വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

ലോണ്‍ ആപ്പിന്റെ കുരുക്കില്‍ എറണാകുളം കടമകുടിയിലെ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് നമ്മളറിഞ്ഞത്. നിസാരമെന്ന് തള്ളിക്കളയാനാവാത്ത വിധം ലോണ്‍ ആപ്പുകള്‍ പലരുടെയും ജീവിതത്തില്‍ പിടിമുറുക്കി കഴിഞ്ഞു. സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള അതിക്രമങ്ങളാണ് ഈ ആപ്പില്‍ നിന്ന് ലോണെടുത്തവര്‍ നേരിടേണ്ടി വരുന്നത്. പണം അടച്ചു തീര്‍ന്നാലും വീണ്ടും അടയ്ക്കാന്‍ പറയുക, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണി, ഫോണിലെ ബന്ധുകളുടെ വിവരങ്ങള്‍ കൈക്കലാക്കി അപമാനിക്കല്‍ എന്നിവയെല്ലാം ഈ ആപ്പില്‍ നിന്ന് നേരിടേണ്ടി വരും. ഈ ഭീഷണികളെ നേരിടാനാവാതെ ജീവിതം അവസാനിപ്പിക്കുന്നവര്‍ ഏറെയാണ്. ഈ ആപ്പുകളുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങികൊടുക്കേണ്ട ആവശ്യമില്ല. നിയമത്തിന്റെ പരിരക്ഷ ഇവിടെയും ജനങ്ങള്‍ക്കൊപ്പമുണ്ട്. ഈ പ്രശ്‌നത്തെ നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് അറിയാം
ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനം നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്
രാജ്യത്ത് വായ്പ നല്‍കുന്നതും തിരിച്ചടവും എല്ലാം നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കാലാകാലങ്ങളില്‍ നിയമവും ചട്ടങ്ങളും പരിഷ്‌കരിക്കാറുണ്ട്. ലോണ്‍ ആപ്പുകളുടെ ഉടമസ്ഥന്‍ ഉള്ള സ്ഥലം അല്ലെങ്കില്‍ പ്രധാന ഓഫീസ് കേരളത്തിന്റെ പുറത്ത് സജ്ജീകരിച്ചവയാണ് തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നതെന്ന് കാണാം. ഹൈദരാബാദ്, ബാംഗ്ലൂര്‍ , അലഹാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിലിരുന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്ന ആപ്പുകളില്‍ ആകൃഷ്ടരാവുകയാണ് സാധാരണക്കാര്‍. കോവിഡാനന്തരം കുടുംബ സാമ്പത്തിക നില പരുങ്ങലിലായ മലയാളികള്‍ ഇതില്‍ അകപ്പെടുന്നുണ്ട് എന്ന് കടമക്കുടിയിലെ കുടുംബത്തിന്റെ ആത്മഹത്യ നമ്മോട് പറയുന്നു. കേരളത്തിന് പുറത്തായതിനാലും വിവിധ സംസ്ഥാനങ്ങളില്‍ ഇരുന്ന് പ്രവര്‍ത്തിക്കുന്നതിനാലും കേന്ദ്ര സര്‍ക്കാരിന്റെ നിയമവ്യവസ്ഥയിലെ സാങ്കേതികത്വങ്ങള്‍ മറയാക്കിയാണ് തട്ടിപ്പ് നിര്‍ബാധം തുടരുന്നത്. രണ്ടര ശതമാനം പലിശയ്ക്ക് ലോണ്‍ എന്ന് മോഹന വാഗ്ദാനം കേട്ട് ലോണ്‍ എടുക്കുന്നവര്‍ അറിയുന്നില്ല വര്‍ഷത്തിന് 28 ശതമാനം എന്ന കൊള്ളപ്പലിശയാണ് തലയില്‍ ചുമക്കേണ്ടി വരിക എന്ന്.
