ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ഫെലോഷിപ്പ് ഡോ. സന്തോഷ് നമ്പിക്ക്

കോഴിക്കോട്: ദേശീയതലത്തിൽ ശാസ്ത്രരംഗത്തെ ഉന്നത ബഹുമതികളിലൊന്നായ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ഫെലോഷിപ്പിന് കാലിക്കറ്റ് സർവകലാശാല ബോട്ടണി പഠനവകുപ്പിലെ റിട്ടയേർഡ് സീനിയർ പ്രൊഫസർ ഡോ. സന്തോഷ് നമ്പി അർഹനായി.
സസ്യവർഗീകരണശാസ്ത്രരംഗത്ത് ദേശീയ-അന്തർദേശീയ തലങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഫെലോഷിപ്പിന് തിരഞ്ഞെടുത്തത്. സസ്യവർഗീകരണശാസ്ത്രം, സസ്യപരിണാമം, തന്മാത്രാ ഫൈലോജനി തുടങ്ങിയ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ശ്രദ്ധേയമാണ്. പശ്ചിമഘട്ടത്തിലെ സസ്യവൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളിലും നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള നൂറിലധികം ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണപ്രവർത്തനങ്ങളുടെ ഭാഗമായി നാൽപ്പതോളം പുതിയ സസ്യസ്പീഷീസുകളെ കണ്ടെത്തി ശാസ്ത്രീയമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ കോളേജ് ഡെവലപ്മെന്റ് ഡയറക്ടർ, ബോട്ടണി വകുപ്പ് മേധാവി, എസ്റ്റേറ്റ് ഓഫീസർ തുടങ്ങി വിവിധ ഭരണപരമായ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
തൊടുപുഴ വണ്ണപ്പുറം നമ്പ്യാപറമ്പിൽ കുടുംബാംഗമാണ്. റിട്ടയേർഡ് അധ്യാപിക ഷിബിയാണ് ഭാര്യ.
Content Highlights: Dr. Santhosh Nambi selected for the INSA Fellowship