധിതരാവും . ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങള്‍ ഉടലെടുക്കും. അതിനാലാണ് അപൂര്‍ണ്ണമായ കോടതി ഉത്തരവാണ് ഇതെന്ന് ഞാന്‍ പറഞ്ഞത്.
റോഡില്‍ നിന്ന് സ്ത്രീകള്‍ കൈക്രിയ കാണിക്കുന്നു എന്ന് പറഞ്ഞാണ് ഇത്രനാളും അവരെ അറസ്റ്റ് ചെയ്തത്. അത് നിന്നത് സെല്‍ഫോണിന്റെ വരവോടു കൂടിയാണ്.
പത്തിരുപത് വര്‍ഷം ഈ വിഷയം ആദ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ ഉള്ള സമൂഹമല്ലല്ലോ ഇന്ന നിലവിലുള്ളത്. അന്ന് അടുത്ത സുഹൃത്തുക്കലായിരുന്നവര്‍ അകന്ന് പോയെന്നും താങ്കള്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇന്ന് കുറെയൊക്കെ ഈ വിഷയത്തോടുള്ള പൊതുസമൂഹത്തിന്റെ സമീപനം മാറിയില്ലേ?
പോസിറ്റീവായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെ കടന്നു വരവോടെ സംവാദലോകം കുറച്ചുകൂടി വിശാലമായി. പക്ഷെ കാര്‍പറ്റിന്റെ കീഴിലിടുന്നത് തുറന്നിട്ടു എന്നല്ലാതെ ആളുകള്‍ പൂർണ്ണായും മാറിയിട്ടില്ല. ഒരു വീട്ടിലേക്ക് ആണുങ്ങള്‍ കയറിചെല്ലുമ്പോള്‍ ഇപ്പഴും ആളുകള്‍ അപവാദം പറയുന്നത് അവരുടെ കണ്ണില്‍ ഇതൊരു കുറ്റകൃത്യമായതുകൊണ്ടാണ്. അതിനാല്‍ ലൈംഗിക വിദ്യാഭ്യാസം വേണം. ഒരു നിയമം തയ്യാറാക്കിയതുകൊണ്ടോ സുപ്രീംകോടതി നിരീക്ഷണം നടത്തിയതുകൊണ്ടോ പരിഹാരമുണ്ടാവുന്ന മേഖലയല്ലിത്. സങ്കീര്‍ണ്ണമായ മനുഷ്യപ്രശ്‌നങ്ങള്‍ ഉള്‍ച്ചേര്‍ന്ന മേഖലയാണിത്. സ്ത്രീകള്‍ 45ാം വയസ്സില്‍ മെനോപോസ്സിലേക്ക് പോവും. അവരുടെ ലൈംഗിക ഉത്തേജനം കുറയും. പുരുഷന്‍ മരിക്കുന്നതുവരെ ലൈംഗികമായി ഉത്തേജിതരായിരിക്കും. അവരുടെ കാര്യം ആര് നോക്കുമെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല.
സെക്‌സ് വര്‍ക്കേര്‍സിനെ കുറിച്ച് പറയുമ്പോള്‍ സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ടാണ് നമ്മുടെയെല്ലാം ചര്‍ച്ചകള്‍ പോകുന്നത്. നിയമവും കോടതിയും പ്രസ്താവനകള്‍ നടത്തുന്നതും സ്ത്രീകളെ മാത്രം കണ്ടുകൊണ്ടാണ്. എന്നാല്‍ പുരുഷന്‍മാരായ സെക്‌സ് വര്‍ക്കേഴ്‌സ് കൂടി ഉള്‍ച്ചേരുന്നതാണ് ലോകം. അത് ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നില്ലേ?
ലൈംഗിക തൊഴില്‍ എന്നത് സ്ത്രീയോ പുരുഷനോ എന്ന നിലവാരത്തിലല്ലാതെ. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ചെയ്യുന്ന കാര്യമായി മാത്രം അതിനെ കണ്ടാല്‍ മതി. സാഹചര്യം നിഷേധിക്കുമ്പോള്‍ രഹസ്യമായി ചെയ്യുന്ന ലോകങ്ങളുണ്ടാവും. ആ രഹസ്യ ഇടങ്ങളെല്ലാം ക്രിമിനലൈസ് ചെയ്യപ്പെടുകയും ചെയ്യും.
കുടുംബകോടതികളൊക്കെ നിലനില്‍ക്കുന്നത് പ്രാകൃതമായ ഇടപാടുകളാണ്. ഡിവോഴ്‌സിന് വേണ്ടി സമീപിക്കുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്തുകയാണ് കോടതി ചെയ്യുന്നത്. കുട്ടികളെ ചൊല്ലിയാണ് ഈ നിരുത്സാഹപ്പെടുത്തല്‍. പക്ഷെ യോജിപ്പില്ലാത്തവര്‍ കുട്ടികളെ വളര്‍ത്തിയാല്‍ ഭീകരമായ കുടുംബാന്തരീക്ഷമാണ് കുട്ടികള്‍ക്കുണ്ടാവുന്നതെന്ന ചിന്തിക്കുന്നില്ല. ആധുനികമായി മനുഷ്യബന്ധങ്ങളെ നിര്‍വ്വചിച്ചുകൊണ്ടായിരിക്കും നിയമമോ പോളിസിയോ വരേണ്ടത്. നിലവിലെ സങ്കല്‍പത്തില്‍ നിന്നുകൊണ്ടാവരുത് അത്. ജീവിതത്തെ പറ്റി അറിഞ്ഞുകൂടാതെ ഉണ്ടാക്കിയ നിയമങ്ങള്‍ക്കകത്ത് പെടുന്നതുകൊണ്ടാണ് മനുഷ്യര്‍ക്കീ കണ്‍ഷ്യൂഷന്‍ വരുന്നത്.
Content Highlights: Social activist Maitreya Maitreyan,Supremecourt,Sexworkers, dignity, trafficking, social,mathrubhumi