പരാതിപ്പെടാന്‍ മടിക്കരുത്
സാമ്പത്തിക ഇരകളാക്കപ്പെടുന്നവരുടെ അഭിമാന ബോധത്തെയാണ് ലോണ്‍ ആപ്പുകള്‍ ലക്ഷ്യമിടുന്നത്. വാട്ട്സാപ്പ് മെസ്സേജുകളിലൂടെയും മെയിലിലൂടെയും മറ്റും ലഭിച്ച ലിങ്കിലൂടെ ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന നിമിഷം തൊട്ടേ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് ഡീറ്റെയില്‍സ് ഉള്‍പ്പെടയുള്ളവ ആപ്പ്കാരുടെ കൈവശത്തിലാകുന്നു. ലോണ്‍ തിരിച്ചടവ് മുടങ്ങുമ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാം മെസ്സേജും മോര്‍ഫ് ചെയ്ത ഫോട്ടോയും മറ്റും അയച്ച് കിട്ടുന്നതിന്റെ കാരണം ഇതാണ്.
നിരന്തരം ഒരു സംഘം നിങ്ങളെ ഓണ്‍ലൈനായോ വീട്ടിലെത്തിയോ ലോണ്‍ തിരിച്ചടവ് സംബന്ധിച്ചതില്‍ തുടങ്ങി വ്യക്തിഹത്യ ചെയ്യുന്ന നിലയിലോ ക്രിമിനല്‍ കുറ്റങ്ങള്‍ എന്ന നിലയിലോ ശല്യപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തി ഒരു പരാതി എഴുതി നല്‍കുക എന്നതാണ്. ഗൗരവം പരിഗണിച്ച് അനുയോജ്യമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് നിങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഹായിക്കും.
ചിത്രങ്ങളും വീഡിയോകളും മോര്‍ഫ് ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതിനും ശിക്ഷ
ലോണ്‍ തിരിച്ചടവിനെ പറ്റി പരാമര്‍ശിച്ച് നോട്ടീസ് അയക്കാനും മറ്റ് നിയമ നടപടികള്‍ കൈക്കൊള്ളാനും ലോണ്‍ ആപ്പുകള്‍ക്ക് കഴിയും. എന്നാല്‍ നിരന്തരം ഭീഷണിപ്പെടുത്തിയാല്‍ പോലീസില്‍ പരാതിപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 503 ല്‍ പറയുന്ന ക്രിമിനല്‍ കുറ്റമാകുന്ന ഭീഷണിക്ക് രണ്ട് വര്‍ഷം വരെയാകാവുന്ന തടവും പിഴയും ലഭിക്കും. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് വകുപ്പ് 509 അനുസരിച്ച് മൂന്ന് വര്‍ഷം വരയാകാവുന്ന തടവും പിഴയും നിയമം അനുശാസിക്കുന്നു. വീട്ടില്‍ അതിക്രമിച്ചു കയറുന്നവര്‍ക്കെതിരെ വകുപ്പ് 447 അനുസരിച്ച് മൂന്നു മാസം വരെ തടവ് നല്‍കാം. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ലോണ്‍ ആപ്പുകാര്‍ക്കെതിരെ ഐ.ടി നിയമത്തിന്റേയും കേരള പോലീസ് ആക്ടിന്റെയും വിവിധ വകുപ്പുകള്‍ ചുമത്താവുന്നതാണ്. ഐ. ടി നിയമത്തിലെ 43 എ അനുസരിച്ച് ഒരു കമ്പനി അല്ലെങ്കില്‍ വ്യക്തി അവര്‍ കൈകാര്യം ചെയ്യുന്ന മറ്റൊരു വ്യക്തിയുടെ സ്വകാര്യ ഡാറ്റ പരിരക്ഷിക്കുന്നതില്‍ വീഴ്ച്ചവരുത്തിയാല്‍ നഷ്ടപരിഹാരം ഇടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഇത് കൂടാതെ വിശദമായ ഒരു പരാതി തയ്യാറാക്കി മനുഷ്യാവകാശ കമ്മീഷനും സമര്‍പ്പിക്കാവുന്നതാണ്. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പാക്കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമായിരിക്കേ പരാതിയില്‍ നടപടി സുനിശ്ചിതം.
