സന്തോഷത്തില്‍ നാസ; ബന്ധം നഷ്ടമായ 'വോയേജര്‍ 2' പേടകത്തില്‍നിന്ന് സിഗ്നല്‍ കിട്ടി

വോയേജര്‍ 2 പേടകം | Photo: Nasa
വോയേജര്‍ 2 പേടകം | Photo: Nasa

ദിവസങ്ങള്‍ നീണ്ട നിശബ്ദതയ്ക്ക് ശേഷം വോയേജര്‍ 2 പേടകത്തില്‍നിന്നുള്ള സിഗ്നല്‍ ലഭിച്ചു. ഒരാഴ്ച മുമ്പ് നാസയുടെ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സെന്ററില്‍നിന്ന് തെറ്റായ  നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വോയേജര്‍ 2-മായുള്ള ബന്ധം നഷ്ടമായത്. തെറ്റായ നിര്‍ദേശം ലഭിച്ചതോടെ വോയേജറിന്റെ ആന്റിന ഭൂമിയുമായുള്ള ബന്ധം നഷ്ടമാവും വിധം ചെരിയുകയായിരുന്നു. വോയേജറുമായുള്ള ബന്ധം എന്നന്നേക്കുമായി നഷ്ടമായേക്കുമെന്നും വിലയിരുത്തപ്പെട്ടു. 

ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ് വര്‍ക്ക് റേഡിയോ ആന്റിനകള്‍ ഉപയോഗിച്ചാണ് വോയേജര്‍ 2-ല്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുത്തത്. കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാര്‍ ഇപ്പോള്‍ വോയേജര്‍ 2-ന്റെ ആന്റിന ഭൂമിക്ക് നേരെ തിരിക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ അതിന് സാധിച്ചില്ലെങ്കില്‍ ഒക്ടോബറില്‍ പേടകം ഓട്ടോമാറ്റിക് റീസെറ്റ് ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടിവരും. 

1977 ഓഗസ്റ്റ് 20-ന് ഫ്‌ളോറിഡയിലെ കേപ് കനവെറല്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ടൈറ്റന്‍ സെന്റോര്‍ റോക്കറ്റിലായിരുന്നു വോയേജര്‍ 2-ന്റെ വിക്ഷേപണം. തൊട്ടുപിന്നാലെ സെപ്റ്റംബറിലാണ് തനിപ്പകര്‍പ്പായ വോയേജര്‍ 1 വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള ബഹിരാകാശ പേടകവും ഇത് തന്നെ. ഭൂമിയില്‍ നിന്നുള്ള സിഗ്നലുകള്‍ 18 മണിക്കൂര്‍ ഇടവേളയിലാണ് പേടകത്തില്‍ എത്തുക.

Content Highlights: NASA hears signal from Voyager 2 spacecraft