എന്താണ് ആത്മഹത്യ പ്രേരണ കുറ്റം, നിയമം എങ്ങനെ ഇതിനെ കാണുന്നു?|LAW POINT

എന്താണ് ആത്മഹത്യ പ്രേരണ കുറ്റം? അതിന് പിന്നിലെ നിയമവശങ്ങള്‍ എന്തൊക്കെയാണെന്നാണ് ഈ ലക്കം ലോ പോയിന്റെ ചര്‍ച്ച ചെയ്യുന്നത്.ഒരാള്‍ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രം നിലനില്‍ക്കുന്ന കുറ്റമാണ് ആത്മഹത്യ പ്രേരണ കുറ്റം.
ഐ.പി.സിയുടെ 306 ആം വകുപ്പ് ബി.എന്‍.എസിന്റെ 108ാം വകുപ്പ് ആയി മാറുമ്പോഴും പ്രേരണ എന്ന വാക്കിന്റെ വിശാല അര്‍ത്ഥത്തില്‍ പ്രതി ആത്മഹത്യ ചെയ്ത വ്യക്തിക്ക് അപ്രകാരം ചെയ്യുന്നതിലേക്ക് വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗൗരവമേറിയ കുറ്റങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ വിചാരണ സെഷന്‍സ് കോടതികളിലാണ്.
ബി.എന്‍.എസിന്റെ വകുപ്പ് 45 ല്‍ പറയുന്ന പ്രേരണ ' എന്നതിന്റെ സാധുവായ ഘടകങ്ങള്‍ കേസില്‍ ഉണ്ടെങ്കിലേ 108ാം വകുപ്പ് ചുമത്തിയാലും ശിക്ഷ വാങ്ങിച്ചു നല്‍കാന്‍ പ്രോസിക്യൂഷന് കഴിയു.
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുമ്പോള്‍ പരിശോധിക്കേണ്ടത്
1. മരണപ്പെട്ട വ്യക്തിയുടെ പദവി , അധികാരം , വിദ്യാഭ്യാസ യോഗ്യത , ജീവിത അനുഭവം.
2. ആത്മഹത്യ നടന്നു എന്ന് പറയുന്ന സമയവും പ്രേരണ നടത്തി എന്ന് പറയുന്ന സമയവും തമ്മിലുള്ള അകലം.
3. ആത്മഹത്യ നടത്തിയ വ്യക്തിയുടെ അരികില്‍ അല്ലെങ്കില്‍ ആ സന്ദര്‍ഭത്തില്‍ ആ സ്ഥലത്ത് അവസാന നിമിഷവും പ്രതിയായ വൃക്തി ഉണ്ടായിരുന്നോ.
4. ആത്മഹത്യ നടത്താനുള്ള ഉപാധി (വിഷം , കയര്‍ , ആയുധങ്ങള്‍ , ആശയത്തെ പറ്റിയുള്ള വിവരണം) ഇവ പ്രതിയാണോ എത്തിച്ച് നല്‍കിയത്.
5. ആത്മഹത്യ ചെയ്ത ആളുടെ മരണ മൊഴിയില്‍ (ആത്മഹത്യ കുറിപ്പ് , വാട്ട്സാപ്പ്
മെസേജ്, ശബ്ദ - വീഡിയോ സന്ദേശങ്ങള്‍ ) പ്രതിക്കെതിരെ നേരിട്ടുള്ളതോ മറ്റോ ആയ ആരോപണം അല്ലെങ്കില്‍ സുചന എങ്കിലും ഉണ്ടോ.
6.ആത്മഹത്യ ചെയ്ത വ്യക്തിയുടെ പൊതുവേ ഉള്ളതും മരണത്തിന് തൊട്ട് മുന്‍പുള്ളതുമായ സവിശേഷമായ മാനസിക-ശാരീരിക അവസ്ഥ.അസുഖങ്ങള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ ചരിത്രം.
പ്രതിയെ ചുണ്ടിക്കാണിക്കാതെ ആത്മഹത്യ ചെയ്ത ആള്‍ കടന്നു പോകുമ്പോള്‍
മരണ മൊഴി ലഭ്യമല്ലാത്ത കേസുകളില്‍ പ്രശ്‌നം സങ്കീര്‍ണമാകുന്നു. ആത്മഹത്യ കുറിപ്പോ മറ്റോ കണ്ടെത്തിയിട്ടില്ല എന്നാണ് പോലീസ് ഭാഷ്യമെങ്കില്‍ അത് പ്രതിക്ക് സംശയത്തിന്റെ ആനുകുല്യം നല്‍കുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് മരണപ്പെട്ട ആള്‍ ആരോടും പറഞ്ഞിട്ടോ ആര്‍ക്കും സന്ദേശം നല്‍കിയിട്ടോ ഇല്ല എന്നാണ് എങ്കില്‍ സാക്ഷ്യ അധിനിയമത്തിലെ മരണമൊഴിയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ് 26ാം ഉപവകുപ്പ് എ (ഇന്ത്യന്‍ തെളിവ് നിയമത്തിലെ വകുപ്പ് 32 ന് തതുല്യമായത്) പ്രയോഗിക്കാന്‍ ഇതോടെ കഴിയുന്നില്ല. ആത്മഹത്യ ചെയ്യാന്‍ വ്യക്തിക്ക് മറ്റ് കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നു വരെ പ്രതിഭാഗത്തിന് വാദത്തിന് വേണ്ടി പറയാം. ഈ സാഹചര്യത്തില്‍ പ്രതിക്കെതിരെ ആരോപണം കടുപ്പിക്കാന്‍ പ്രോസിക്യൂഷന് പരിമിതികള്‍ ഉണ്ട്.