ലോണ്‍ എടുക്കാന്‍ ബദല്‍ സംവിധാനങ്ങള്‍
പലരും ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കാന്‍ മടിക്കുന്നത് രേഖകളും മറ്റും തയ്യാറാക്കാനുള്ള സമയനഷ്ടം ഓര്‍ത്തിട്ടാണ്. ദേശസാത്കൃത ബാങ്കുകള്‍ക്ക് യാതൊരു ഈടുമില്ലാതെ രൂപ പതിനായിരം വരെ വായ്പ തരാനാകും. അമ്പതിനായിരം രൂപയ്ക്കും അതിന് മുകളിലുമുള്ള തുക കാര്‍ഷിക വായ്പയായി ലഭിക്കാന്‍ ചെറിയ പുരയിടമാണെങ്കിലും അതിന്റെ കൈവശ സര്‍ട്ടിഫിക്കറ്റും ഭൂനികുതി അടച്ച രശീതും നല്‍കിയാല്‍ മതി. ദേശസാത്കൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും ഉയര്‍ന്ന തുക വായ്പ എടുക്കുമ്പോള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും വേണ്ട രേഖകള്‍ തയ്യാറാക്കാന്‍ സഹായിക്കാനും ലീഗല്‍ സ്‌ക്രൂട്ടിനി പാനലിലുള്ള പ്രദേശത്തെ അഭിഭാഷകരുടെ സഹായവും ലഭ്യമാകും. ഇത്തരം ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുമ്പോള്‍ 10 മുതല്‍ 15 ശതമാനം പലിശയേ വരുന്നുള്ളൂ എന്നതും ശ്രദ്ധിക്കണം.
കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത്
ഉപഭോക്തൃ നിയമം 1986 ഉം അതിന്റെ അടുത്തിടയുണ്ടായ വിവിധ ഭേദഗതികളും ലോണ്‍ ആപ്പുകളുടെ ചൂഷണത്തില്‍ നിന്നും ഉപഭോക്താവിന് സംരക്ഷണമൊരുക്കാന്‍ പര്യാപ്തമല്ല. കേരളത്തില്‍ 1958 മുതല്‍ നിലവിലുള്ള മണി ലെന്‍ഡിംഗ് ആക്ടിലെ വകുപ്പ് 7 (1 ) ന്റെ 2019 ലുണ്ടായ ഭേദഗതി അനുസരിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ വായ്പകള്‍ക്ക് 18 ശതമാനം വരയേ പലിശയായി ഈടാക്കാന്‍ പാടുള്ളൂ എന്ന് നിബന്ധനയുണ്ട്. 2 ശതമാനം വരെ ജി.എസ്.ടി അടക്കം സര്‍വ്വീസ് ചാര്‍ജ്ജുമാകാം. അങ്ങനെ നോക്കുമ്പോള്‍ പരമാവധി 20 ശതമാനം പലിശയേ കേരളത്തില്‍ ബ്ലേഡ് കമ്പനിക്കാര്‍ എന്ന് ജനം വിളിക്കുന്നവര്‍ പോലും വാങ്ങിക്കുന്നുള്ളൂ. കേരള മണി ലെന്‍ഡിംഗ് ആക്ടിന്റെ ഈ വകുപ്പുകള്‍ കേരളത്തിന് അകത്ത് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്കും ബാധകമാക്കാന്‍ ഒരു വിജ്ഞാപനം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും. ഇതിന് ഉള്‍പ്പടെ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി, വിഷയത്തില്‍ കേന്ദ്രത്തിന് അയച്ച കത്തു കൊണ്ട് സാധിക്കും എന്ന് പ്രത്യാശിക്കാം. ഇത് കൂടാതെ കേന്ദ്രത്തിന് രാജ്യമാകെ ലോണ്‍ ആപ്പുകളെ നിയന്ത്രണത്തിലാക്കാന്‍ ഒരു പ്രത്യക നിയമം തന്നെ പാര്‍ലമെന്റില്‍ കൊണ്ടു വരാനും സാധിക്കും.
Content Highlights: Legal precautions to avoid falling into the pitfalls of loan apps