എട്ട് മാസങ്ങള്‍ക്ക് ശേഷം സന്തോഷവാര്‍ത്ത ; വോയേജര്‍ 1 ന്റെ നാല് ശാസ്ത്ര ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമം

എട്ട് മാസങ്ങള്‍ക്ക് ശേഷം നാസയുടെ വോയേജര്‍ 1 പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. പേടകത്തിലെ നാല് ശാസ്ത്ര ഉപകരണങ്ങളും ഉപയോഗപ്രദമായ ഡാറ്റ ഭൂമിയിലേക്ക് അയക്കാന്‍ തുടങ്ങി. 2023 നവംബര്‍ മുതലാണ് വോയേജര്‍ 1 പേടകം നിശബ്ദമായത്. ശേഷം ഈ വര്‍ഷം ഏപ്രില്‍ 20 ന് പേടകത്തില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചിരുന്നുവെങ്കിലും ശാസ്ത്ര ഉപകരണങ്ങളില്‍ നിന്നുള്ള വിവരം ലഭിച്ചിരുന്നില്ല.
പൂജ്യവും ഒന്നും ഉള്‍പ്പെടുന്ന ബൈനറി കോഡ് കംപ്യൂട്ടര്‍ ഭാഷയിലാണ് വോയേജര്‍ 1 ഭൂമിയുമായി സംവദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി വോയേജര്‍ 1 ല്‍ നിന്നും അയക്കുന്ന വിവരങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നവ ആയിരുന്നില്ല. 2023 നവംബര്‍ മുതലാണ് ഈ പ്രശ്നം ആരംഭിച്ചത്. പേടകത്തിലെ ഫൈ്ലൈറ്റ് ഡാറ്റ സബ്സിസ്റ്റത്തില്‍ (എഫ്ഡിഎസ്) ഉണ്ടായ സാങ്കേതികപ്രശ്നമായിരുന്നു ഇതിന് കാരണം. ഈ സംവിധാനമാണ് പേടകത്തിന്റെ ശാസ്ത്രീയ ഉപകരണങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഭൂമിയിലേക്ക് ബൈനറി കോഡുകളായി അയക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭൂമിയിലെ മിഷന്‍ കണ്‍ട്രോള്‍ ടീമിന് പേടകത്തില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും അവയില്‍ ഉപയോഗിക്കാനാവുന്ന വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പ്രശ്നം കണ്ടെത്തിയതിന് ശേഷം, പേടകത്തിലെ കംപ്യൂട്ടര്‍ സംവിധാനം റീസ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള കമാൻഡുകൾ അയക്കാനും പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും ദൗത്യസംഘം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 1 ന് പ്രത്യേകം കമാന്‍ഡ് അയച്ചു. മാര്‍ച്ച് 3 ന്, ഫ്ലൈറ്റ് ഡാറ്റ സിസ്റ്റത്തിന്റെ കംപ്യൂട്ടര്‍ സംവിധാനങ്ങളിലൊന്നില്‍ പ്രശ്നം ഉള്ളതായി കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ എഫ്ഡിഎസിന്റെ മെമ്മറി ചിപ്പിലാണ് പ്രശ്നം എന്ന് തിരിച്ചറിഞ്ഞു. അതിന്റെ കാരണം കണ്ടെത്താനായില്ല. കംപ്യൂട്ടറിന്റെ സോഫ്റ്റ് വെയര്‍ കോഡ് ഉള്‍പ്പടെയുള്ളവ ശേഖരിച്ചിരുന്നത് ഈ ചിപ്പിലാണ്. ഇത് തകരാറിലായതാണ് വോയേജര്‍ ശേഖരിച്ച ശാസ്ത്രീയ വിവരങ്ങള്‍ ഉപയോഗശൂന്യമാവാന്‍ കാരണമായത്.
ചിപ്പ് ശരിയാക്കാന്‍ സാധിക്കില്ല എന്നതിനാല്‍, ചിപ്പിലെ കോഡ് സിസ്റ്റം മെമ്മറിയില്‍ മറ്റെവിടെയെങ്കിലും ശേഖരിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 18 നാണ് കോഡ് മറ്റൊരു മെമ്മറിയിലേക്ക് മാറ്റുന്നതിനുള്ള കമാന്റ് അയച്ചത്. 22.5 മണിക്കൂറെടുത്താണ് കമാൻഡ് പേടകത്തില്‍ എത്തിയത്. തിരിച്ച് മറുപടി എത്താനും അത്രതന്നെ സമയം എടുത്തു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഫലം കണ്ടതോടെ ഏപ്രില്‍ 20 ന് തിരിച്ചറിയാനാവുന്ന വിവരം പേടകത്തില്‍ നിന്ന് ലഭിച്ചു. ഇപ്പോള്‍ പേടകത്തിലെ മുഴുവന്‍ ശാസ്ത്ര ഉപകരണങ്ങളില്‍ നിന്നും ഉപയോഗപ്രദമായ വിവരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ പരിഹാര ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്.
1977 ഓഗസ്റ്റ് 20-ന് ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ടൈറ്റന്‍ സെന്റോര്‍ റോക്കറ്റിലായിരുന്നു വോയേജര്‍ 2-ന്റെ വിക്ഷേപണം. തൊട്ടുപിന്നാലെ സെപ്റ്റംബറില്‍ തനിപ്പകര്‍പ്പായ വോയേജര്‍ 1 വിക്ഷേപിച്ചത്. വോയേജര്‍ 1 ന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായാലും ദൗത്യം സമ്പൂര്‍ണ വിജയമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് 1977 ല്‍ വോയേജര്‍ ദൗത്യം വിക്ഷേപിച്ചത്. 1980 ല്‍ ഇത് പൂര്‍ത്തിയാക്കി. ഇതിന് ശേഷം ഭൂമിയില്‍ നിന്ന് അകലങ്ങളിലേക്ക് സഞ്ചാരം തുടര്‍ന്നു. സൗരയൂഥം വിട്ട് ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസിലേക്ക് പ്രവേശിച്ച ആദ്യ മനുഷ്യനിര്‍മിത വസ്തുവാണ് വോയേജര്‍ 1. പിന്നാലെ തന്നെ വോയേജര്‍ 2 ഉം ഈ നേട്ടം കൈവരിച്ചു.
Content Highlights: Voyager 1 is back 4 instruments now fully operational again after 8 months