അഭിമാനത്തിന് ക്ഷതം ഏറ്റ് ആത്മഹത്യ
'I love the name of honor , more than I fear death '
- Julius Caesar by William Shakespeare
അഭിമാനത്തിന് ക്ഷതം ഏറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെങ്കില്‍ ആയത് ജാമ്യ വേളയില്‍ തെളിയിക്കേണ്ട ഒന്നല്ല. ആദ്യം ജാമ്യം നല്‍കിയ ശേഷം പിന്നീട് കേസ് അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ ഘട്ടത്തിലേ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തി ഉള്ളു. ഒരാള്‍ വികാര വിക്ഷുബ്ദമായി പറയുന്നതോ ആത്മഹത്യ എന്നത് നേരിട്ട് ഉദ്ദേശിക്കാത്ത വാചകങ്ങളോ കേട്ട് ഹൈപ്പര്‍ സെന്‍സിറ്റീവായി പ്രതികരിച്ചാല്‍ എന്താണ് പോം വഴി എന്ന് ചോദിച്ചത് 2021 ല്‍ രമേഷ് കുമാര്‍ കേസില്‍ സുപ്രീം കോടതി ആണ്.
ജോലി മേഖലയിലെ ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കുന്നത് വിരളം
അടുത്തിടെ സുപ്രീം കോടതി ഇത്തരം വിഷയങ്ങളില്‍ പ്രാഥമികമായി നടത്തേണ്ട പരിശോധനയെ പറ്റി വിചാരണ കോടതികളോട് പറയുന്നുണ്ട്. പ്രതി ശരിക്കും ഒരാളുടെ ആത്മഹത്യയില്‍ തന്റെ പ്രവൃത്തി കലാശിക്കും എന്ന് കരുതിയിരുന്നോ.കുടുംബാംഗങ്ങളില്‍ നിന്നുള്ള ആത്മഹത്യാ പ്രേരണക്ക് ഗൗരവം കുടുതലാണ്.കുടുംബാംഗങ്ങളെ പറ്റി വൃക്തിക്ക് എപ്പോഴും പ്രതീക്ഷകളുണ്ട്. എന്നാല്‍ ജോലി സ്ഥലത്ത്, സഹപ്രവര്‍ത്തകരക്കിടയിലെ പ്രേരണ കുറ്റം മറ്റൊരു ഗണം തന്നെയാണ്. ഇവിടെ പ്രതിയുടെ ഭാഗത്തു കൂടി നിന്ന് വേണം നിയമം വ്യാഖ്യാനിക്കാന്‍.
സ്വകാര്യ കമ്പനിയില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആളുടെ ഉറ്റവര്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ പ്രേരണ കുറ്റം ആരോപിച്ചു. ഈ കേസാണ് ജസ്റ്റിസ് ജെ. ബി. പര്‍ദ്ദിവാല അധ്യക്ഷനായ ബഞ്ച് റദ്ദാക്കിയത്.
ഓരോ കേസിലും ശിക്ഷിക്കും മുന്‍പ് സാഹചര്യങ്ങളും വസ്തുതകളും പ്രത്യേകമായി പരിശോധിക്കണം. പ്രതിയുടെ പ്രവര്‍ത്തി മറ്റൊരു സാധ്യതയും ബാക്കി വയ്ക്കാത്ത രീതിയില്‍ ഒരാളെ അത്മഹത്യയിലേക്ക് തള്ളി വിടുന്നതാകണം. വൃക്തമായും മനസ്സില്‍ ഈ ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ച പ്രതിയെ മാത്രമേ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കാവു. (രോഹിണി സുദര്‍ശന്‍ ഗംഗുര്‍ദെ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട, 2024 കെ. എച്ച്. സി 6207). ഈ കേസില്‍ ആത്മഹത്യ പ്രേരണ കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണ കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകളെ റദ്ദാക്കിക്കൊണ്ട് പ്രതിക്ക് അനുകൂലമായി തീരുമാനം എടുക്കുകയായിരുന്നു സുപ്രീം കോടതി.
മുന്‍കൂര്‍ ജാമ്യം അവകാശമാകുന്നത് എപ്പോള്‍
പ്രതി നിയമത്തിന്റെ കയ്യില്‍ നിന്നു ഒളിച്ചോടി പോകുന്ന വ്യക്തി അല്ല എന്ന് പറയാന്‍ വഹിക്കുന്ന പദവി സമൂഹവുമായുള്ള ഇടപെടല്‍ ഇവ ധാരാളം. മിക്കവാറും കേസുകളില്‍ ആത്മഹത്യ പ്രേരണ എന്നതിന് ദൃക്‌സാക്ഷികളെക്കാള്‍ സാഹചര്യ തെളിവുകള്‍ ആണ് ഉണ്ടാവുക. അപ്പോള്‍ ജാമ്യം കിട്ടിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും എന്ന വാദത്തിന്റെ മുന ഒടിയും. ആത്മഹത്യ നടത്തിയ ഇടത്തില്‍ പ്രതി ഉണ്ടായിരുന്നോ എന്നതും പരിഗണിക്കാം. മിക്കവാറും തൊണ്ടി മുതലോ മറ്റോ കണ്ടെടുക്കാനുണ്ടാകില്ല എന്നതിനാല്‍ പോലീസ് കസറ്റഡി ഒരു അത്യാവശ്യമല്ല. അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ റിമാന്റ് അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കല്‍ അതുകൊണ്ട് തന്നെ ആവശ്യത്തില്‍ അത്യാവശ്യം അല്ല. മുന്‍കൂര്‍ ജാമ്യം ഇതോടെ പലപ്പോഴും പ്രതിയുടെ അവകാശമാകുന്നു. വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയാലും പ്രതിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും.
Content Highlights: In Naveen Babu's death and abetment of suicide against PP Divya